വികലാംഗര്‍ക്കും വിധവകള്‍ക്കുമുള്ള ബങ്കുകള്‍ മറിച്ചുവിറ്റതായി ആക്ഷേപം
നഗരസഭാ ചെയര്‍പേഴ്‌സണോ നഗരസഭാ സെക്രട്ടറിയോ തീരുമാനമെടുക്കാതെ പദ്ധതി നിര്‍വഹണ സമിതി ഉദ്യോഗസ്ഥന്‍ കൂടിയായ പ്രോജക്റ്റ് ഓഫിസറാണ് കഴിഞ്ഞ ദിവസം രണ്ട് ബങ്കുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചുവിറ്റത്.
കരുനാഗപ്പള്ളി: നഗരസഭയില്‍ വികലാംഗര്‍ക്കും വിധവകള്‍ക്കും സ്വയം തൊഴിലിനായി നല്‍കുന്നതിന് സൂക്ഷിച്ചിരുന്ന ബങ്കുകള്‍ ഗുണഭോക്തൃ ലിസ്റ്റില്‍ ഇല്ലാത്തവര്‍ക്ക് നഗരസഭയിലെ ഒരു ഉദ്യോഗഗസ്ഥന്‍ വ്യക്തികള്‍ക്ക് മറിച്ചു വിറ്റതായി ആരോപണം. ഇത് സംബന്ധിച്ച് നഗരസഭയില്‍ കഴിഞ്ഞ ദിവസം ഒരു കൗണ്‍സിലര്‍ മുന്നോട്ട് വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
നഗരസഭാ ചെയര്‍പേഴ്‌സണോ നഗരസഭാ സെക്രട്ടറിയോ തീരുമാനമെടുക്കാതെ പദ്ധതി നിര്‍വഹണ സമിതി ഉദ്യോഗസ്ഥന്‍ കൂടിയായ പ്രോജക്റ്റ് ഓഫിസറാണ് കഴിഞ്ഞ ദിവസം രണ്ട് ബങ്കുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചുവിറ്റത്. ഇതേ കുറിച്ച് നഗരസഭാ ചെയര്‍പേഴ്‌സണും സെക്രട്ടറിക്കും അറിയില്ലെന്നാണ് പറയുന്നത്.
2014-15 വര്‍ഷം എതാണ്ട് കാല്‍കോടി രൂപ അടങ്കല്‍ തുകയുള്ള പദ്ധതി വികസന ഫണ്ട് ഉപയോഗിച്ചാണ് വിധവകള്‍ക്കും വികലാംഗര്‍ക്കും സ്വയം തൊഴില്‍ പദ്ധതിയുടെ ഭഗമായി ബങ്കുകള്‍ നിര്‍മിച്ച് നഗരസഭയില്‍ സൂക്ഷിച്ചിരുന്നത്. ഒരു ബങ്കിന് ഏകദേശം അറുപതിനായിരം രൂപ വിലവരുമെന്നും പദ്ധതി നടപ്പാക്കലിന്റെ ഭാഗമായി 2014-15 ഘട്ടത്തില്‍ ഗുണഭോക്തൃ ലിസ്റ്റില്‍പ്പെട്ടവരില്‍ നിരവധിപേര്‍ ബങ്കുകള്‍ വാങ്ങിയിരുന്നെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു.
ചിലര്‍ ബങ്കുകള്‍ വേണ്ടെന്ന നിലപാടില്‍ ഉപേക്ഷിച്ചു പോയി. ബാക്കി വന്ന ബങ്കുകള്‍ കരുനാഗപ്പള്ളി നഗരസഭയുടെ കോഴിക്കോട് കേശവപുരത്തുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതില്‍ നിന്നു രണ്ട് ബങ്കുകള്‍ വ്യക്തികള്‍ക്ക് മറിച്ചു വിറ്റതായാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.
നേരത്തെ സമാനമായ സംഭവം ഉണ്ടായതായും പറയുന്നു. മാര്‍ച്ച് 30ന് ആയിരുന്നു പ്രോജക്റ്റ് ഓഫിസര്‍ നേരിട്ട് എത്തി മാല്യന്യ സംസ്‌കരണ പ്ലാന്റ് കോമ്പൗണ്ടില്‍ സൂക്ഷിച്ചിരുന്ന ബങ്കുകള്‍ കൊടുത്തത്. ഇത് പുറത്തായതോടെയാണ് നഗരസഭയില്‍ കണ്‍സിലര്‍മാര്‍ ഇതേക്കുറിച്ച് അന്വേഷിച്ചത്. ഭരണപക്ഷത്തെ ചില അംഗങ്ങളുടെ ഒത്തുകളിയാണിതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."