പാണ്ടിക്കുടിയിലെ വിദേശമദ്യ വില്‍പനശാല വീണ്ടും തുറന്നു
മട്ടാഞ്ചേരി: എട്ട് ദിവസം നീണ്ട് നിന്ന സമരങ്ങള്‍ക്കൊടുവില്‍ നഗരസഭ ഇടപെട്ട് പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ച പാണ്ടിക്കുടിയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യവില്‍പ്പന ശാല വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ബുധനാഴ്ചയാണ് നഗരസഭയുടെ ഉത്തരവിനെ തുടര്‍ന്ന് മദ്യശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിയത്. ഈ ഉത്തരവിനെതിരേ കണ്‍സ്യൂമര്‍ ഫെഡ് ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഉത്തരവ് തടയുകയുമായിരുന്നു. നേരത്തേ മദ്യവില്‍പന ശാലക്ക് നഗരസഭ ലൈസന്‍സ് നിഷേധിച്ചിരുന്നു. എന്നിട്ടും മദ്യവില്‍പനശാല അടക്കാതെ വന്നപ്പോള്‍ അടച്ച് പൂട്ടി സീല്‍ ചെയ്യുമെന്ന് കാണിച്ച് നഗരസഭ കണ്‍സ്യൂമര്‍ ഫെഡിന് നോട്ടീസ് നല്‍കി.
എന്നിട്ടും പ്രവര്‍ത്തനം നിര്‍ത്താതെ വന്നപ്പോള്‍ നഗരസഭ അധികൃതര്‍ ജനകീയ രോഷത്തെ തുടര്‍ന്ന് സീല്‍ ചെയ്യാന്‍ എത്തിയെങ്കിലും മദ്യത്തിന്റെ കണക്കെടുക്കുന്നതിനും മദ്യം മാറ്റുന്നതിനും സമയം അനുവദിക്കണമെന്നും പ്രവര്‍ത്തനം നിര്‍ത്തുകയാണെന്നും കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ പറഞ്ഞത് നഗരസഭ അംഗീകരിക്കുകയായിരുന്നു.
എന്നാല്‍ സമരക്കാരില്‍ ഒരു വിഭാഗം സീല്‍ ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നെങ്കിലും കെ.എല്‍.സി.എയുടെ നേതൃത്വത്തിലുള്ളവര്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തില്‍ സീല്‍ ചെയ്യാതെ പോയതാണ് കണ്‍സ്യൂമര്‍ ഫെഡിന് കോടതിയെ സമീപിക്കാന്‍ അവസരം ലഭിച്ചതെന്നാണ് ആക്ഷേപം. നഗരസഭയും കണ്‍സ്യൂമര്‍ ഫെഡും തമ്മില്‍ ഒത്ത് കളിക്കുകയായിരുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കോടതിയില്‍ പോകാന്‍ അവസരം നല്‍കുക വഴി തങ്ങള്‍ കുറ്റക്കാരല്ലന്ന് വരുത്തി തീര്‍ക്കാനാണ് നഗരസഭ ശ്രമിച്ചതെന്നും ആക്ഷേപം ശക്തമായിട്ടുണ്ട്. പൊലീസ് കാവലിലാണ് ഇവിടെ ഇപ്പോള്‍ മദ്യവില്‍പന നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."