കുംഭകോണം സ്കൂള്‍ ദുരന്തം : ഇരകളെ വഞ്ചിച്ച അഭിഭാഷകന് 50 ലക്ഷം രൂപ പിഴ
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ കുംഭകോണത്ത് സ്കൂള്‍ കെട്ടിടത്തിനു തീപിടിച്ച് 94 കുട്ടികള്‍ ദാരുണമായി മരിച്ച കേസില്‍ ഇരകളുടെ ബന്ധുക്കളെ വഞ്ചിച്ച അഭിഭാഷകന് സുപ്രിംകോടതി 50 ലക്ഷം രൂപ പിഴചുമത്തി. തുക മൂന്നാഴ്ചക്കകം മദ്രാസ് ഹൈക്കോടതി മുന്‍പാകെ കെട്ടിവയ്ക്കണമെന്ന് ജസ്റ്റിസുമാരായ കുര്യന് ജോസഫ്, മോഹന്‍ എം. ശാന്തന ഗൗഡര്‍ എന്നിവരടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് ഉത്തരവിട്ടു.
2004 ജൂലൈ 16ന് 94 കുട്ടികള്‍ വെന്തുമരിക്കാനും 18 വിദ്യാര്‍ഥികള്‍ക്ക് സാരമായി പരുക്കേല്‍ക്കാനും കാരണമായ കുംഭകോണത്തെ ധാരാപുരം ശ്രീ കൃഷ്ണ സ്കൂള്‍ അഗ്നിക്കിരയായ സംഭവത്തില്‍ സര്‍ക്കാരിനെതിരേ ഇരകളുടെ കുടുംബത്തിന് വേണ്ടി ഹാജരായ എസ്. തമിളരസനോടാണ് 50 ലക്ഷം രൂപ പിഴയൊടുക്കാന്‍ നിര്‍ദേശിച്ചത്. മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഇരകളുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍, അഭിഭാഷകനായ തമിളരസന്‍ കുടുംബങ്ങളെ ഭീഷണിപ്പെടുത്തി വെള്ളക്കടലാസുകളില്‍ ഒപ്പിടുവിച്ച് ഓരോ കുടുംബത്തിന്റെയും അക്കൗണ്ടില്‍ നിന്ന് 2,30,000 രൂപ വീതം സ്വന്തമാക്കിയെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇരകളുടെ കുടുംബാംഗങ്ങള്‍ നല്കിയ പരാതിയിലാണ് സുപ്രിംകോടതി നടപടി സ്വീകരിച്ചത്.
കുടുംബങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഇത്തരത്തില്‍ 2000 കോടി രൂപയില്‍ അധികം തമിളരസന്റെയും കുടുംബത്തിന്റെയും അക്കൗണ്ടുകളിലേക്ക് മാറ്റപ്പെട്ടതായി കണ്ടെത്തിയിരുന്നു. വിഷയം ആദ്യം മദ്രാസ് ഹൈക്കോടതി മുമ്പാകെയാണ് എത്തിയത്. സംഭവം വിശദമായി അന്വേഷിക്കുന്നതിന് ഹൈക്കോടതി തമിഴ്നാട് ക്രൈംബ്രാഞ്ചിനു നിര്‍ദേശം നല്കി. അഭിഭാഷകന് നിയമവിരുദ്ധമായി ഇരകളുടെ കുടുംബത്തിന്റെ അക്കൗണ്ടില്‍ നിന്ന് പണം മാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് അഭിഭാഷകന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അഭിഭാഷകനെതിരേ നടപടിയെടുക്കാന്‍ തമിഴ്നാട് ബാര്‍ കൗണ്‍സിലിനോട് നിര്‍ദേശിക്കുകയും ചെയ്തു. ഇതുപ്രകാരം ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് അദ്ദേഹത്തെ ബാര്‍ കൗണ്‍സില്‍ വിലക്കി. ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് അഭിഭാഷകന് സുപ്രിംകോടതിയില്‍ നല്കിയ ഹരജി തീര്‍പ്പാക്കിയാണ് അദ്ദേഹത്തോട് പിഴയടക്കാന്‍ രണ്ടംഗബെഞ്ച് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."