HOME
DETAILS
MAL
താങ്ങായി പ്രതിപക്ഷ നേതാവിന്റെ കൊവിഡ് കണ്‍ട്രോള്‍ റൂം
backup
April 06 2020 | 02:04 AM
തിരുവനന്തപുരം: ലോക്ക് ഡൗണില്‍ എല്ലാം നിശ്ചലമായിട്ടും ഗര്‍ഭിണിയായ യുവതിയെയും വഹിച്ച് 53 മണിക്കൂര്‍ കൊണ്ട് മൂവായിരത്തിലധികം കിലോമീറ്റര്‍ താണ്ടി കേരളത്തിലേക്ക് ആ ആബുംലന്‍സ് കുതിച്ചെത്തിയതിന് പിന്നിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടലായിരുന്നു.
ലോക്ക് ഡൗണില്‍ പൂര്‍ണമായി ഒറ്റപ്പെട്ടവര്‍ക്കും മറ്റൊരു അത്താണിയുമില്ലാതെ കുഴങ്ങുന്നവര്‍ക്കും ആശ്രയമായി മാറിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് ആരംഭിച്ച കൊവിഡ് കണ്‍ട്രോള്‍ റൂം. ദിവസവും നൂറു കണക്കിന് കോളുകള്‍ ആണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ഒരുക്കിയ കണ്‍ട്രോള്‍ റൂമിലേക്ക് വരുന്നത്.
ഡല്‍ഹിക്ക് സമീപം യു.പി അതിര്‍ത്തിയായ ഗാസിയാബാദില്‍ കുടുങ്ങിപ്പോയ പല്ലന സ്വദേശി വിഷ്ണുവിനും ഗര്‍ഭിണിയായ ഭാര്യ വൃന്ദക്കും നാട്ടിലെത്തുന്നതിനാണ് പ്രതിപക്ഷ നേതാവ് തുണയായത്. ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം വിധിച്ചിരുന്ന വൃന്ദയ്ക്ക് തുണയായി അന്യനാട്ടില്‍ ആരുമുണ്ടായിരുന്നില്ല. മരുന്നും ഭക്ഷണവും വാങ്ങാന്‍ പുറത്തിറങ്ങിയ വിഷ്ണുവിന് പൊലിസിന്റെ മര്‍ദനമേറ്റതോടെ ജീവിതം വഴിമുട്ടി. നാട്ടിലേക്ക് ആംബുലന്‍സും വൈദ്യസഹായവും ലഭ്യമാക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായെങ്കിലും 1.20 ലക്ഷം രൂപയാണ് ചോദിച്ചത്. മത്സ്യത്തൊഴിലാളിയായ അച്ഛന്‍ ഉണ്ണിയും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ശോഭയും ബന്ധുക്കളും ചേര്‍ന്നു കുറച്ചു തുക കണ്ടെത്താനായെങ്കിലും പിന്നെയും പ്രതിസന്ധിയായി. ഈ വിഷയം കാര്‍ത്തികപ്പള്ളി ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എസ്.വിനോദ്കുമാര്‍ പ്രതിപക്ഷ നേതാവിനെ വിളിച്ചറിയിച്ചു. അദ്ദേഹം ഉടന്‍ ബാക്കി തുക ഏര്‍പ്പാടാക്കി. ഡല്‍ഹിയില്‍ നിന്ന് 53 മണിക്കൂര്‍ കൊണ്ടു മൂവായിരത്തിലധികം കിലോമീറ്റര്‍ താണ്ടി വൃന്ദയേയും കൊണ്ട് ആംബുലന്‍സ് നാട്ടിലെത്തി. വാളയാറില്‍ പൊലിസ് ആംബുലന്‍സ് തടഞ്ഞപ്പോഴും പ്രതിപക്ഷ നേതാവിന്റെ ഇടപെടലാണ് ഇവര്‍ക്ക് തുണയായത്.
കോള്‍ സെന്ററില്‍ വരുന്നത് സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെങ്കില്‍ ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു പ്രശ്‌നം പരിഹരിക്കാന്‍ പ്രതിപക്ഷ നേതാവ് ഇടപെടും. മറ്റു വിഷയങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയോ സന്നദ്ധ സംഘടനകള്‍ വഴിയോ ഔദ്യോഗിക സംവിധാനങ്ങള്‍ വഴിയോ ഉടന്‍ പരിഹാരമുണ്ടാക്കുകയുമാണ് ചെയ്യുന്നത്.
കഴിഞ്ഞ 26നാണ് കന്റോണ്‍മെന്റ് ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നത്. ലോക്ക് ഡൗണ്‍ പതിനൊന്ന് ദിവസം പിന്നിടുമ്പോള്‍ അയ്യായിരത്തിലേറെ പരാതികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. വിഷയങ്ങള്‍ തരംതിരിച്ച് അതാതിടങ്ങളിലെ എം.എല്‍.എമാരെയും യു.ഡി.എഫ് പ്രവര്‍ത്തകരെയും അറിയിച്ചും പരിഹാരത്തിന് ശ്രമിക്കുന്നുണ്ട്.
അപ്പര്‍കുട്ടനാട്ടിലും തൃശൂരിലും പാലക്കാട്ടും കൊയ്ത്ത് മുടങ്ങുകയും നെല്ല് ഏറ്റെടുക്കാന്‍ അധികൃതര്‍ തയാറാവാതിരിക്കുകയും ചെയ്തതിനെപ്പറ്റി നിരവധി പരാതികളാണ് ലഭിച്ചത്. മന്ത്രി തലത്തില്‍ ഇടപെട്ട് അവയ്ക്ക് കുറെയൊക്കെ പരിഹാരമുണ്ടാക്കി. മത്സ്യബന്ധനവും വിപണനവും മുടങ്ങിയതോടെ ജീവിതം വഴിമുട്ടിയ മത്സ്യത്തൊഴിലാളികളുടെ പരാതിയും കണ്‍ട്രോള്‍ റൂമിലേക്ക് നിലയ്ക്കാതെ ഒഴുകിയെത്തിയിരുന്നു. നിയന്ത്രിതമായ തോതില്‍ മത്സ്യ വിപണനത്തിന് സൗകര്യമൊരുക്കാന്‍ പ്രതിപക്ഷ നേതാവിന്റെ ഇടപെടലോടെ സര്‍ക്കാര്‍ തയാറായി. ചികിത്സക്കും മരുന്നിനും ഭക്ഷണത്തിനുമായി എത്തുന്ന ഓരോ കോളിലും പ്രതിപക്ഷ നേതാവ് നേരിട്ട് തന്നെ ഇടപെട്ട് പരിഹാരമുണ്ടാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."