അഞ്ചരക്കണ്ടിയിലും തലശ്ശേരിയിലും അക്രമം
കൂത്തുപറമ്പ്/തലശ്ശേരി: അഞ്ചരക്കണ്ടി മൈലാടിയില്‍ രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അക്രമത്തിനിടെ ഇവരുടെ ബന്ധുക്കളായ രണ്ടു സ്ത്രീകളെ മര്‍ദിച്ചു പരുക്കേല്‍പ്പിച്ചു. കൊക്കൂര്‍ താഴത്ത്വീട്ടില്‍ ലിജേഷ്(31), ടി.പി ബിജു(40) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ലിജേഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. ലിജേഷിന്റെ മാതൃസഹോദരിമാരായ ശ്യാമള(60), പുഷ്പ(50) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകുന്നേരം ആറരയ്ക്കു ലിജേഷിന്റെ വീട്ടില്‍വച്ചാണ് സംഭവം. പരുക്കേറ്റ മറ്റുള്ളവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാതിരിയാട് വാര്‍ഡ് ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു ലിജേഷ്. അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സി.ഐ.യു പ്രേമന്റെ നേതൃത്വത്തില്‍ പൊലിസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
തിരുവാണിചാലില് അക്രമത്തില്‍ സ്ത്രീ ഉള്‍പ്പടെ അഞ്ച് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഏഴംഗ സി.പി.എം പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്നാണ് പരാതി. കണിക്കടവ് വീട്ടില്‍ എ.വി വിനീത്(28), കെ.വി മണികണ്ഠന്(56), എം പ്രദീപന്(60), മിയാന്‍ വീട്ടില്‍ എം ശ്രീദേവി(60), മിയാന്‍ വീട്ടില്‍ എം നിരഞ്ജന്(17) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഒന്‍പതോടെ തിരുവാണി ഭാഗത്താണ് സംഭവം. ബൈക്കിലെത്തിയ ഏഴംഗ സംഘം ഭീഷണിമുഴക്കി അക്രമം നടത്തുകയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."