മതസൗഹാര്‍ദത്തിന്റെ നേര്‍ക്കാഴ്ച: പുല്‍പ്പാറ പള്ളിയില്‍ സ്‌നേഹ വിരുന്നൂട്ടി ക്ഷേത്ര കമ്മിറ്റി
കല്‍പ്പറ്റ: മതസൗഹാര്‍ദത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കി പുല്‍പ്പാറ ജുമാമസ്ജിദില്‍ ദുര്‍ഗാ ദേവി ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ യുവാക്കള്‍ മുന്‍കൈയെടുത്താണ് ഏവര്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തനം കാഴ്ചവച്ചത്.
നബിദിനാഘോഷത്തിന് മധുരം വിളമ്പിയും ഇവര്‍ തങ്ങളുടെ മതസാഹോദര്യത്തിന്റെ തിളക്കം മുന്‍പും കാട്ടിയിട്ടുണ്ട്. ദുര്‍ഗാ ദേവി ക്ഷേത്ര കമ്മിറ്റി പ്രവര്‍ത്തകരായ പ്രതാപ്, ശരത്ത്, രമേശന്‍, ഉണ്ണി, രഞ്ജിത്ത്, അജേഷ്, ഉദയന്‍, സുരേഷ്‌കുമാര്‍, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലത്തെ സ്‌നേഹ വിരുന്നൂട്ട് നടന്നത്. ക്ഷേത്ര കമ്മിറ്റിയും പള്ളിക്കമ്മിറ്റിയും തമ്മില്‍ വര്‍ഷങ്ങളായുള്ള ആത്മബന്ധത്തിന്റെ തുടര്‍ച്ചയാണിത്.
ക്ഷേത്രത്തിലെ ഉത്സവത്തിനും മറ്റ് പരിപാടികള്‍ക്കും പള്ളി കമ്മിറ്റിയുടെ സഹകരണവും ഉണ്ടാകാറുണ്ട്. ഉത്സവത്തിനും നബിദിനത്തിനുമൊക്കെ ജാതിയും മതവും നോക്കാതെ ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണ് പുല്‍പ്പാറക്കാര്‍. മതങ്ങളുടെ പേരില്‍ വേലിക്കെട്ടുകള്‍ തീര്‍ത്ത് മനുഷ്യര്‍ പരസ്പരം കലഹിക്കുന്ന കാലത്താണ് മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ച പുല്‍പ്പാറക്കാരുടെ ഈ സ്‌നേഹക്കൂട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."