കോട്ടമലയില്‍ സ്വന്തം പേരില്‍ ഭൂമിയുണ്ട്; വസ്തു ഏതാണെന്ന് ആര്‍ക്കും അറിയില്ല
പാലാ: രാമപുരം കോട്ടമലയില്‍ ഭൂമി പതിച്ചു കിട്ടിയവര്‍ക്ക് സ്വന്തം പേരിലുള്ള ഭൂമിയുടെ അതിര്‍ത്തി തിരിച്ചറിയാനാകുന്നില്ല. വസ്തുവിന് കരം അടയ്ക്കുന്നുണ്ടെങ്കിലും കോട്ടമലയില്‍ ഏതു ഭാഗത്താണ് തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയെന്ന് ഇവര്‍ക്കറിയില്ല. ഇതുസംബന്ധിച്ചു യാതൊരു രേഖയും സാധാരണക്കാരുടെ കൈവശം ഇല്ലെന്നതാണ് വസ്തുത.
ഭൂമി പതിച്ചു കിട്ടിയെന്ന് രേഖകളില്‍ പേരുള്ളവര്‍ക്ക് അതിരുകള്‍ അളന്നു തിരിച്ച് വ്യക്തമാക്കി നടപ്പില്‍ വരുത്താന്‍ വര്‍ഷങ്ങളായി റവന്യു ഉദ്യോഗസ്ഥര്‍ തയാറാകാത്തതിനാലാണ് സ്വന്തം പേരിലുള്ള ഭൂമി ഏതെന്ന് അറിയാതെ ഇവര്‍ നെട്ടോട്ടമോടുന്നത്. 1977-80 കാലഘട്ടത്തിലാണ് ഭൂവുടമയുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തതായി രേഖകളുണ്ടാക്കിയത്. പേരില്‍ ഭൂമിയുണ്ടെങ്കിലും ഉടമയുടെ കൈവശം ഭൂമി തുടരുകയായിരുന്നു. അന്ന് മുതല്‍ ഭൂമി അളന്നു തിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റവന്യു, വില്ലേജ് ഓഫിസുകള്‍ കയറിയിറങ്ങി. എന്നാല്‍ അതിനു വിസമ്മതിച്ച റവന്യു ഉദ്യോഗസ്ഥര്‍ക്ക് പാറമട ലോബിക്ക് ഈ ഭൂമിയെല്ലാം വാങ്ങിക്കൂട്ടുമ്പോള്‍ രേഖകളുണ്ടാക്കുന്നതിന് നിയമ തടസങ്ങളുണ്ടായിരുന്നില്ല.
രേഖകള്‍ കൈവശമുള്ള ചിലര്‍ എന്നെങ്കിലും ഭൂമി കൈവശം വരുമെന്ന പ്രതീക്ഷയില്‍ സമീപകാലം വരെ കരമടച്ചിരുന്നു. പ്രതീക്ഷകള്‍ അസ്തമിച്ചതോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. ഭൂവുടമയെ പേടിച്ചും ആദ്യകാലത്ത് മിച്ചഭൂമി ലഭിച്ചവര്‍ തുടര്‍നടപടികളുമായി മുന്നോട്ടു പോയില്ല. തുടര്‍ന്ന് സാഹചര്യങ്ങള്‍ മാറിയങ്കിലും ഉദ്യോഗസ്ഥരുടെ നിസ്സഹകരണം കാരണം ശ്രമങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. പാറമട ലോബി കോട്ടമലയില്‍ ഖനനത്തിന് ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ മിച്ച ഭൂമിയെ സംബന്ധച്ചു പരിശോധ നടത്തണമെന്ന് സംരക്ഷണസമിതി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതോടെയാണ് റവന്യു വകുപ്പ് പരിശോധനക്ക് പ്രാഥമിക നടപടികള്‍ തുടങ്ങിയത്.
രേഖകളില്‍ പേരുള്ളവരില്‍ ചിലര്‍ ആ വിവരം അറിഞ്ഞിരുന്നില്ല. സമീപകാലത്ത് സംഭവം വിവാദമായതോടെയാണ് തങ്ങള്‍ക്കും കോട്ടമലയില്‍ ഭൂമിയുണ്ടന്ന് തിരിച്ചറിഞ്ഞത്. അതേസമയം വ്യാജ മേല്‍വിലാസങ്ങളുണ്ടാക്കി ഇല്ലാത്ത ആളുകളുടെ പേരിലും ഭൂമി പതിച്ചു നല്‍കിയതായി നാട്ടുകാര്‍ പറയുന്നു. ഭൂമി ലഭിച്ചവരുടെ ലിസ്റ്റില്‍ പേരുള്ളവരുടെ അനന്തരവകാശികളും അധികാരികളെ സമീപിച്ചിരിക്കുകയാണ്. മിച്ചഭൂമി പതിച്ചു നല്‍കിയപ്പോള്‍ സ്വീകരിച്ചതായി രേഖകളില്‍ ഉള്‍പ്പെട്ടിട്ടുള്ള 70 ആളുകളോടും മീനച്ചില്‍ തഹസില്‍ദാര്‍ നേരിട്ട് ഹാജരാകുവാന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഹിയറിങ്ങില്‍ 45 ആളുകള്‍ പങ്കെടുത്തു. അതേസമയം ഹിയറിങ്ങില്‍ പങ്കെടുത്തവരോട് ചോദ്യാവലികള്‍ തയാറാക്കി വിവരങ്ങള്‍ ആരാഞ്ഞത് മിച്ചഭൂമി ഉടമകളെ കുഴക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."