സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളത്തിന്റെ 60 ശതമാനം സഊദി സര്‍ക്കാര്‍ വഹിക്കും, മൂന്ന് മാസത്തെ സ്വദേശി ജീവനക്കാരുടെ ശമ്പളത്തിന്റെ 60 ശതമാനമാണ് സര്‍ക്കാര്‍ നല്‍കുക
ജിദ്ദ: സഊദിയില്‍ കൊവിഡ് മൂലം പ്രതിസന്ധിയിലായ സ്വകാര്യ മേഖലയിലെ സഊദി ജീവനക്കാരുടെ ശമ്പളത്തിന്റെ അറുപത് ശതമാനം സര്‍ക്കാര്‍ വഹിക്കും. ഇതിനായി ഒന്‍പത് ബില്യണ്‍ റിയാലിന്റെ സഹായം നീക്കിവച്ചതായുള്ള സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പുറത്തിറങ്ങി.
സാമൂഹിക സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സഹായം നല്‍കുക. ഇതിനായി, നിബന്ധനകള്‍ പാലിച്ച കമ്പനികള്‍ക്കെല്ലാം സഹായം ലഭിക്കും. 12 ലക്ഷം സഊദി ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. മൂന്ന് മാസമാണ് ശമ്പളത്തിന്റെ അറുപത് ശതമാനം സര്‍ക്കാര്‍ വഹിക്കുക.
സ്വകാര്യ മേഖലയിലെ സ്വദേശികളുമായുള്ള കരാര്‍ തൊഴില്‍ സ്ഥാപനം റദ്ദാക്കാതിരിക്കാനാണ് ഭരണകൂടത്തിന്റെ സഹായം. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷൂറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത ശമ്പളതുകയുടെ അറുപത് ശതമാനമാണ് ഇപ്രകാരം ലഭിക്കുക. ഇതിനുള്ള അപേക്ഷകള്‍ കമ്പനികള്‍ക്ക് നല്‍കാം. അടുത്ത മാസം മുതല്‍ ലഭിക്കുന്ന ശമ്പളത്തില്‍ ആനുകൂല്യം ലഭ്യമാകും.
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദിയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കി വരുന്നത്. ഇത്തരം നിയന്ത്രണങ്ങള്‍ സ്വകാര്യമേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ടെന്നതിനാല്‍ ഇത് പരിഹരിക്കുന്നതിനായി നേരത്തെ മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം 17 ബില്ല്യണ്‍ സഊദി റിയാല്‍ അനുവദിച്ചിരുന്നു.
പ്രധാനമായും സ്വകാര്യ മേഖലയിലെ സാമ്പത്തിക, തൊഴില്‍ പ്രതിസന്ധികള്‍ പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായി രാജ്യം സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായാണിതെന്ന്, മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയ വക്താവ് നാസര്‍ ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹസാനി അഭിപ്രായപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."