കഴിഞ്ഞ 35 വര്‍ഷമായി എന്റെ ജീവിതം ഈ പാലത്തിന് താഴെ ലോക്കാണ് സര്‍
നെടുമങ്ങാട്: 'കൊറോണക്കാലമാണ്...അമ്മാവാ, ഇറങ്ങി നടക്കരുത്...ലോക്ക്ഡൗണാണ്'. ജീപ്പിലെത്തിയ പൊലിസുകാരന്‍ റോഡിലെ പാലത്തില്‍ നിന്ന വൃദ്ധനോട് പറഞ്ഞു. പാലം ചൂണ്ടിക്കാട്ടി വൃദ്ധന്‍ പറഞ്ഞു. 'എന്റെ വീട് ഈ പാലമാണ്, ഇവിടെ വിട്ട് എവിടെ പോകാന്‍'.
പാലത്തിനടിയിലേക്ക് ഇറങ്ങി പോയ വൃദ്ധന് പിന്നാലെ പൊലിസുകാരനും ചെന്നു. അയാള്‍ പറഞ്ഞത് ശരിയായിരുന്നു. പാലത്തിന്റെ വലിയ കോണ്‍ക്രീറ്റ് സ്ലാബിന്റെ ഇടയില്‍ കീറിയ പ്ലാസ്റ്റിക് ചാക്കുകള്‍ കൊണ്ടു മറച്ച കുടിലിനുള്ളിലേക്ക് വൃദ്ധന്‍ കുനിഞ്ഞു കയറി പോകുന്നത് അയാള്‍ കണ്ടു. തിരുവനന്തപുരം - തെങ്കാശി അന്തര്‍സംസ്ഥാന പാതയില്‍ നെടുമങ്ങാട് പഴകുറ്റിയിലാണ് 35 വര്‍ഷമായി പുഴയ്ക്ക് കുറുകെയുള്ള പാലം വീടാക്കി മാറ്റിയ ചെല്ലപ്പന്‍ എന്ന ഈ എഴുപതുകാരന്‍ കഴിയുന്നത്.
നെടുമങ്ങാട് ചെല്ലാംകോട് സ്വദേശിയാണ് ചെല്ലപ്പന്‍. പഴകുറ്റിയില്‍ നിന്നും വെമ്പായത്തേക്ക് പോകുന്ന റോഡില്‍ കിള്ളിയാറിന് കുറുകെ പി.ഡബ്ല്യു.ഡി പാലത്തിനടിയിലാണ് കഴിഞ്ഞ 35 വര്‍ഷമായി ഇയാള്‍ ഒറ്റയ്ക്ക് കഴിയുന്നത്. പാലത്തിന്റെ ഒരുവശത്തുള്ള കോണ്‍ക്രീറ്റ് സ്ലാബിനോടുചേര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റും കീറച്ചാക്കും മറച്ചെടുത്ത ഭാഗത്ത്, കഷ്ടിച്ച് കുനിഞ്ഞു മാത്രം കയറാന്‍ പറ്റുന്ന ഒരിടമാണ് ഇയാളുടെ വീട്.
ഒരാളിന് ചുരുണ്ടു കിടക്കാന്‍ പറ്റുന്ന അത്രമാത്രം സ്ഥലം. പാലത്തിനടിയിലെ ജീവിതത്തിനിടയില്‍ ഇയാള്‍ക്ക് നാട്ടുകാര്‍ പേരും നല്‍കി, 'പാലത്തിനടിയില്‍ ചെല്ലപ്പന്‍'.തനിക്കും ഒരിക്കലൊരു വീടുണ്ടാകുമെന്ന് ചെല്ലപ്പന്‍ സ്വപ്നം കണ്ടിരുന്നു. പാലത്തിനോട് ചേര്‍ന്ന പുറമ്പോക്കില്‍ വാഴയും പച്ചക്കറിയും കൃഷി ചെയ്തുകിട്ടിയതൊന്നും തികഞ്ഞില്ല ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍. ആരോഗ്യമുള്ള കാലത്ത് കിള്ളിയാറില്‍ നിന്നും ചെറിയ രീതിയിലൊക്കെ മണലൂറ്റി ചെറിയ തുക കിട്ടിയതുകൊണ്ട് പട്ടിണി കൂടാതെ ജീവിച്ചു. എത്ര കൂട്ടിയിട്ടും ഒരു പിടി മണ്ണ് വാങ്ങാന്‍ കഴിഞ്ഞില്ല.
നിരവധി പാര്‍പ്പിട പദ്ധതികള്‍ വന്നെങ്കിലും ചെല്ലപ്പനെ മാത്രം ആരും കാണാന്‍ ശ്രമിച്ചില്ല. തെരഞ്ഞെടുപ്പ് കാലത്തെ ചില രാഷ്ട്രീയക്കാരുടെ ഇടപെടലില്‍ തിരിച്ചറിയല്‍ കാര്‍ഡ് കിട്ടി. 67 മത്തെ വയസില്‍ ക്ഷേമ പെന്‍ഷനും. നെടുമങ്ങാട് ചെല്ലാംകോട് കോളനിയില്‍ യോനോസിന്റെയും മേരിയുടെയും പത്തുമക്കളില്‍ അഞ്ചാമത്തെയാളാണ് ചെല്ലപ്പന്‍. കുടുംബത്തിന് ആകെയുണ്ടായിരുന്നത് രണ്ടുസെന്റ് സ്ഥലം മാത്രം. കുടുംബം വിട്ട ചെല്ലപ്പന്‍ കല്ലമ്പാറയിലെ റോഡ് പുറമ്പോക്കില്‍ കുടില്‍കെട്ടിയായിരുന്നു ആദ്യം താമസിച്ചിരുന്നത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ റോഡ് വികസനത്തിന്റെ പേരില്‍ ഇവിടെ നിന്നും ഒഴിപ്പിച്ചു.
അപ്പോഴാണ് പഴകുറ്റിയില്‍ പാലത്തിനടിയില്‍ കുടില്‍ കെട്ടിയത്. മഴക്കാലമായാല്‍ പുഴയില്‍ നീരൊഴുക്ക് വര്‍ധിക്കും. കുടിലില്‍ വെള്ളം കയറും. അപ്പോഴൊക്കെ ജീവിതം ദുരിതത്തിലാകും. സമീപത്തെ ഓട്ടോസ്റ്റാന്‍ഡിലുള്ളവര്‍ നല്‍കുന്ന ചെറിയ സഹായങ്ങളും പെന്‍ഷന്‍ തുകയുമൊക്കെ കൊണ്ടാണ് പട്ടിണിയില്ലാതെ ജീവിച്ചു പോകുന്നത്.
പക്ഷെ ലോക്ക്ഡൗണ്‍ കാലമായതോടെ ആരും സഹായിക്കാനോ, റോഡിലേക്കിറങ്ങി വെള്ളം പോലും കുടിക്കാനോ കഴിയാത്ത അവസ്ഥയില്‍ ദുരിതത്തിലാണ് ചെല്ലപ്പനിപ്പോള്‍. ഇടയ്ക്കു സഹോദരിയുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കും. അഞ്ച് കിലോമീറ്ററോളം ദൂരമാണ് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ഈ വൃദ്ധന്‍ നടക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."