നന്മയുടെ ഭക്ഷണ ദാനം
അന്നദാനത്തിന്റെ കാരുണ്യച്ചിറക് വിരിച്ചു നോമ്പുതുറസമയത്തു പാവപ്പെട്ടവനെയും പണക്കാരനെയും ഒരുപോലെ ഊട്ടി നോമ്പിന്റെ പുണ്യം വര്‍ധിപ്പിക്കുകയാണ് ഒരുകൂട്ടം നല്ല മനുഷ്യര്‍. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മേഖലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയാണ് കുറ്റ്യാടിയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് റമദാന്‍ 30 ദിനവും വിപുലമായ തോതില്‍ നോമ്പുതുറ വിഭവങ്ങളും അത്താഴ ഭക്ഷണവും നല്‍കുന്നത്. വേദനയുടെ സങ്കടങ്ങളില്‍ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍, കൂട്ടിരിപ്പുകാര്‍, രോഗീസന്ദര്‍ശകര്‍, ഡോക്ടര്‍മാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ ദിനേന ഈ അന്നദാനത്തിന്റെ നിര്‍വൃതിയനുഭവിക്കുന്നുണ്ട്. ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാ ജാതി മതസ്ഥര്‍ക്കുമാണു ഭക്ഷണം നല്‍കുന്നത്. അതോടൊപ്പം, ചെറിയ പെരുന്നാള്‍ ദിനത്തില്‍ കുറ്റ്യാടിലെ ആശുപത്രികളിലും മറ്റു പൊതുസ്ഥാപനങ്ങളിലുമുള്ളവര്‍ക്കായി ആഹ്ലാദത്തിന്റെ പെരുന്നാള്‍ ഭക്ഷണവും നല്‍കിവരുന്നു.
നോമ്പുകാലമായതിനാല്‍ ആശുപത്രികളിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മറ്റും ഈ ഭക്ഷണവിതരണം തെല്ലൊന്നുമല്ല ആശ്വാസമാകുന്നത്. എസ്.കെ.എസ്.എസ്.എഫ് അബൂദബി കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് 2013ല്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ഈ പദ്ധതിയുമായി ജില്ലാ കമ്മിറ്റിയെ സമീപിച്ചത്. തുടര്‍ന്നു പദ്ധതി ജില്ലയിലെ മേഖലാ കമ്മിറ്റികള്‍ക്കു മുന്‍പില്‍ വയ്ക്കുകയും അതില്‍ കുറ്റ്യാടിയെ പരിഗണിക്കുകയുമായിരുന്നു. ഭക്ഷണ വിതരണത്തിനു കൂടുതല്‍ സൗകര്യം എന്ന നിലയ്ക്കായിരുന്നു കുറ്റ്യാടിയെ പരിഗണിച്ചത്. ആ വര്‍ഷം അബൂദബി കമ്മിറ്റിയുടെ സഹായത്തോടെ പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ മേഖലാകമ്മിറ്റി സ്വന്തമായി ഫണ്ട് കണ്ടെത്തിയാണു പരിപാടിക്കു നേതൃത്വം നല്‍കുന്നത്. വിജയകരമായ നാലാം വര്‍ഷത്തിലെത്തിനില്‍ക്കുന്ന ഈ പദ്ധതിയില്‍ നാട്ടിലും മറുനാട്ടിലുമായി നിരവധി സുമനസുകളാണു പങ്കാളികളാവുന്നത്.
എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധസേവക സംഘമായ 'വിഖായ' വളണ്ടിയര്‍മാരാണു ഭക്ഷവിതരണത്തിനു നേതൃത്വം നല്‍കുന്നത്. ഇവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി നിയന്ത്രിക്കാന്‍ ഒരു ഗ്രൂപ്പിന് ഒരു ചീഫ് കോ-ഓര്‍ഡിനേറ്ററും കോ-ഓര്‍ഡിനേറ്ററുമുണ്ടാകും.
ദിവസവും രാവിലെ 10 മണിയോടെ ചീഫ് കോ-ഓര്‍ഡിനേറ്ററും കോ-ഓര്‍ഡിനേറ്ററും മേഖലയിലെ ആശുപത്രികളിലെത്തി രോഗികളുടെയും പരിചാരകരുടെയും കണക്കെടുക്കുകയും അപ്പോള്‍തന്നെ ടോക്കണ്‍ നല്‍കുകയും ഇതിനനുസരിച്ച് സമീപത്തെ അടുക്കത്ത് യത്തീംഖാന കാന്റീനില്‍ ആവശ്യമായ ഭക്ഷണം പാകം ചെയ്യുകയുമാണു പതിവ്. ഈത്തപ്പഴം, മറ്റു പഴവര്‍ഗങ്ങള്‍, പഴംപൊരി, ഉള്ളിവട, പക്കുവട, അട, പൊരിച്ച പത്തിരി, നൂല്‍പുട്ട്, വെള്ളപ്പം, ചപ്പാത്തി, ഇറച്ചിക്കറി തുടങ്ങിയ സമൃദ്ധമായ വിഭവങ്ങള്‍ നോമ്പുതുറയ്ക്കും പൊരിച്ചമീന്‍, ഉപ്പേരി, പച്ചക്കറി ഉള്‍പ്പെടെയുള്ള ഊണ്‍ അത്താഴത്തിനും തയാറാക്കും. വിതരണത്തിനായി വൈകുന്നേരത്തോടെ വിഖായ വളണ്ടിയര്‍മാര്‍ കാന്റീനിലെത്തുകയും ടീം ലീഡര്‍ പ്രത്യേക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു പ്രാര്‍ഥനയോടെ വിതരണത്തിനുള്ള തയാറെടുപ്പ് ആരംഭിക്കുകയും ചെയ്യും. വിതരണത്തിനു ശേഷം വളണ്ടിയര്‍മാര്‍ നേതാക്കളുടെയും കോ-ഓര്‍ഡിനേറ്റര്‍മാരുടെയും സാന്നിധ്യത്തില്‍ കാര്യങ്ങള്‍ വിലയിരുത്തുകയും പുതിയ നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുകയാണു പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."