സംഭരണവും കയറ്റുമതിയും താളംതെറ്റി; നാളികേര കര്‍ഷകര്‍ പ്രതിസന്ധിയില്‍
കോഴിക്കോട്: ലോക്ക് ഡൗണിനെ തുടര്‍ന്ന് കയറ്റുമതിയും സംഭരണവും നിലച്ചതോടെ നാളികേര കര്‍ഷകര്‍ പ്രതിസന്ധിയില്‍. പലയിടത്തും തേങ്ങ സംഭരണം നിര്‍ത്തുകയോ താല്‍ക്കാലികമായി സ്തംഭിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.
സ്വകാര്യ കച്ചവടകേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുമില്ല. യാത്രാ നിയന്ത്രണത്തെ തുടര്‍ന്ന് സംഭരിച്ച പച്ചത്തേങ്ങ പലയിടത്തു നിന്നും കയറ്റിക്കൊണ്ടുപോയിട്ടില്ല. ചരക്കുഗതാഗത നിയന്ത്രണം കൊപ്ര സംഭരണം ക്രമാതീതമായി കുറച്ചതായും വെളിച്ചെണ്ണ ഉല്‍പാദനത്തെ ബാധിച്ചതായും നടുവണ്ണൂര്‍ മന്ദങ്കാവ് കേരഫെഡ് കോക്കനട്ട് കോംപ്ലക്‌സ് പ്ലാന്റ് മാനേജര്‍ കെ.കെ മനോജ് പറഞ്ഞു. തേങ്ങ കയറ്റിപ്പോയാല്‍ സംഭരണം തുടങ്ങുമെന്ന് കൃഷിഭവന്‍ അധികൃതര്‍ പറയുന്നുണ്ടെങ്കിലും എന്ന് കയറ്റിപ്പോകുമെന്ന് ഉറപ്പില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ഇവര്‍ക്കു കഴിയുന്നില്ല. സംഭരണത്തിന് ഇനിയും നൂറ് കേന്ദ്രങ്ങള്‍ കൂടി തുറക്കുമെന്ന് കേരഫെഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എപ്പോള്‍ തുറക്കുമെന്നോ എത്രത്തോളം സംഭരണം നടത്തുമെന്നോ പറയാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. കര്‍ഷകര്‍ക്ക് നല്‍കാനുള്ളള തുക പല തവണയായി നീട്ടിക്കൊണ്ടു പോകുന്നുവെന്ന പരാതിയുമുണ്ട്. സംഭരണത്തിന് സബ്‌സിഡി നല്‍കാന്‍ പണമില്ലെന്ന കാരണം പറഞ്ഞ് തേങ്ങയുടെ ഇപ്പോഴത്തെ സംഭരണ വില കുറക്കാന്‍ നീക്കം നടക്കുന്നതായും ആക്ഷേപമുണ്ട്.
പൊതു വിപണിയിലുള്ളതിനേക്കാള്‍ ആറ് രൂപ വ്യത്യാസത്തിനാണ് കേരഫെഡ് തേങ്ങ സംഭരിച്ചിരുന്നത്.
കഴിഞ്ഞമാസം വരെ തേങ്ങക്ക് കൃത്യമായി പണം നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ പണമില്ലെന്ന് പറഞ്ഞ് അധികൃതര്‍ കൈമലര്‍ത്തുകയാണ്. തേങ്ങയുടെ സംഭരണ വില കുറക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് കര്‍ഷകരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."