പെരിക്കല്ലൂര്‍ കടവിലെ കലുങ്ക് അപകട ഭീഷണിയില്‍
പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ കടവിലെ അപകടഭീഷണിയായ കലുങ്ക് നന്നാക്കാന്‍ നടപടി വേണമെന്ന ആവശ്യം ഉയരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച കലുങ്ക് ഇപ്പോള്‍ അപകടഭീഷണിയിലാണ്. കലുങ്കിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്ന് വീഴുന്നത് വര്‍ധിച്ചതോടെ ഇതുവഴി വാഹനങ്ങള്‍ക്കും മറ്റും കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. കബനി പുഴയോട് ചേര്‍ന്ന കലുങ്കിന് 30 വര്‍ഷമെങ്കിലും പഴക്കമുണ്ട്. തോണിക്കടവിലേക്കും തേന്മാവ് കടവിലേക്കും ബൈരക്കുപ്പയിലേക്കും പോകുന്നത് ഇതുവഴിയാണ്. കലുങ്കിന് വീതി കുറവായതിനാല്‍ പെരിക്കല്ലൂര്‍ പാടത്ത് നിന്നുള്ള മഴവെള്ളം ഒഴുകി പോകുന്നില്ല.
ഇതുമൂലം മഴവെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്ന അവസ്ഥയാണ്. നിരവധി തവണ കലുങ്ക് പുതുക്കി പണിയണമെന്ന് പരാതി നല്‍കിയെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ബൈരക്കുപ്പ കടവിലേക്കുള്ള റോഡ് ടാര്‍ ചെയ്യുമ്പോള്‍ കലുങ്ക് പുതുക്കിപണിയുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ റോഡിന്റെ പണി പൂര്‍ത്തീകരിച്ചിട്ടും കലുങ്ക് നിര്‍മാണം ആരംഭിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. കലുങ്ക് പുതുക്കി പണിയുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ജനപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ തയാറാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."