സുരക്ഷാ മതില്‍ പൊളിച്ച് നീക്കി: നാല് കുടുംബങ്ങളുടെ വീട് അപകട ഭീഷണിയില്‍
മാനന്തവാടി: റോഡിന്റെ വീതി കൂട്ടുന്നതിനായി നേരത്തേയുണ്ടായിരുന്ന സുരക്ഷാ മതില്‍ പൊളിച്ച് മണ്ണെടുത്തതിനെ തുടര്‍ന്ന് നാല് നിര്‍ധന കുടുംബങ്ങളുടെ വീടുകള്‍ അപകട ഭീഷണിയിലായി.
വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ നടക്കല്‍ ഉപ്പുനട കോക്കടവ് റോഡിന് വീതികൂട്ടാന്‍ വേണ്ടിയായിരുന്നു ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മണ്ണെടുത്തത്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം എട്ട് മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുന്നത്. ഏറെ പ്രാധാന്യമില്ലാത്ത റോഡായതിനാലും റോഡിനിരുവശവും അഞ്ചും പത്തും സെന്റ് ഭൂമിയില്‍ വീടുകള്‍ നിര്‍മിച്ച് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ ഉള്ളതിനാലും റോഡിന്റെ പ്രവൃത്തികള്‍ ആരംഭിച്ചപ്പോള്‍ തന്നെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. തുടര്‍ന്ന് കരാറുകാരനും പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരും ഭീഷണിയുള്ള ഭാഗങ്ങള്‍ കെട്ടി സംരക്ഷിക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് റോഡ് നിര്‍മിക്കാന്‍ നാട്ടുകാര്‍ സമ്മതം നല്‍കിയത്. നേരത്തേ ഉണ്ടായിരുന്ന കരിങ്കല്‍ ഭിത്തികള്‍ പൊളിച്ച് മാറ്റി റോഡ് നിര്‍മാണം തുടങ്ങിയെങ്കിലും പകരം ഭിത്തി നിര്‍മ്മിക്കാന്‍ ഇതുവരെയും അധികൃതര്‍ തയ്യാറായിട്ടില്ല. ഇതിനിടെയിലാണ് കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ നാല് വീടുകളുടെ മുന്‍വശത്തെ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണത്. ഇതോടെ കാട്ടിപ്പരുത്തി ആലി, സഹോദരി ആയിശ, പാറക്കല്‍ ആസ്യ, കുഞ്ഞാമി എന്നിവരുടെ വീടുകളാണ് അപകട ഭീഷണിയിലായത്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ആയിശയുടെ വീടിന്റെ ചുമരില്‍ വിള്ളല്‍ വീണിട്ടുമുണ്ട്. ഈ കുടുംബങ്ങള്‍ തന്നെ നേരത്തേ നിര്‍മിച്ച സുരക്ഷാ മതിലാണ് കരാറുകാരന്‍ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. ആസ്യയുടെ വീടിന് മുന്നില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷത്തോളം രൂപ ചിലവഴിച്ച് നിര്‍മിച്ച മതിലാണ് പൊളിച്ച് നീക്കി റോഡിന് വീതി കൂട്ടിയത്. വിടിനോട് ചേര്‍ന്ന കിണറും ഇപ്പോള്‍ അപകട ഭീഷണിയിലാണുള്ളത്. 2011 ല്‍ പി.എം.ജി.എസ്.വൈയില്‍ ഉള്‍പ്പെടുത്തി കരാര്‍ വച്ചെങ്കിലും ആരും ഏറ്റെടുക്കാതിരുന്ന റോഡാണ് പുനര്‍ലേലത്തിലൂടെ 2013 ല്‍ പ്രദേശവാസി കൂടിയായ കരാറുകാരന്‍ ഏറ്റെടുത്തത്.
പ്രവൃത്തികള്‍ പുര്‍ത്തിയാകേണ്ട കാലാവധി കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും നിരവധി പരാതികളാണ് കരാറുകാരനെതിരെ ഉയര്‍ന്നത്. വര്‍ഷകാലമെത്തിയതോടെ തങ്ങള്‍ നിര്‍മിച്ച സുരക്ഷാമതില്‍ പൊളിച്ചുമാറ്റിയ അധികൃതരുടെ നടപടിയില്‍ വീടുകളില്‍ ഭീതിയോടെ കഴിയുകയാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."