കാലം മായ്ക്കാതെ മറിയുമ്മയുടെ നോമ്പോര്‍മകള്‍
തലശ്ശേരി: തലശ്ശേരിക്കാരുടെ ഇംഗ്ലിഷ് മറിയുമ്മയ്ക്കും പറയാനുണ്ട് ഓര്‍മയില്‍ സൂക്ഷിച്ച പഴയകാല നോമ്പിന്റെ വേറിട്ട രീതികള്‍. പ്രായം 91ല്‍ എത്തിനില്‍ക്കുന്ന മാളിയേക്കല്‍ മറിയുമ്മക്ക് അന്നത്തെ കാലത്തെ നോമ്പുതുറകള്‍ ഇന്നും മറക്കാന്‍ കഴിയില്ല. പ്രായാധിക്യത്താലുള്ള ശാരീരിക അവശത മാറ്റിവച്ച് തന്റെ ഓര്‍മച്ചെപ്പ് തുറക്കുമ്പോള്‍ മറിയുമ്മക്ക് നൂറുനാവാണ്. 1940കളിലെ ഓര്‍മകളില്‍ മനസില്‍ ഓടിയെത്തുന്നത് മാറിമാറി ഉണ്ടാക്കുന്ന വിഭവങ്ങളുടെ നീണ്ട പട്ടിക തന്നെയാണ്. ബാങ്കിന് ശേഷം നോമ്പുതുറക്ക് വേണ്ടി ആദ്യം മേശയിലെത്തുക തരിക്കഞ്ഞി, കോഴിയട, കല്ലുമ്മക്കായ് നിറച്ചത്, രണ്ടുതരം ജ്യൂസ് എന്നിവയാണ്. ഇതാണ് അന്ന് ചെറിയ നോമ്പുതുറയെന്ന പേരില്‍ അറിയപ്പെട്ടത്. തുടര്‍ന്നുള്ള വലിയ നോമ്പുതുറക്ക് വിവിധ തരം പലഹാരങ്ങള്‍, കൊഞ്ചിന്‍ പത്തിരി, ചട്ടിപത്തല്‍, അരിപത്തിരി, മുട്ട സിര്‍ക്ക, റൊട്ടി പത്തല്‍, മീന്‍ പത്തിരി, ജീരക കഞ്ഞി, കോഴിക്കറി, ആട്ടിന്‍ തലക്കറി, മീന്‍ കറി തുടങ്ങി നീണ്ട നിര തന്നെ കാണും. ഇന്ന് എല്ലാം മാറി, സ്ത്രീകള്‍ ഉള്‍പ്പെടെയു്ള്ളവര്‍ നോമ്പുതുറ വിഭവങ്ങള്‍ വാങ്ങാന്‍ നേരെ പോകുന്നത് ബേക്കറികളിലാണ്. ആര്‍ക്കും ഒന്നും ഉണ്ടാക്കാന്‍ സമയമില്ലെന്നും മറിയുമ്മ ദു:ഖത്തോടെ പറയുകയാണ്.
പുലര്‍ച്ചെ മൂന്നിന് എഴുനേറ്റ് അത്താഴ ചോറ് കഴിച്ചതിന് ശേഷം നേന്ത്രപ്പഴം ചുട്ട് പഴുവിന്‍നെയ്യും പുരട്ടി നോമ്പു നോല്‍ക്കുന്നവര്‍ കഴിക്കാറുണ്ട്. നിസ്‌കാരത്തിന് ശേഷം ഖുറാന്‍ വായിച്ച് കിടന്നുറങ്ങും. എഴുന്നേറ്റ് പത്രപാരായണവും കഴിഞ്ഞ് ഉച്ചക്ക് രണ്ടോടെ വീട്ടിലെ സ്ത്രീകള്‍ നോമ്പുവിഭവങ്ങള്‍ തയാറാക്കാനുള്ള തിരക്കിലായിരിക്കും.
തലശ്ശേരിയില്‍ 1950കളില്‍ രണ്ട് ബസ് മാത്രം സര്‍വിസ് നടത്തിയ കാലവും മറിയുമ്മക്ക് മറക്കാന്‍ കഴിയില്ല. ടി.സി റോഡിലെ മാളിയേക്കല്‍ വീടിന് മുന്നിലാണ് തലശ്ശേരിയിലെ ബസ്‌റ്റോപ്പ്. മാനന്തവാടി ഭാഗത്തേക്ക് സര്‍വിസ് നടത്തികൊണ്ടിരുന്ന ശ്രീരാമ ബസിന്റെ പേര് കാലം മായ്ക്കാതെ മനസില്‍ സൂക്ഷിച്ച മറിയുമ്മക്ക് മറ്റൊരു ബസിന്റെ പേരും നാവിന്‍തുമ്പിലെത്തുന്നില്ല. എന്നിരുന്നാലും കൊട്ടിയൂര്‍ ഉത്സവകാലത്താണ് മിക്കപ്പോഴും നോമ്പുകാലവും വരുന്നതെന്ന ഓര്‍മ ഇന്നുമുണ്ട്. മാളിയേക്കല്‍ വീടിന് മുന്നില്‍ കൊട്ടിയൂര്‍ തീര്‍ഥാടകര്‍ ബസിന് കാത്തുനില്‍ക്കുമ്പോള്‍ വിശ്രമത്തിനായി ചിലര്‍ ഈ വീട്ടിലെ വരാന്തയില്‍ എന്നുമെത്തും. അവര്‍ക്ക് നോമ്പു വിഭവങ്ങളും ചായയും വിതരണം ചെയ്യുന്നതും കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഇവിടെ ബസിറങ്ങി വരുന്നവര്‍ മാളിയേക്കല്‍ വീട്ടിലെ കുട്ടികള്‍ക്കെല്ലാം ഓടപ്പൂ സമ്മാനിക്കുന്ന നല്ലകാലവും മറിയുമ്മ മറന്നിട്ടില്ല.
1938ല്‍ തലശ്ശേരി കോണ്‍വെന്റ് സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ മറിയുമ്മക്ക് ഇംഗ്ലിഷ് ഒട്ടും വശമില്ലായിരുന്നു. എന്നാല്‍ എല്ലാവരും ഇംഗ്ലിഷ് പറയുമ്പോള്‍ മറിയുമ്മക്ക് വല്ലാത്ത ദു:ഖവും തോന്നി. ഇക്കാര്യം വീട്ടുകാരോട് പറഞ്ഞ് ഇംഗ്ലിഷില്‍ പ്രത്യേക ട്യൂഷന്‍ ഒരുക്കി. ഫിഫ്ത്ത് ഫോറത്തിലെ വിദ്യാഭ്യാസത്തിനിടെ 1943ല്‍ വിവാഹം നടന്നതോടെ പഠനം നിര്‍ത്തേണ്ടി വന്നെന്ന് മറിയുമ്മ പറയുമ്പോഴും ആംഗലേയ ഭാഷയെ കൂട്ടുപിടിച്ച് തന്നെ സംസാരിക്കുകയായിരുന്നു. തലശ്ശേരി റെയില്‍വെ സ്റ്റേഷന് സമീപത്തെ മാളിയേക്കലെ മറിയാ മഹലില്‍ നിന്ന് പഴയകാല ഓര്‍മകളെ ചാരുതയോടെ ചികഞ്ഞെടുക്കുമ്പോഴും ഇപ്പോള്‍ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് നോമ്പ് നോല്‍ക്കാന്‍ സാധിക്കാത്ത വിഷമത്തിലാണ് തലശ്ശേരിക്കാരുടെ സ്വന്തം ഇംഗ്ലിഷ് മറിയുമ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."