ശംഖുംമുഖം ആര്‍ട്ട് മ്യൂസിയം നാടിന് സമര്‍പ്പിച്ചു
തിരുവനന്തപുരം: ശംഖുംമുഖം തെക്കേകൊട്ടാരത്തില്‍ ആര്‍ട്ട് മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
കോര്‍പറേഷന്റെ മേല്‍നോട്ടത്തിലുള്ള മ്യൂസിയത്തില്‍ സമകാലീന ചിത്രകലയുടെ നേരനുഭവം തദ്ദേശീയര്‍ക്കും വിദേശ വിനോദസഞ്ചാരികള്‍ക്കും ലഭ്യമാക്കുന്ന ഇടമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയ അന്തര്‍ദേശീയ ശ്രദ്ധേയരായവര്‍ ഉള്‍പ്പെടെയുള്ള കലാകാരന്‍മാരുടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, കേരളീയ ചിത്രശില്‍പ കലകള്‍ക്ക് സ്വയംപര്യാപ്ത വിപണി ലഭ്യമാക്കുക, നവാഗത കലാകാരന്‍മാര്‍ക്ക് വേദിയും സ്‌കോളര്‍ഷിപ്പ് പോലുള്ള സൗകര്യങ്ങളും സജ്ജമാക്കുക, ലോകത്തെ ഇതര കലാമ്യൂസിയങ്ങളും ഗ്യാലറികളുമായി സഹകരിച്ച് എക്‌സ്‌ചേഞ്ച് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, ദൃശ്യകലയേക്കുറിച്ചും ഇതര കലാസാംസ്‌ക്കാരിക രംഗങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ സംഘടിപ്പിക്കുക, ഇത് സംബന്ധിച്ചുള്ള പുസ്തകങ്ങളും ജേര്‍ണലുകളും പ്രസിദ്ധീകരിക്കുക തുടങ്ങിയ വിവിധ പരിപാടികള്‍ക്ക് മ്യൂസിയം മുന്‍കൈയെടുക്കും.
ഇവിടെ പ്രമുഖരായ കലാചരിത്രകാരന്‍മാരും അധ്യാപകരും ഉള്‍പ്പെടെയുള്ള ക്യൂറേറ്റര്‍മാര്‍ ചിത്രകാരന്‍മാരുടെ സൃഷ്ടികള്‍ തെരഞ്ഞെടുത്ത് പ്രദര്‍ശിപ്പിക്കും. ഇതോടൊപ്പം ചിത്രകലാ വര്‍ക്ക്‌ഷോപ്പുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ആര്‍ട്ട് അപ്രീസിയേഷന്‍ കോഴ്‌സുകള്‍, സെമിനാറുകള്‍ എന്നിവയും സംഘടിപ്പിക്കും.
ശില്‍പി കാനായി കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ പ്രമുഖരായ കലാസാംസ്‌ക്കാരിക പ്രവര്‍ത്തകരടങ്ങുന്ന സമിതിയാണ് മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. 'ആര്‍ട്ടീരിയ' ചുമര്‍ച്ചിത്ര പദ്ധതിയുടെ ക്യൂറേറ്റര്‍ ഡോ. ജി.അജിത്കുമാറാണ് മ്യൂസിയത്തിന്റെ ഡയറക്ടര്‍. പുതുതലമുറയിലെ ശ്രദ്ധേയരായ ഒന്‍പത് കലാകാരന്‍മാരുടെ ചിത്രങ്ങളാണ് ഉദ്ഘാടന പ്രദര്‍ശനമായി ഒരുക്കിയത്. അജി അടൂര്‍, അഹല്യ എ.എസ്, ജഗേഷ് എടക്കാട്, ലീന രാജ് ആര്‍, കെ. മത്തായി, ഷൈന്‍ കൊല്ലാട്, സുജിത്ത് എസ്.എന്‍, സുമേഷ് കാമ്പല്ലൂര്‍, വൈശാഖ് കെ. തുടങ്ങിയവരുടെ അന്‍പതോളം ചിത്രങ്ങളാണ് 'റീബൗണ്ട്‌സ്' എന്നു പേരിട്ട പ്രദര്‍ശനത്തിലുള്ളത്. ജൂലൈ 31 വരെ ഈ പ്രദര്‍ശനം നീളും. പ്രശസ്ത കലാചരിത്രകാരന്‍ ജോണി എം.എ ക്യൂറേറ്റ് ചെയ്യുന്ന 'ബോഡി', പ്രശസ്ത ചിത്രകാരിയായ സജിതാ ശങ്കര്‍ ക്യൂറേറ്റ് ചെയ്യുന്ന നാഷണല്‍ വിമന്‍ ആര്‍ട്ടിസ്റ്റ് ഷോ എന്നീ ദേശീയ പ്രദര്‍ശനങ്ങളാണ് തുടര്‍ന്ന് നടക്കുക.
രാവിലെ പത്ത് മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് ശംഖുമുഖം ആര്‍ട്ട് മ്യൂസിയം പ്രവര്‍ത്തിക്കുക. മുതിര്‍ന്നവര്‍ക്ക് 30 രൂപയും, ഏഴുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."