HOME
DETAILS
MAL
കേരളത്തിലേക്ക് കൃത്രിമ പാല്‍ ഒഴുകുന്നു
backup
April 03 2020 | 02:04 AM
പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന കൃത്രിമപാല്‍ പരിശോധിച്ച് നടപടിയെടുക്കാനായി അതിര്‍ത്തിയില്‍ സ്ഥാപിച്ച ക്ഷീരവികസനവകുപ്പിന്റെ പാല്‍പരിശോധനാ കേന്ദ്രം കൊവിഡ് ഭീഷണിയെ തുടര്‍ന്ന് പൂട്ടി. മീനാക്ഷിപുരത്തെ പാല്‍ പരിശോധനാകേന്ദ്രമാണ് കഴിഞ്ഞ 26 മുതല്‍ 15 ദിവസത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇവിടെ പരിശോധന നിലച്ചതോടെ സ്വകാര്യ പാല്‍ ഉല്‍പ്പാദന കമ്പനികളുടെ കൃത്രിമപാല്‍ കേരളത്തിലേക്ക് ഒഴുകുകയാണ്.
കോയമ്പത്തൂര്‍ ജില്ലയിലെ പൊള്ളാച്ചി, ഉദുമല്‍പേട്ട, കരൂര്‍, പല്ലടം തുടങ്ങിയ പ്രദേശങ്ങളിലെ പത്തോളം സ്വകാര്യഡയറികളുടെ പാല്‍ ഇപ്പോള്‍ കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി എത്തിക്കുന്നുണ്ട്. കൊവിഡ് ഭീതിയുണ്ടെങ്കിലും പാല്‍ കേരളത്തിലേക്ക് കടത്തുന്നതിന് തടസമില്ല. ഇവിടേക്ക് എത്തുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ പകരം സംവിധാനവും ക്ഷീരവികസനവകുപ്പ് ഏര്‍പ്പെടുത്തിയിട്ടില്ല. ഇടുക്കി, തൃശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കാണ് പ്രധാനമായും സ്വകാര്യ കമ്പനികളുടെ പാല്‍ കൊണ്ടുപോകുന്നത്. കൂടുതലും പലചരക്ക് കടകളിലാണ് സ്വകാര്യ കമ്പനികളുടെ പായ്ക്കറ്റ് പാല്‍ ഇപ്പോള്‍ വിറ്റുകൊണ്ടിരിക്കുന്നത്.
വിതരണത്തിന് എത്തിക്കുന്ന 70 ശതമാനം പാലിലും മായം കലരുന്നതായി ഭക്ഷ്യസുരക്ഷാവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. പാല്‍പ്പൊടി, യൂറിയ, മാള്‍ട്ടോ ഡെക്‌സ്ട്രിന്‍ എന്ന രാസവസ്തു തുടങ്ങിയവ പാലില്‍ ചേര്‍ക്കുന്നതായാണ് കണ്ടെത്തിയത്. മില്‍മ പാലിനോട് സാമ്യം തോന്നുന്ന പായ്ക്കറ്റുകളിലാണ് ഈ പാലുകളും എത്തിക്കുന്നത്. മില്‍മ പാലിന്റെ അതേവിലയ്ക്കാണ് വില്‍പ്പന. പെട്ടെന്ന് കേടാകാതിരിക്കാന്‍ ഫിനോയില്‍, ഫോര്‍മാലിന്‍ തുടങ്ങിയ ലായനികളും പാലില്‍ കലര്‍ത്തുണ്ട്. പാല്‍ കയറ്റപ്പോകുന്ന വാഹനങ്ങളെ ചെക്‌പോസ്റ്റുകളില്‍ പരിശോധിക്കാത്തതും ഇവര്‍ക്ക് സഹായകമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."