റഷ്യന്‍ മിസൈല്‍ വാങ്ങാന്‍ ഖത്തര്‍; ആക്രമണ മുന്നറിയിപ്പുമായി സഊദി
ദോഹ: ഗള്‍ഫ് പ്രതിസന്ധിയുടെ ഒന്നാം വര്‍ഷത്തില്‍ സംഘര്‍ഷമൊഴിയാതെ പശ്ചിമേഷ്യ. റഷ്യയില്‍നിന്ന് ദീര്‍ഘദൂര മിസൈലുകള്‍ വാങ്ങാന്‍ ഖത്തര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇതിനെതിരേ സഊദിയും രംഗത്തെത്തി.
ദീര്‍ഘദൂര ഇനത്തില്‍പെട്ട എസ്-400 വ്യോമപ്രതിരോധ മിസൈല്‍ സംവിധാനമാണ് ഖത്തര്‍ റഷ്യയില്‍നിന്നു വാങ്ങുന്നത്. ഇത് ഖത്തര്‍ അധികൃതര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, റഷ്യയില്‍നിന്ന് മിസൈലുകള്‍ വാങ്ങിയാല്‍ ഖത്തറിനെതിരേ സൈനിക നടപടിയുണ്ടാകുമെന്ന് സഊദി മുന്നറിയിപ്പ് നല്കി.
ആയുധം വാങ്ങുന്നതു തടയാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സഊദി അധികൃതര്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് കത്തയച്ചതായി ഫ്രഞ്ച് പത്രം 'ലെ മോണ്ടെ' റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇക്കാര്യത്തില്‍ മാക്രോണിന്റെ ഓഫിസോ വിദേശകാര്യ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് സഊദിയുടെ നേതൃത്വത്തില്‍ വിവിധ അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധമേര്‍പ്പെടുത്തിയത്. ഖത്തര്‍ ഭീകരരെ സഹായിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. ആരോപണം നിഷേധിച്ച ഖത്തര്‍ കഴിഞ്ഞയാഴ്ച ഉപരോധരാജ്യങ്ങളുടെ ചരക്കുകള്‍ നിരോധിച്ച് ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."