HOME
DETAILS
MAL
ആളുകളെക്കൂട്ടി വീട്ടില്‍ പിറന്നാളാഘോഷം: അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ക്രൂരമര്‍ദനം
backup
April 03 2020 | 07:04 AM
ശാസ്താംകോട്ട (കൊല്ലം): ലോക്ക് ഡൗണ്‍ നിലനില്‍ക്കെ ആളുകളെക്കൂട്ടി വീട്ടില്‍ പിറന്നാളാഘോഷം നടത്തിയത് അന്വേഷിക്കാനെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു ക്രൂര മര്‍ദനം.
ശാസ്താംകോട്ട ഭരണിക്കാവ് അശ്വതിമുക്കിനു സമീപം ഫൈസലിന്റെ വീട്ടിലാണ് വിലക്കു ലംഘിച്ചു പിറന്നാളാഘോഷം സംഘടിപ്പിച്ചത്. വീട്ടില്‍ കൂടുതല്‍ ആളുകള്‍ കൂടിയത് അറിഞ്ഞെത്തിയ ശൂരനാട് സാമൂഹ്യാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍രാജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിബു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഫൈസല്‍ (30), അഫ്സല്(28), ഫൈസലിന്റെ ഭാര്യാപിതാവും പത്തനംതിട്ട കുമ്പഴ സ്വദേശിയുമായ ഷറഫുദ്ദീന് (49) എന്നിവരെ ശാസ്താംകോട്ട പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. സിദ്ധീഖിന്റെ വീട്ടില്‍ പത്തനംതിട്ടയില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ ആളുകള്‍ പങ്കെടുത്ത് പിറന്നാളാഘോഷം സംഘടിപ്പിച്ചത് അറിഞ്ഞെത്തിയതായിരുന്നു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. വിവരം തിരക്കുന്നതിനിടെ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും മൂവരും ചേര്‍ന്ന്
ആക്രമിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥര്‍ പുറത്തേക്കു പോകാതിരിക്കാന്‍ ഗേറ്റ് പൂട്ടിയിട്ട ശേഷമായിരുന്നു ആക്രമണം.
ഇതിനിടെ സുനില്‍രാജ് ഫോണില്‍ പൊലിസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലിസെത്തിയാണ് ഗേറ്റ് തുറന്ന് ഉദ്യോസ്ഥരെ രക്ഷപ്പെടുത്തിയത്. ആക്രമണത്തില്‍ പരുക്കേറ്റ ഉദ്യോഗസ്ഥരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥര്‍ വീട്ടില്‍ അതിക്രമം കാണിച്ചെന്നു വരുത്തിത്തീര്‍ക്കാന്‍ വീടിന്റെ ജനല്‍ച്ചില്ലുകളും മുറ്റത്തു കിടന്ന കാറിന്റെ ചില്ലും പ്രതികള്‍ തന്നെ അടിച്ചു തകര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."