ജില്ലയില്‍ പ്ലാസ്റ്റിക് കവറുകള്‍ക്ക് നിരോധനം
കൊല്ലം: ജില്ലയില്‍ ഇന്നു മുതല്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകളുടെ വിപണനം സമ്പൂര്‍ണമായി നിരോധിച്ചതായി ജില്ലാ കലക്ടര്‍ ഡോ. മിത്ര റ്റി അറിയിച്ചു. അനധികൃത പ്ലാസ്റ്റിക് കവറുകളുടെ വില്‍പ്പന തടഞ്ഞ് നിരോധനം കര്‍ശനമായി നടപ്പാക്കുന്നുവെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
2016 ലെ കേന്ദ്ര സര്‍ക്കാരിന്റെ പ്ലാസ്റ്റിക് മാനേജ്‌മെന്റ് നിയമം, സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ എന്നിവയനുസരിച്ചാണ് നിരോധനം. ഇന്നു മുതല്‍ വില്‍പ്പന സാധനങ്ങള്‍ 50 മൈക്രോണില്‍ കുറയാത്ത പ്ലാസ്റ്റിക് കാരി ബാഗുകളില്‍ മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂ. പ്ലാസ്റ്റിക് കാരി ബാഗുകള്‍ കടകളില്‍ നിന്നു സൗജന്യമായി നല്‍കാന്‍ പാടില്ല. 50 മൈക്രോണോ അതിന് മുകളിലോ ഉള്ള കാരി ബാഗുകള്‍ ഉപയോഗിക്കുന്ന തെരുവ് കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ വ്യാപാരികളും അതാത് തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം.
ഒരു മാസം കുറഞ്ഞത് 4000 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് 48,000 രൂപ പ്ലാസ്റ്റിക് പരിപാലന ഫീസായി വ്യാപാരികളില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കും. ഉപയോഗത്തിന്റെ തോത് അനുസരിച്ച് കൂടുതല്‍ തുക നല്‍കണം. രജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികള്‍ ഒരു തരത്തിലുള്ള പ്ലാസ്റ്റിക് കാരി ബാഗുകളിലും സാധനങ്ങള്‍ വില്‍ക്കാന്‍ പാടില്ല.
പ്ലാസ്റ്റിക് കാരി ബാഗുകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന വ്യാപാരികള്‍ അതിന് വില ഈടാക്കുന്നതാണ് എന്ന ബോര്‍ഡ് കച്ചവട സ്ഥാപനങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണം.
പ്ലാസ്റ്റിക് കാരി ബാഗുകളുടെ അനധികൃത വിതരണം, ഉപയോഗം എന്നിവ തടയുന്നതിനായി കടകളിലും മാര്‍ക്കറ്റുകളിലും തദ്ദേശ സ്ഥാപനങ്ങളുടെ പരിശോധന ഇന്ന് മുതല്‍ വ്യാപകമാക്കണം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയിലെ 4 നഗരസഭകളും 68 ഗ്രാമ പഞ്ചായത്തുകളും കൊല്ലം കോര്‍പ്പറേഷനും പ്ലാസ്റ്റിക് കവറുകളുടെ നിരോധനം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതായി ജില്ലാ ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ജി കൃഷ്ണകുമാര്‍ പറഞ്ഞു. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇത്തരത്തില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്ന ആദ്യ ജില്ലയാണ് കൊല്ലം. പരവൂര്‍ മുനിസിപ്പാലിറ്റിയും ആദിച്ചനല്ലൂര്‍ ഗ്രാമ പഞ്ചായത്തും വ്യാപാരികളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഫീസ് ഈടാക്കുന്ന നടപടികള്‍ നേരത്തേ ആരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."