നിലവാരമുള്ളവരെ എതിരാളിയാക്കുക
കഴുത കുതിരയോട് ചോദിച്ചു: ''എന്നോട് ഏറ്റുമുട്ടാനുണ്ടോ...?''
കുതിര പുച്ഛത്തോടെ പറഞ്ഞു: ''നിന്നോട് ഏറ്റുമുട്ടുകയോ...?! അതിലും ഭേദം തൂങ്ങിമരിക്കുന്നതാണ്...''
''അതെന്താ അങ്ങനെ പറയുന്നത്..?'' കഴുത ചോദിച്ചു.
''നീ വെറും ഒരു കഴുത.. നീയൊന്നും എനിക്ക് ഇരയൊക്കില്ല..''
''കാരണം..?''
''നിന്നോട് ഏറ്റുമുട്ടി ജയിക്കുന്നത് ഒരു മികവൊന്നുമല്ല. ഇനി ദൗര്‍ഭാഗ്യവശാല്‍ ഞാന്‍ തോറ്റെന്നിരിക്കട്ടെ.. അതു നാടൊട്ടാകെ ചര്‍ച്ചയാകുന്ന കനത്ത പരാജയവുമായിരിക്കും.''
''എങ്കില്‍ ഞാനൊരു കാര്യം ഇവിടമാകെ പറഞ്ഞുപരത്തും..''
''എന്തു കാര്യം...?''
''കുതിര എന്നെ പേടിച്ച് പിന്‍വാങ്ങിയെന്ന്...''
''അതെനിക്കു പ്രശ്‌നമല്ല. എന്റെ രോമകൂപങ്ങളില്‍ നിന്റെ രക്തം കലരുന്നതിനെക്കാള്‍ ഭേദം നിന്റെ കളവ് സഹിക്കുന്നതുതന്നെയാണ്..''
അന്‍പതു വയസുകാരന്‍ അഞ്ചു വയസുകാരനോട് അടിപിടികൂടി ജയിച്ചെന്നിരിക്കട്ടെ. ആ ജയത്തിന് ആരെങ്കിലും വിലമതിക്കുമോ...? ഇനി ആ അടിപിടിയില്‍ അന്‍പതു വയസുകാരന്‍ പരാജയപ്പെട്ടെന്നിരിക്കട്ടെ.. ആ പരാജയത്തിന് സാധാ പരാജയത്തിന്റെ കയ്പ്പായിരിക്കുമോ...?
ഒരാള്‍ ആരാണെന്നറിയാന്‍ അയാളുടെ കൂട്ടുകാരാരാണെന്നു നോക്കിയാല്‍ മതിയെന്നാണു മൊഴി. എന്നാല്‍ കൂട്ടുകാര്‍ മാത്രമല്ല, എതിരാളിയാരാണെന്നറിഞ്ഞാലും ഒരാള്‍ ആരാണെന്നറിയാന്‍ പറ്റും. പ്രധാനമന്ത്രി എന്റെ അടുത്ത സുഹൃത്താണെന്ന വാക്കും എന്റെ മുഖ്യശത്രു പ്രധാനമന്ത്രിയാണെന്ന വാക്കും ചെറുവാക്കല്ല. അത് ആ പറയുന്നയാള്‍ സാധാരണക്കാരനല്ലെന്നറിയിക്കും.
സാധാരണ പ്രവര്‍ത്തകനെതിരെ വലിയ ഒരു നേതാവ് മാനനഷ്ടത്തിനു കേസുകൊടുക്കുന്നത് പത്താം ക്ലാസുകാരന്‍ ഒന്നാം ക്ലാസുകാരനെതിരെ പരാതികൊടുക്കുന്നതുപോലെയാണ്. അതയാള്‍ ശരാശരി നിലവാരത്തിനും താഴെയാണെന്നറിയിക്കും.
വാള്‍ വടിയോട് പോരാട്ടത്തിനു നില്‍ക്കരുത്. വികലാംഗനോട് സകലാംഗന്‍ മത്സരത്തിനു പോകരുത്. ജ്ഞാനപീഠം അവാര്‍ഡു ലഭിച്ച സാഹിത്യകാരന്‍ കുട്ടികള്‍ക്കുള്ള ലേഖന മത്സരങ്ങളില്‍ പങ്കെടുക്കാതിരിക്കുന്നതാണു നല്ലത്.
ഇവ്വിഷയത്തില്‍ ഞാനാരോടും സംവാദത്തിനു തയാറാണെന്നു ചിലര്‍ പറയാറുണ്ട്. ആരോടും സംവാദത്തിനു തയാറാകുന്നതു മികവൊന്നുമല്ല.. എതിരാളിയുടെ നിലവാരം പരിശോധിക്കാതെ സംവാദത്തിനൊരുങ്ങിയാല്‍ തോറ്റു പിന്‍മാറേണ്ടിവരും. പണ്ഡിതന്‍ പണ്ഡിതനോടാണ് എതിരിടേണ്ടത്; പാമരനോടല്ല. പാമരനോടു ഏറ്റുമുട്ടാന്‍ പോയാല്‍ തോല്‍ക്കുകയേ ഉള്ളൂ. ഇനി ജയിച്ചാല്‍ ആ ജയത്തിനു തീരെ തിളക്കവുമുണ്ടാകില്ല.
നീയുമായി ഏറ്റുമുട്ടാന്‍ ഞാനില്ലെന്നു പറഞ്ഞ് 'തോറ്റു' പിന്‍മാറുന്നതാണ് ചില സന്ദര്‍ഭങ്ങളില്‍ ജയിക്കാനുള്ള ഏകമാര്‍ഗം. മാതാപിതാക്കള്‍ മക്കള്‍ക്കു മുന്നിലും ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്കു മുന്നിലും അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ തോറ്റു കൊടുക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും. ആ സന്ദര്‍ഭങ്ങളില്‍ ജയിക്കാന്‍ നോക്കിയാല്‍ കനത്ത പരാജയമായിരിക്കും ഫലം.
സുഹൃത്തുക്കളും ശത്രുക്കളുമില്ലാത്തവര്‍ അപൂര്‍വം. ആരാണ് എന്റെ സുഹൃത്ത് എന്ന് പരിശോധിക്കേണ്ട പോലെ ആരാണെന്റെ ശത്രു എന്ന കാര്യവും പരിശോധിക്കണം. സുഹൃത്താക്കുന്നതു പോയിട്ട് ശത്രുവാക്കാന്‍ പോലും പറ്റാത്ത ചിലരുണ്ടാകും. അവര്‍ ഇങ്ങോട്ടു ശത്രുത കാണിച്ചാലും അവഗണിച്ചുതള്ളുന്നതാണ് അവരോടു ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രതികാരം. അവരെ ശത്രുവായി പരിഗണിച്ചാല്‍ അവര്‍ക്ക് സ്ഥാനം കൂടുകയും തന്റെ സ്ഥാനം കുറയുകയുമാണുണ്ടാവുക.
ഒരാളുടെ എതിരാളി എപ്പോഴും അയാളേക്കാള്‍ മേലെയുള്ള ആളായിരിക്കണം. അല്ലെങ്കില്‍ ഏറെക്കുറെ തുല്യനിലവാരത്തിലുള്ളവര്‍. നിവലാരമില്ലാത്തവരെ ഒരിക്കലും എതിരാളികളാക്കിവയ്ക്കരുത്. അവരോട് സഹതാപം കാണിക്കുക. അല്ലെങ്കില്‍ അവഗണിച്ചുതള്ളുക. തനിക്കെതിരെ കരിങ്കൊടി കാണിച്ച എതിര്‍പാര്‍ട്ടിയിലെ ഒരു സാധാരണ പ്രവര്‍ത്തകനെ ഒരു നേതാവും ശത്രുവായി കാണരുത്. അവനെ ശത്രുവായി കാണുന്നതോടെ ആ നേതാവ് താഴ്ന്നു പോവുകുന്നു. മാത്രമല്ല, ആ പ്രവര്‍ത്തകന് 'നേതാവിന്റെ ശത്രു' എന്ന സ്ഥാനം കൈവരികയും ചെയ്യും. അങ്കക്കളത്തില്‍ മേലെ കിടക്കുന്നവനെതിരെ വാളോങ്ങുന്ന ചിത്രമാണ് ധീരതയുടെ ചിഹ്നം.
ചാനല്‍ ചര്‍ച്ചകളില്‍ നിലവാരമില്ലാത്ത അഭിപ്രായപ്രകടനം നടത്തുന്നവരെ ചര്‍ച്ചയ്ക്കു ക്ഷണിക്കാറുണ്ട്. ചര്‍ച്ചയ്‌ക്കെത്തിയ കൂടെയുള്ളവര്‍ അതുമൂലം കഷ്ടപ്പെടുന്ന കാഴ്ച സര്‍വസാധാരണമാണ്. ചില സ്വാര്‍ഥ താല്‍പര്യങ്ങളുടെ ഭാഗമായിട്ടായിരിക്കാം ചാനല്‍ അധികൃതര്‍ അതു ചെയ്യുന്നതെങ്കിലും ആ ചെയ്തി നിലവാരം പുലര്‍ത്തുന്ന ഒന്നല്ല. ഏറെക്കുറെ തുല്യ നിലവാരക്കാരെ നിര്‍ത്തി ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കു മുന്‍കൈയെടുക്കുന്നതാണ് നീതിയും മാന്യതയും.
അവനവന്റെ നിലയും വിലയും പരിഗണിച്ചുമാത്രം സുഹൃത്തുക്കളെ തെരഞ്ഞെടുക്കുക; എതിരാളികളെയും തെരഞ്ഞെടുക്കുക. ഇവനാണ് എന്റെ സുഹൃത്ത് എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്നപോലെ അയാളാണ് എന്റെ എതിരാളി എന്നു പറയാനും കഴിയണം. നമ്മുടെ സുഹൃത്തുക്കളും എതിരാളികളും നമുക്കു ചേര്‍ച്ചയൊക്കുന്നവരാകട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."