അധികാരികള്‍ ഉറക്കത്തില്‍: മധുരംപിള്ളി പാലത്തില്‍ പതിയിരിക്കുന്നത് വന്‍ അപകടം
കയ്പ്പമംഗലം : എടത്തിരുത്തി കാട്ടൂര്‍ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മധുരമ്പിള്ളി പാലം ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയില്‍.
വര്‍ഷങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ഒന്നും നടക്കാതിരുന്ന പാലം ഇന്നു കാല്‍നട യാത്രക്കാര്‍ക്കു പോലും അപകടം വരുത്തുംവിധം തകര്‍ച്ചയിലാണ്.
മേഖലയിലെ പ്രധാന വാണിജ്യകേന്ദ്രമായ കാട്ടൂരിലേക്കു മധുരമ്പിള്ളി പാലം വഴി ചുരുങ്ങിയ സമയം കൊണ്ടു എത്താന്‍ കഴിയും.
കാട്ടൂര്‍ ചന്തയുടെ പ്രതാപ കാലത്തു അനേകമാളുകള്‍ക്കു ആശ്രയമായതു ഈ പാലമാണ്.
ചെന്ത്രാപിന്നി ഈസ്റ്റ് യു.പി സ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലേക്കായി നിരവധി വിദ്യാര്‍ഥികളാണ് ദിനവും ഇതു വഴി കടന്നു പോകുന്നത്.
പാലത്തിന്റെ കൈവരികള്‍ മുഴുവന്‍ കാലപ്പഴക്കം മൂലം അടര്‍ന്നു പോയിക്കൊണ്ടിരിക്കുകയാണ്.
മഴക്കാലം രൂക്ഷമാകുന്നതോടെ അവസ്ഥ ഇനിയും കൂടുതല്‍ ദുരിതപൂര്‍ണമാകും.
കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു ആളുകള്‍ ദിനവും ആശ്രയിക്കുന്ന പാലം ഇന്ന് വന്‍ അപകടത്തിന് കാത്തു നില്‍ക്കുകയാണ്.
നിരവധി പരാതികള്‍ ഇതിനോടകം പ്രദേശവാസികള്‍ പഞ്ചായത്ത് അധികാരികള്‍ക്ക് നല്കി കഴിഞ്ഞു.
എന്നാല്‍ വിഷയത്തില്‍ വേണ്ട ഗൗരവം അധികൃതര്‍ എടുക്കുന്നില്ല എന്ന ആക്ഷേപം ജനങ്ങള്‍ക്കുണ്ട്.
പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കാന്‍ സ്ഥലം എം.എല്‍.എയും പഞ്ചായത്ത് അധികൃതരും അടിയന്തിരമായി നടപടി എടുക്കണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."