തപാല്‍ ജീവനക്കാരുടെ സമരം ശ്രദ്ധിക്കപ്പെട്ടില്ല
ഖലീഫ ഉമര്‍(റ) ഭരണ പരിഷ്‌കരണങ്ങളിലൊന്നാണ് തപാല്‍ സര്‍വീസ്. ലോകത്ത് ഇദംപ്രഥമമായി വിദൂര സ്ഥലങ്ങളിലേക്ക് വിവരങ്ങളെത്തിക്കാനുള്ള ഏക മാര്‍ഗം കത്തുകളയക്കുന്ന സമ്പ്രദായം ഏറ്റെടുത്ത് നടപ്പില്‍ വരുത്തിയത് എ.ഡി 640-ല്‍ മദീനയിലായിരുന്നു.
ഇന്റര്‍നെറ്റിന്റെ കുതിപ്പിലും തപാല്‍ നിറം മങ്ങാതെ പിടിച്ചുനിന്നു. ഇന്ത്യയുടെ തെക്കെ അറ്റത്തുനിന്ന് വടക്കെ അറ്റത്തേക്ക് 6 നയാപൈസക്ക് വിവരങ്ങളെത്തിച്ച ഇന്നലെകള്‍ മധുരമുള്ള ഓര്‍മയാണ്. നന്ദിയുള്ള വൃത്താന്തവും.
രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ കാല്‍നടയായും അല്ലാതെയും തപാലുരുപ്പടികളെത്തിക്കാന്‍ കഷ്ടപ്പെടുന്നവന് ചായക്കാശ് നല്‍കാന്‍ തപാല്‍ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴും തുച്ഛം ശമ്പളമാണ് പല ജീവനക്കാര്‍ക്കും ലഭിക്കുന്നത്. ഇതൊരു അധഃസ്ഥിത വകുപ്പായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്. കമ്പിതപാല്‍ വലിയൊരു ശൃംഖലയും സംഭവവുമായിരുന്നു. 1921-ല്‍ ഇന്ത്യയിലാദ്യമായി മുംബൈയില്‍ റേഡിയോ പ്രക്ഷേപണം സാധ്യമാക്കിയത് കമ്പിതപാല്‍ വകുപ്പിന്റെ സഹായത്തോടെയാണ്. ഇത്ര വലിയ ജനകീയാടിത്തറയും വൈകാരിക ബന്ധവുമുള്ള മറ്റു വകുപ്പുകള്‍ അധികമില്ല.
പല സമരങ്ങളും ലക്ഷ്യം കാണാതെ പോകാറുള്ളത് പൊതുസമൂഹത്തിന്റെ പിന്തുണ ഇല്ലാത്തതുകൊണ്ടാണ്. എന്നാല്‍, സേവന വേതന വ്യവസ്ഥയില്‍ വലിയ പാകപ്പിഴവുള്ളതും ജനങ്ങളുമായി ഏറെ അടുപ്പമുള്ളതുമായ തപാല്‍ സമരം ലക്ഷ്യം പൂര്‍ത്തിയായിട്ടില്ല.
ദരിദ്രരുടെ കണക്കെടുത്താല്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. എങ്കിലും ജീവനക്കാര്‍ക്ക് മികച്ച ശമ്പള നിരക്കാണിവിടെ. പക്ഷെ, തപാല്‍ വകുപ്പില്‍ അത് വേണ്ടത്ര പ്രകടമല്ല.
ടെക്‌നോളജി തീര്‍ത്ത മലവെള്ളപ്പാച്ചിലിലും പ്രസക്തി നഷ്ടപ്പെടാത്ത തപാല്‍ മേഖല പുഷ്ടിപ്പെടുത്താന്‍ പല പദ്ധതികളും വെളിച്ചം കണ്ടെങ്കിലും അടിസ്ഥാന പ്രശ്‌നങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു.
ദുരഭിമാനം
സാമ്പത്തിക പിന്നാക്കാവസ്ഥ മരണം വിധിക്കാനുള്ള കുറ്റമാണെന്ന് കോട്ടയത്തു നിന്ന് വാര്‍ത്ത കേള്‍ക്കാനിടയായത് ഓര്‍ക്കാന്‍ വയ്യ. ചാക്കോ മുതലാളിയുടെ മകള്‍ നീനുവിന് ദരിദ്രനായ കെവിനെ വരിക്കാന്‍ അനുവദിക്കാതെ തട്ടിക്കൊണ്ടുപോയി കണ്ണു ചൂഴ്‌ന്നെടുത്തു കൊന്നുകളഞ്ഞ ദുരഭിമാനം അപരിഷ്‌കൃതമായിപ്പോയി.
പൊലിസിന്റെ ഭാഗത്തുനിന്നു വീഴ്ച വന്നതിലും പണമാണ് വില്ലന്‍. നീനു കരഞ്ഞു പറഞ്ഞിട്ടും സബ്ഇന്‍സ്‌പെക്ടര്‍ വെറുതെ ഫോണില്‍ വര്‍ത്തമാനം പറഞ്ഞു സമയം കളഞ്ഞതും കരളുറപ്പുള്ളവര്‍ക്ക് അലിയിക്കുന്ന കഥയാണ്.
ഇഷ്ടം തോന്നാന്‍ ആര്‍ക്കാണവകാശമില്ലാത്തത്. കെ.ആര്‍ നാരായണന് വിദേശിയെ പ്രണയിച്ചു ഇണയാക്കാന്‍ തോന്നി, രാജീവ് ഗാന്ധിക്കും ഇങ്ങനെ ഒരു യോഗം ഉണ്ടായി. ടി.വി തോമസും കെ.ആര്‍ ഗൗരിയും പാര്‍ട്ടി പറഞ്ഞു ഇണങ്ങി പാര്‍ട്ടി പറഞ്ഞു പിണങ്ങി. നരേന്ദ്രമോദി ഇണങ്ങിപ്പിണങ്ങി. വാജ്‌പേയ് പെണ്ണ് കെട്ടിയില്ല. കുമ്മനവും പെണ്ണിഷ്ടപ്പെടാത്ത കൂട്ടത്തിലാണ്. ഇതിനിടയില്‍ 'കൊല' വരുന്നതെങ്ങനെയാണ്. ഏത് ദുഷ്ടനും സ്‌നേഹമെന്ന വികാരം ഉണ്ടാവും. അതും ഇല്ലെങ്കില്‍ പിശാചായി മാറുമെന്നല്ലേ കരുതാനാവുക.
'പരാജിതനായിട്ടും മരിച്ചിട്ടും പേടിപ്പെടുത്തുന്ന ഭീകരനായി ഹിറ്റ്‌ലര്‍ അവശേഷിക്കുന്നു' (സമാധാന നൊബേല്‍ സമ്മാന ജേതാവ് ഈലി വീബന്‍ ടൈം മാഗസിന്‍ ഏപ്രില്‍ 3, 1998)
ഹിറ്റ്‌ലര്‍ പോലും തന്റെ അമ്മയേയും വളര്‍ത്തുനായയേയും ഹൃദയപൂര്‍വം സ്‌നേഹിച്ചിരുന്നു. സ്വയം വെടിവച്ചു മരിക്കുന്നതിന്റെ മുമ്പു തന്റെ നായയെ കൊല്ലാനും മരണം വരെ അമ്മയുടെ പടം കൈയില്‍ സൂക്ഷിക്കാനും ഹിറ്റ്‌ലര്‍ ശ്രദ്ധിച്ചിരുന്നു. സ്‌നേഹം വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാവാത്ത മാനസിക ഭാവമാണ്.
സാംസ്‌കാരിക-വിദ്യാഭ്യാസ രംഗത്ത് തങ്ങള്‍ ലോകത്തിന്റെ നെറുകയിലാണെന്ന അവകാശവാദം ഇനി മലയാളിക്ക് ചേരില്ല. നീനു പൊട്ടിക്കരഞ്ഞു പറഞ്ഞത് എന്റെ മാതാപിതാക്കളാണ് എന്റെ പ്രിയതമനെ കൊന്നുകളഞ്ഞതെന്നാണ്. ഈ അച്ഛനമ്മമാര്‍ കേരളത്തിന്റെ കളങ്കം മാത്രമല്ല കാപട്യവും കൂടിയാണ്.
ആന്ധ്രയോ ചാണ്ടിയോ
ഉമ്മന്‍ ചാണ്ടി സമാനതകളില്ലാത്ത സംഘാടകനാണ്. ഈ മികവ് ഗ്രൂപ്പിസത്തിലും പുലര്‍ത്തിവന്നു. കരുണാകരനെന്ന ചാണക്യനെ ഡിക്ക് കോണ്‍ഗ്രസിലെത്തിക്കാന്‍ മാത്രം മികവാര്‍ന്ന ഗ്രൂപ്പ് പ്രവര്‍ത്തനം ചാണ്ടിക്കല്ലാതെ ആര്‍ക്കാവും.
നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കാന്‍ എം.പിമാരുടെ അഭിപ്രായം നേടിയ ഈ പെരിയ കരുണാകരനെ അതേ റാവുവിന്റെ മന്ത്രിസഭയില്‍ വ്യവസായ വകുപ്പു മന്ത്രിയാക്കി സാറ് വിളിപ്പിച്ചതിന്റെ മുഖ്യ പങ്കും ചാണ്ടിക്ക് തന്നെയാണ്.
തെരഞ്ഞെടുപ്പിന്റെ വക്കത്ത് കോലാഹലം ഉണ്ടാക്കി സി.എം കസേര തെറിപ്പിച്ച സുധീരനും ചെന്നിത്തലയും പോറലേല്‍ക്കാതെ വിട്ടേച്ചു വേണം ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രയിലേക്ക് വണ്ടി കയറാനും എ.ഐ.സി.സി കാര്യദര്‍ശിപ്പണി ഏല്‍ക്കാനും.
നരസിംഹറാവു ആന്ധ്രക്കാരനായിരുന്നു. കോണ്‍ഗ്രസ് നിറഞ്ഞുനിന്ന നാട്. പിന്നീട് രാമറാവു വന്നു. തെലുങ്ക്‌ദേശം പാര്‍ട്ടി ഉണ്ടാക്കി ആന്ധ്ര പിടിച്ചു കോണ്‍ഗ്രസിനെ പടിയടച്ചു പിണ്ഡവും വച്ചു. 2019-ലെ പൊതുതെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷി സാധ്യതയാണ് രാഷ്ട്രീയ ഇന്ത്യ ഇപ്പോള്‍ കാണുന്നത്. അടുത്ത പ്രധാനമന്ത്രി പ്രാദേശിക പാര്‍ട്ടി നേതാവായിരിക്കുമെന്ന ചന്ദ്രബാബു നായിഡുവിന്റെ വര്‍ത്തമാനം കോണ്‍ഗ്രസിന്റെ ചങ്കിനാണ് കൊണ്ടത്. കര്‍ണാടകയില്‍ കാണിച്ചത് കൈ അബദ്ധമായോ എന്നാണിപ്പോള്‍ ഹൈക്കമാന്റിന്റെ വീണ്ടുവിചാര ചിന്ത.
ബി.ജെ.പിയെ തടയാന്‍ കുമാരസ്വാമിക്ക് കസേര ചൂണ്ടിക്കാണിച്ച സോണിയാ ഗാന്ധിയുടെ പിന്നില്‍ അഹമ്മദ് പട്ടേലോ ഗുലാംനബി ആസാദോ ഉണ്ടായിരുന്നു. ഒരു ജയം മറ്റൊരു പരാജയത്തിന് ആക്കം കൂട്ടലാവരുത്. ഏറ്റവും വലിയ രണ്ടാം കക്ഷിക്ക് ഡല്‍ഹിയിലും കാഴ്ചക്കാരനോ ഉപപ്രധാനമന്ത്രിയോ ആകേണ്ടിവരുമോ എന്നതാണ് ആശങ്ക.
ഉമ്മന്‍ചാണ്ടി കഠിനാധ്വാനിയാണ്. 13 ലക്ഷം അപേക്ഷകള്‍ അര്‍ധരാത്രി വരെ ഉറക്കമൊഴിച്ച് വാങ്ങിവച്ച ആളാണ്. ജനകീയനും ആധുനിക രാഷ്ട്രീയം പഠിച്ചയാളുമാണ്. ആന്ധ്രക്കാര്‍ കേരളീയരെപ്പോലെയല്ല. ഉടനടി മെച്ചം അതാണവിടുത്തെ രാഷ്ട്രീയ എത്തിക്‌സ്. മാര്‍ഗമെന്തുമാവാം അധികാരം കിട്ടിയാല്‍ മതി. ജനാര്‍ദന റെഡ്ഡിയും വൈ.എസ്.ആറും ഉയര്‍ത്തിയേക്കാവുന്ന വെല്ലുവിളികള്‍ തരണം ചെയ്തു എം.പിമാരുടെ എണ്ണത്തില്‍ കണക്കുകൂട്ടിവച്ച സംഖ്യ ഒപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്കായാല്‍ രാഹുല്‍ ഗാന്ധിയുടെ ഉപദേശകന്‍ വിജയിച്ചു. ആന്ധ്ര ആയതിനാല്‍ ഹിന്ദി അറിയേണ്ടതില്ല. തെലുങ്കര്‍ക്ക് രാഷ്ട്രഭാഷാ ഭ്രാന്തില്ലെന്നതും ഉമ്മന്‍ചാണ്ടിക്ക് ഗുണം ചെയ്യും. ആന്ധ്രയും പോയി. കേരളവും പോയി എന്ന പരിഭവത്തിലേക്ക് പതിക്കാതെ നോക്കാന്‍ ഉമ്മന്‍ചാണ്ടിക്കാവണം. ആന്ധ്ര വെല്ലുവിളിയാണെന്ന് ചാണ്ടി പറഞ്ഞത് വെറുതെയല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."