കണിവെള്ളരിയുമായി വൃദ്ധസദനത്തിലേക്ക് കുരുന്നുകളെത്തി
കാഞ്ഞങ്ങാട്: ഹരിതസേനയുടെ ജൈവ പച്ചക്കറിത്തോട്ടത്തിലെ വിഷം തീണ്ടാത്ത പച്ചക്കറിയുമായി അരയി ഗവ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളായ നീലിമ,അമ്പിളി,അനുശ്രീ, ശ്രീഹരി, ഫയാസ് എന്നിവര്‍ മടിക്കൈ മലപ്പച്ചേരിയിലെവൃദ്ധസദനത്തിലെത്തി. മധ്യവേനലവധിക്ക് സ്‌കൂള്‍ അടച്ച് കൂട്ടുകാരോടൊത്തു കളിച്ച് രസിക്കേണ്ട കുട്ടികള്‍ അധ്യാപകരോടും പി.ടി.എ കമ്മിറ്റി അംഗങ്ങളോടുമൊപ്പം കാരുണ്യത്തിന്റെ കണിവെള്ളരിക്കയുമായി തങ്ങളെ കാണാനെത്തിയപ്പോള്‍ ഏകാന്തതയും അനാഥത്വവും മാറാല കെട്ടിയ അന്തേവാസികളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിരയിളക്കം. ചീര, വഴുതിന, ചെരങ്ങ,കുമ്പളങ്ങ,പച്ചമുളക്, വാളന്‍പയര്‍ എന്നിവയോടൊപ്പം ഒരാഴ്ചത്തേക്കുള്ള അരിയും കുട്ടികള്‍ വൃദ്ധസദനത്തിലെത്തിച്ചു.
ഭക്ഷ്യ വിഭവങ്ങളോടൊപ്പം കൊണ്ടുവന്ന കണിച്ചട്ടി കണ്ടപ്പോള്‍ മുത്തശ്ശിമാരുടെ മുഖത്ത് പണ്ടത്തെ ഓര്‍മകള്‍ മിന്നി മറഞ്ഞു.
പോളിയോ ബാധിച്ചു കാലുകള്‍ തളര്‍ന്ന എം.എം ചാക്കോച്ചന്‍ മാനേജരായ ന്യൂ മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന വൃദ്ധ വികലാംഗ മന്ദിരത്തില്‍ നൂറ്റി ഇരുപത്തിയഞ്ചോളം അന്തേവാസികളുണ്ട്.
മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രമീള പച്ചക്കറികള്‍ അന്തേവാസികള്‍ക്ക് കൈമാറി. പ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് എസ്.സി റഹ്മത്ത്, അധ്യാപിക ലിസി ജേക്കബ്, പി ഭാസ്‌ക്കന്‍ കെ മദനന്‍, എം.എം ചാക്കോ എന്നിവരും വിദ്യാര്‍ഥികളോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."