HOME
DETAILS

റിപ്പോര്‍ട്ടര്‍ പറന്നു കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്

  
backup
July 03 2016 | 06:07 AM

pathrajeevitham-npr-column

കേരളത്തിലെ പ്രമുഖപത്രങ്ങളിലെ പ്രമുഖലേഖകന്മാര്‍ പോലും ഇന്നും ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറക്കുകയില്ല. അങ്ങനെ എളുപ്പം കിട്ടുന്ന വിമാനങ്ങളില്ല. ഉണ്ടെങ്കില്‍ത്തന്നെ, കൊച്ചി-തിരുവനന്തപുരം യാത്രയ്ക്ക് വിമാനടിക്കറ്റ് നിരക്ക് യാത്രാബത്തയായി നല്‍കുന്ന ഏത് പത്രസ്ഥാപനമുണ്ട്്? എന്തിന് വിമാനത്തില്‍പോകണം...മൂന്നുമണിക്കൂര്‍ കൊണ്ടെത്തുന്ന ട്രെയിനുകള്‍ ധാരാളം.

പക്ഷേ, 70 വര്‍ഷം മുന്‍പ്-1946ല്‍, അന്ന് വളരെ ചെറുതായ ഒരു മലയാള പത്രത്തിന്റെ ലേഖകന്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കു പറന്നു. ചെലവു നിസാരം-വെറും 20 രൂപ! തീര്‍ന്നില്ല, കൊച്ചിയില്‍ നിന്നു വിമാനത്തിലെത്തുന്ന വ്യക്തികള്‍ സാധാരണക്കാരാവില്ലല്ലോ. അന്ന് അങ്ങനെ എത്തുന്ന വ്യക്തികളുടെ പേരുകള്‍ അന്നന്നുതന്നെ തിരുവനന്തപുരത്തെ ഒരു പത്രം വൈകിട്ടു പ്രസിദ്ധപ്പെടുത്തിപ്പോന്നിരുന്നു. നമ്മുടെ ലേഖകന്റെ പേരും അന്നത്തെ പത്രത്തില്‍ ഉണ്ടായിരുന്നു!


ഇനി വാര്‍ത്തയിലെ 'വാട്ട്, വേര്‍' തുടങ്ങിയ 'ഫൈവ് ഡബ്ല്യൂസും എച്ചും' പറയാം. കഥാപാത്രത്തിന്റെ പേര്് ജി.എം നെന്മേനി. മുഴുവന്‍ പേര് ഗോപാലമേനോന്‍ നെന്മേനി. 1946ല്‍ ദേശാഭിമാനിയുടെ കൊച്ചിയിലെ സ്റ്റാഫ് ലേഖകനായിരുന്നു നെന്മേനി. പത്രം തുടങ്ങിയിട്ടു വര്‍ഷം നാലേ ആയിട്ടുള്ളൂ. അതുകൊണ്ടുതന്നെ കഷ്ടപ്പെട്ടുള്ള പത്രപ്രവര്‍ത്തനമാണ്. ഒരു ദിവസം വൈകിട്ടു പത്രാധിപര്‍ നെന്മേനിക്ക് ഒരു കമ്പിസന്ദേശമയക്കുന്നു. ടെലഗ്രാമില്‍ ആവശ്യപ്പെട്ടിരുന്നത് അടുത്ത ദിവസം തിരുവനന്തപുരത്ത് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ഒരു പ്രധാനസമ്മേളനം നടക്കുന്നു. ഓടിവന്ന് റിപ്പോര്‍ട്ടയക്കണം എന്നാണ്. തിരുവനന്തപുരത്ത് അന്നു വേറെ ലേഖകനില്ലേ എന്നൊന്നും ചോദിക്കരുത്. പരിഭ്രമമമായി. പോകാതിരുന്നുകൂടാ, പോകുന്നതെങ്ങനെ എന്നും അറിഞ്ഞുകൂടാ.

nenmeni 111

 

തിരുവനന്തപുരം-കൊച്ചി തീവണ്ടി അന്നില്ല, നേരിട്ട് ബസുകളുമില്ല. കൊല്ലം-തിരുവനന്തപുരം തീവണ്ടി ഉണ്ട്. പക്ഷേ, കൊല്ലത്തെത്താന്‍ ഒരു വഴിയുമില്ല. ബോട്ടാണു പ്രധാന യാത്രാവാഹനം. പക്ഷേ, കൊച്ചിയില്‍ നിന്ന് ബോട്ടില്‍ പോയി യോഗം റിപ്പോര്‍ട്ട് ചെയ്യാനാവില്ല. പിന്നെ എന്തുചെയ്യും? പത്രാധിപരോടു ചോദിച്ചിട്ടു കാര്യമില്ല. വരണം എന്നു പറയാനേ പത്രാധിപന്മാര്‍ക്ക് അറിയൂ. ഇന്നും അങ്ങനെത്തന്നെ. എങ്ങനെ പോകും എന്നതു ലേഖകന്റെ ബാധ്യതയാണ്. നെന്മേനി ഒരന്തവും കിട്ടാതിരുന്നപ്പോഴാണ് ഒരു സുഹൃത്തിന്റെ മസ്തിഷ്‌കത്തില്‍ സംഗതി പൊട്ടിയത്. വിമാനത്തില്‍ പോയിക്കൂടേ?

ചോദ്യം ന്യായം. കൊച്ചി-തിരുവനന്തപുരം വിമാനമുണ്ട്. ബോയിങും ജെറ്റുമൊന്നുമില്ല. ഡെക്കോട്ട വിമാനം. 21 യാത്രക്കാരേ പറ്റൂ. ടിക്കറ്റെടുക്കുന്ന ആള്‍ക്ക്, തീവണ്ടി ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ എന്ന പോലെ എവിടെയും ഇരിക്കാം, സീറ്റ് നമ്പറില്ല. വി.ഐ.പികള്‍ അല്ലാതെ പത്രലേഖകരൊന്നും വിമാനത്തില്‍ സഞ്ചരിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാറുപോലുമില്ല.
ജി.എം നെന്മേനി കൊച്ചി രവിപുരത്ത് ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നത്. വൈക്കം മുഹമ്മദ് ബഷീര്‍ അന്ന് തൊട്ടുമുന്നില്‍ വേറൊരു ലോഡ്ജിലായിരുന്നു താമസം. അന്ന് ബേപ്പൂര്‍ സുല്‍ത്താനല്ല. തൊഴിലാളിവര്‍ഗ വിപ്ലവം ഉടനെ നടക്കും എന്നും അതോടെ താന്‍ പോഞ്ഞിക്കര സുല്‍ത്താന്‍ ആവുമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നുവെന്ന് നെന്മേനി തന്റെ ഒരോര്‍മക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. നെന്മേനിയും ബഷീറും ഉറ്റ കൂട്ടുകാരാണ്. ദിവസവും കണ്ടുമുട്ടി ലോകത്തിന്റെ ഗതിവിഗതികള്‍ ദീര്‍ഘനേരം ചര്‍ച്ച ചെയ്യും. കമ്മ്യൂണിസ്റ്റായിരുന്ന നെന്മേനിയെ ബഷീര്‍ നെന്മലാസ്‌കി എന്നായിരുന്നത്രെ വിളിച്ചിരുന്നത്് !

പിറ്റേന്നു വിമാനത്തില്‍ പോകുന്ന കാര്യം നെന്മേനി ബഷീറിനോടു പറഞ്ഞു. ബഷീറിനു ഭാവവ്യത്യാസമില്ല. മെല്ലെ പോയി ഒരു വെള്ളക്കടലാസെടുത്തുകൊണ്ടുവന്ന് നെന്മേനിക്കു കൊടുത്തു. അടിയില്‍ ഒപ്പുവച്ചിട്ടു പൊയ്‌ക്കോളാന്‍ പറഞ്ഞു. നെന്മേനിക്കു പിടികിട്ടിയില്ല. ബഷീര്‍ വിശദീകരിച്ചു. വിമാനത്തിനു വല്ലതും സംഭവിച്ചാല്‍ തന്റെ അന്ത്യസന്ദേശം ഇതായിരുന്നുവെന്ന് എനിക്കു പത്രങ്ങള്‍ക്കു വാര്‍ത്തമൊടുക്കാമല്ലോ...വേറെ ദുരുദ്ദേശമൊന്നുമില്ല! നെന്മേനി ഒപ്പിട്ടുകൊടുത്തു.

nenmeni 2

 

വിമാനം അപകടമൊന്നുമില്ലാതെ തിരുവനന്തപുരത്തെത്തി. വിമാനത്തിലെത്തിയവരുടെ ലിസ്റ്റില്‍ തന്റെ പേരുകൂടി ഇംഗ്ലീഷ് പത്രത്തില്‍ കണ്ട് നെന്മേനി രോമാഞ്ചമണിഞ്ഞു.
നെന്മേനിയുടെ കമ്പി എന്ന പേരില്‍ കേരള പ്രസ് അക്കാദമി-ഇപ്പോള്‍ കേരള മീഡിയ അക്കാദമി-പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തില്‍ ഇത്തരം കഥകളേറെയുണ്ട്. മകന്‍ കെ.കെ മോഹന്‍ സമാഹരിച്ചതാണ് നെന്മേനിക്കഥകളും അദ്ദേഹത്തിന്റെ അക്കാലത്തെ പത്രറിപ്പോര്‍ട്ടുകളും. നെന്മേനി അയച്ച വാര്‍ത്തകള്‍ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍ പലപ്പോഴും ബൈലൈനിന്റെ സ്ഥാനത്ത് ജി.എം നെന്മേനിയുടെ കമ്പി എന്നാണ് എഴുതാറുള്ളത്. കമ്പിസന്ദേശം ആയാണ് അന്നു മിക്കപ്പോഴും വാര്‍ത്തകള്‍ അയക്കുക. നാട്ടുകാര്‍ക്കിതു കമ്പിയടിയാണ്. ടെലഗ്രാം അവസാനിപ്പിച്ചു പത്രവാര്‍ത്തകള്‍ ടെലിപ്രിന്റര്‍ വഴി ആയ ശേഷവും പത്രഓഫിസുകളില്‍ പലരും ടി.പി സന്ദേശങ്ങളെ കമ്പി എന്നാണു വിളിച്ചിരുന്നത്.
പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന നെന്മേനി പിന്നീടാണു പത്രപ്രവര്‍ത്തനരംഗത്തേക്കു കടന്നത്. 1938 മുതല്‍ 1942 വരെ 'മാതൃഭൂമി'യുടെ ലേഖകനായിരുന്നു. ഇടതുപക്ഷചിന്തകളാല്‍ സ്വാധീനിക്കപ്പെട്ട് 'ജനയുഗം', 'നവജീവന്‍', 'നവകേരളം', 'ദേശാഭിമാനി' പത്രങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു. 30 വര്‍ഷത്തോളം പത്രപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്. അഞ്ചുതവണ അറസ്റ്റ് ചെയ്യപ്പെട്ടു നാലര വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടുമുണ്ട്.

നെന്മേനിയുടെ പത്രജീവിതത്തില്‍ ഏറെ റിപ്പോര്‍ട്ടിങ് അനുഭവങ്ങളുണ്ട്. നേട്ടങ്ങളും വലിയ കാര്യങ്ങളും മാത്രം കൊട്ടിഘോഷിച്ചാല്‍ പോരല്ലോ. അസാധാരണമായ ചില വീഴ്ചകളെക്കുറിച്ചും നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. മരിക്കാത്ത ആള്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അനേകസംഭവങ്ങള്‍ പത്രചരിത്രത്തിലുണ്ടാവും. അങ്ങനെ ചെയ്തിട്ടുള്ളത് ആരെങ്കിലും ഒരുക്കിയ കെണിയില്‍ പെട്ടിട്ടാവും. ഒരു പത്രപ്രവര്‍ത്തകന്റെ ഒരിക്കലും മറക്കാത്ത, എപ്പോഴും ലജ്ജിപ്പിക്കുന്ന അനുഭവമാണത്. നിര്‍ഭാഗ്യവശാല്‍ നെന്മേനിക്കും അത്തരം ഒരനുഭവമുണ്ടായത് 'ജനയുഗം' ന്യൂസ് എഡിറ്റര്‍ ആയിരുന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ.എസ് ചന്ദ്രന്‍ വിവരിച്ചിട്ടുണ്ട്, നേരത്തെ പറഞ്ഞ അനുസ്മരണ കൃതിയില്‍. അതുകൂടി പറയാം.
അറുപതുകളുടെ ആദ്യം എപ്പോഴോ ആണു സംഭവം. അന്ന് തിരുവനന്തപുരത്തെ 'ജനയുഗം' ലേഖകനാണ് നെന്മേനി. സ്ഥലത്തെ ഒരു പ്രമാണി കൂടിയായ മുന്‍ജഡ്ജി മരിച്ചതായി ആരോ നെന്മേനിയെ വിളിച്ചുപറഞ്ഞു. പരിചയമുള്ള ആരോ ആണു പറഞ്ഞത്. ആരോ അല്ല, സഹപ്രവര്‍ത്തകനായ ഒരു പത്രപ്രവര്‍ത്തകന്‍ തന്നെ. പിറ്റേന്നു പ്രധാനസ്ഥാനത്തു വാര്‍ത്തയും വന്നു. നേരംപുലര്‍ന്നതുമുതല്‍ തുടങ്ങി ബഹളം. പിറ്റേന്നു ക്ഷമ പറഞ്ഞു പത്രം ഒരുവിധം തടിയൂരിയെന്നു പറഞ്ഞാല്‍ മതിയല്ലോ. ഈ സംഭവത്തില്‍ ഏറ്റവുമേറെ മാനസികമായി തളര്‍ന്നതു തെറ്റായ മരണവാര്‍ത്തയ്ക്ക് ഇരയായ റിട്ട.ജഡ്ജി എം. ഗോവിന്ദന്‍ ആയിരുന്നില്ല, അത് റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ നെന്മേനി ആയിരുന്നു.

1942 ഫെബ്രുവരിയില്‍ കൊച്ചിയില്‍ ആസ്‌ത്രേലിയന്‍ പട്ടാളക്കാര്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത് നെന്മേനി ആയിരുന്നു. ഈ സംഭവത്തെക്കുറിച്ച് സഞ്ജയന്‍ എഴുതിയ അസാധാരണ ശൗര്യമുള്ള മുഖപ്രസംഗം കൂടിയായതോടെയാണ് 'മാതൃഭൂമി' നിരോധിക്കപ്പെട്ടത്. നിരോധനം കുറച്ചുനാളേ നിലനിന്നുള്ളൂ. അങ്ങനെ എത്രയെത്ര അവിസ്മരണീയ റിപ്പോര്‍ട്ടുകള്‍.

 

(എന്‍.പി രാജേന്ദ്രന്‍: പ്രമുഖ പത്രപ്രവര്‍ത്തകനും കോളമെഴുത്തുകാരനും. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ്, കേരള പ്രസ് അക്കാദമി ചെയര്‍മാന്‍, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. അന്വേഷണാത്മക റിപ്പോര്‍ട്ടുകളും ആഴമുള്ള രാഷ്ട്രീയ നിരീക്ഷണങ്ങളും കൊണ്ട് പത്രപ്രവര്‍ത്തന വഴിയില്‍ വേറിട്ടു സഞ്ചരിക്കുന്നു.  [email protected])


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  a day ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  a day ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  a day ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  a day ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  a day ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  a day ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  a day ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  a day ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  a day ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  a day ago