സഹപാഠികളും നാട്ടുകാരും ഒന്നിച്ചു; ബിജീഷ്മക്ക് വീടായി
കുന്ദമംഗലം: അന്തിയുറങ്ങാന്‍ വീടില്ലാത്ത മുട്ടാഞ്ചേരി ഹസനിയാ എ.യു.പി.സ്‌കൂളിലെ ഈച്ചരങ്ങോട്ട് ബിജീഷ്മക്ക് ഇനി സുഖമായി കിടന്നുറങ്ങാം. വിവിധ സംഘടനകളും വിദ്യാര്‍ഥികളും ഒത്തുകൂടിയപ്പോള്‍ വീടിന്റെ പണി പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഇന്ന് കലക്ടര്‍ യു.വി.ജോസ് താക്കോല്‍ കൈമാറുമെന്ന് വീട് നിര്‍മാണകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അച്ഛന്റെ മരണത്തോടെ ഒറ്റപ്പെട്ട അമ്മ ശാന്തയും മകള്‍ ബിജീഷ്മയും ഇടിഞ്ഞു വീഴാറായ കുടിലിന്റെ മുന്‍പില്‍ നിസഹായരാവുകയായിരുന്നു. ഈ അവസരത്തിലാണ് മകള്‍ പഠിക്കുന്ന ഹസനിയ എ.യു.പി സ്‌കൂളിലെ കൊച്ചു കൂട്ടുകാരും പി.ടി.എയും മാനേജ്‌മെന്റ് സി.എം മഖാം ഓര്‍ഫനേജ് കമ്മിറ്റിയും സംയുക്തമായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. കുന്ദമംഗലം, ചക്കാലക്കല്‍ സ്‌കൂളുകള്‍ കോഴിക്കോട് ലോ കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സേവനവും മുതല്‍ക്കൂട്ടായി. വാര്‍ത്താസമ്മേളനത്തില്‍ ഹസനിയാ സ്‌കൂള്‍ മാനേജര്‍ യു ഷറഫുദ്ദീന്‍ മാസ്റ്റര്‍, പ്രധാനാധ്യാപിക ഡോളി ടീച്ചര്‍, പി.ടി.എ പ്രസിഡന്റ് സലീം മുട്ടാഞ്ചേരി, ചോലക്കര മുഹമ്മദ്, സി മനോജ്, യൂസുഫ് അലി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."