ലീലാ അക്കയുടെ ഗതി ഒരമ്മക്കും വരരുതേ..
പാലക്കാട്: കാലത്തിനൊത്ത് മാറുന്ന മനുഷ്യ മനഃസാക്ഷിയുടെ മറ്റൊരു വികൃതരൂപമാണ് പത്തു വര്‍ഷമായി വണ്ടാഴി ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ താമസിച്ചിരുന്നുന്ന ലീലാ അക്ക. മാനസികാസ്വസ്ഥത അനുഭവിക്കുന്ന ഇവര്‍ മണ്ണാര്‍ക്കാട് സ്വദേശിയാണ്. മക്കള്‍ ഉപേക്ഷിക്കപ്പെട്ട ഇവര്‍ എങ്ങനെ ഇവിടെ എത്തിച്ചേര്‍ന്നതെന്നു ചോദിച്ചാല്‍ ആര്‍ക്കും മറുപടിയില്ല. ലീലാക്കയെ സംബന്ധിച്ച് ഈ തെരുവ് സുഖവാസസ്ഥലമായിരുന്നു.
മഴയത്ത് ഒലിച്ചിറങ്ങുന്ന വെള്ളത്തില്‍ കിടപ്പ്, തൊട്ടടുത്ത ചയക്കടകളില്‍ നിന്ന് ഭക്ഷണം കഴിച്ചും, ബസ് കയറാനെത്തുന്നവരോട് സുഖവിവരം അന്വേഷിച്ചും ഈ തെരുവില്‍ കാലങ്ങളായി കഴിഞ്ഞ് കൂടുകയായിരുന്നു ഈ വയോധിക. കടകളിലും മറ്റും പണിയെടുത്ത് കിട്ടുന്ന പണം തന്റെ മക്കള്‍ക്കായി കരുതിയിരുന്ന ലീലാമ്മ പലപ്പോഴും കരഞ്ഞും ചിരിച്ചും തന്റെ മക്കളെക്കുറിച്ച് യാത്രക്കാരോട് വാചാലയാകുന്ന പ്രകൃതക്കാരിയാണ്. ജീവിതത്തെക്കുറിച്ച് യാതൊരു പ്രതീക്ഷയും പരാതിയുമില്ലാതെ പത്തുവര്‍ഷമായി സംരക്ഷണവുമില്ലാത്ത ബസ് സ്റ്റോപ്പ് കെട്ടിടത്തില്‍ ജീവിതം തള്ളിനീക്കുകയായിരുന്ന ഇവരെ ദേഹാസ്വസ്ഥ്യം മൂലം അവശതനേരിട്ടതോടെ നാട്ടുകാരും പൊലിസും ചേര്‍ന്ന് മംഗലം അനാഥ അഗതി മന്ദിരത്തില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവിടെയെത്തിച്ചപ്പോള്‍ ലീലാ അക്കയുടെ ഭാണ്ഡക്കെട്ടില്‍ നിന്നും 1100 രൂപയാണ് ലഭിച്ചത്. ആരുടെയും മോഷ്ടിച്ചതല്ല, മാനസിക പ്രശ്‌നമുണ്ടെങ്കിലും തന്നെ ഉപേക്ഷിച്ചുപോയ തന്റെ മക്കള്‍ക്കായി കരുതിവച്ചിരുന്നതാണത്. പത്ത് വര്‍ഷത്തിന് ശേഷം ലീലാ അക്ക ദൈവദാസന്‍ അഭയകേന്ദ്രത്തില്‍ സുരക്ഷയാണ്. അങ്ങനെ ഉറ്റവര്‍ ഉപേക്ഷിച്ച ഒരുപാട് അമ്മമാരുടെ പട്ടികയിലേക്ക് ഒരു പേരുംകൂടി ചേര്‍ക്കപ്പെട്ടു. എല്ലാവരുമുണ്ടായിട്ടും സംരക്ഷിക്കാന്‍ ആരുമില്ലാതെ തെരുവിലാകപ്പെടുന്ന ഒരുപാട് മാതൃത്വങ്ങളുടെ ഒരു നേര്‍ചിത്രമാണ് ലീലാ അക്ക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."