അതിഥി തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വം പ്രധാനം: ഹൈക്കോടതി
കൊച്ചി: അതിഥി തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വം പ്രധാനമാണെന്ന് ഹൈക്കോടതി. അതിഥി തൊഴിലാളികള്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കുക എന്നത് ഒരു പ്രശ്‌നമാണെന്ന് അമിക്കസ് ക്യൂറി ബോധിപ്പിച്ചപ്പോഴാണ് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടത്.
സാമൂഹിക സുരക്ഷിതത്വം ഇല്ലാതെ സാമൂഹിക അകലം കൊണ്ട് കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ കാര്യങ്ങള്‍ കുഴപ്പമില്ലാതെയാണ് പോകുന്നതെന്ന് തോന്നുന്നതായി കോടതി പറഞ്ഞു.
അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുമ്പോഴാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശം.
പലയിടങ്ങളിലും കരാറുകാര്‍ തന്നെയാണ് അവരുടെ ദൈനംദിന ചെലവുകള്‍ നോക്കുന്നതെന്ന് അമിക്കസ് ക്യൂറി ഇന്ന് കോടതിയില്‍ ബോധിപ്പിച്ചു. പ്രാഥമിക മേല്‍നോട്ട ചുമതല മാത്രമാണ് കരാറുകാര്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. പല കരാറുകാരും തൊഴിലാളികളെ പുറത്താക്കുന്ന അവസ്ഥ ഉണ്ടായിരുന്നെന്നും ഇപ്പോള്‍ അതില്‍ കുറവുണ്ടെന്നും അമിക്കസ് ക്യൂറി കോടതിയില്‍ ബോധിപ്പിച്ചു.
പല സന്നദ്ധ സംഘടനകളും കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. കരാറുകാര്‍ വഴിയല്ലാതെ എത്തിയ തൊഴിലാളികള്‍ക്ക് കമ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ടെലിവിഷനും കാരംസും അടക്കമുളള വിനോദ ഉപാധികള്‍ പലയിടത്തും നല്‍കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ സ്വയം ഭക്ഷണം ഉണ്ടാക്കി കഴിക്കാന്‍ അനുവദിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ പ്രാദേശിക, ജില്ല, സംസ്ഥാന തലത്തില്‍ കാര്യക്ഷമമായ നിരീക്ഷണം ഉണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
താലൂക്ക് ലീഗല്‍ സര്‍വിസസ് അതോറിറ്റിയും നോഡല്‍ ഓഫിസറും സംയുക്തമായി പ്രവര്‍ത്തിക്കണം. അപ്പോള്‍ സൂക്ഷ്മതലത്തില്‍ കാര്യങ്ങള്‍ നടപ്പാക്കാന്‍ പറ്റുമെന്നും കോടതി അഭിപ്രായപ്പെട്ടു. തൊഴിലാളികള്‍ക്കായി ഹെല്‍പ് ലൈന്‍ സൗകര്യം ഒരുക്കിയെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. കേസ് ഈ മാസം 17ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."