അതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനകളുടെ വിളയാട്ടം രൂക്ഷം
മുള്ളേരിയ: അതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനകളുടെ വിളയാട്ടം രൂക്ഷമായി. വേനല്‍ ചൂടിന്റെ കാഠിന്യത്തില്‍ നീരുറവകളില്‍ ജല ലഭ്യത കുറവായതോടെ വെള്ളമില്ലാതെ ഉണങ്ങുന്ന കൃഷിയിടങ്ങളിലേക്കു കാട്ടാനക്കൂട്ടവും എത്തുന്നതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണു കര്‍ഷകര്‍. കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴിയിലെ കര്‍ഷകര്‍ക്കാണ് ഈ ദുരവസ്ഥ. വേനലിന്റെ തുടക്കത്തില്‍ തന്നെ കിണറുകളും കുളങ്ങളും വറ്റാന്‍ തുടങ്ങി. ലഭ്യമായ വെള്ളം ഉപയോഗിച്ച് കാര്‍ഷിക വിളകള്‍ നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്നതിനിടയിലാണ് ആനക്കൂട്ടം കൃഷികള്‍ നശിപ്പിക്കുന്നത്. കൊട്ടംകുഴിയിലെ കെ.എന്‍ മോഹനന്‍ നമ്പ്യാരുടെ കൃഷിയാണ് കാട്ടാനക്കൂട്ടം കഴിഞ്ഞ ദിവസം ചവിട്ടി മെതിച്ചത്. അന്‍പതോളം വാഴകള്‍ നശിച്ചു. ജല സേചനത്തിനായി സൂക്ഷിച്ച പൈപ്പുകളും തകര്‍ത്തു. ദിവസങ്ങള്‍ക്കു മുമ്പ് കാട്ടാനകള്‍ ഇതേ കൃഷിയിടത്തിലെത്തി കായ്ക്കുന്ന തെങ്ങുകള്‍ മറിച്ചിട്ടിരുന്നു. പകല്‍ സമയങ്ങളില്‍ കര്‍ണാടക വനമേഖലയിലേക്കു കടക്കുന്ന കാട്ടാനക്കൂട്ടം രാത്രിയാവുന്നതോടെ കൃഷിയിടത്തിലിറങ്ങുന്നു. ദിവസങ്ങള്‍ മാത്രം പ്രായമായ കുട്ടിയാന ഈ കൂട്ടത്തിലുണ്ട്.
രണ്ടു കൂട്ടങ്ങളായാണു കര്‍ണാടകയോടു ചേര്‍ന്നു കിടക്കുന്ന അഡൂര്‍ പാണ്ടി ഭാഗത്തും ഇക്കരെ കൊട്ടം കുഴി, കാറഡുക്ക, കാനത്തുര്‍ ഭാഗങ്ങളിലുമായി കൃഷി വ്യാപകമായി നശിപ്പിക്കുന്നത്. ആനക്കൂട്ടം കാര്‍ഷിക വിളകള്‍ പൂര്‍ണമായും നശിപ്പിച്ചതോടെ കൊട്ടംകുഴി ചെറ്റോണിയിലെ ചാത്തു നായര്‍ തന്റെ സ്ഥലം വനം വകുപ്പിനു കൈമാറിയിരുന്നു. കാനത്തുര്‍മൂലയിലെ മോഹനന്‍, കൊട്ടംകുഴിയിലെ ഏക്കോല്‍ ചന്തുകുട്ടി മണിയാണി, കേളു മണിയാണി എന്നിവരുടെ കൃഷിയും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."