ബ്ലോഗ് എക്‌സ്പ്രസിന് ആവേശകരമായ വരവേല്‍പ്
നീലേശ്വരം/ബേക്കല്‍: കേരളാ ടൂറിസത്തിന്റെ പ്രചരണാര്‍ഥം ജില്ലയിലെത്തിയ ബ്ലോഗ് എഴുത്തുകാരുടെ യാത്രാസംഘത്തിന് ജില്ലയില്‍ ആവേശകരമായ വരവേല്‍പ്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ അതിഥികളായി അമേരിക്ക, ഇംഗ്ലണ്ട്, ഇറ്റലി, ജര്‍മനി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങി 30 രാജ്യങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ബ്ലോഗര്‍മാരുടെ സംഘമാണ് ജില്ലയിലെത്തിയത്.
ബ്ലോഗര്‍മാര്‍ ഇന്നു ബേക്കലിന്റെ വാനില്‍ പട്ടം പറത്തും. മെയ് 5,6,7, തിയതികളില്‍ ലയണ്‍സ് ക്ലബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട്, കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെയും ബി. ആര്‍.ഡി.സിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയുടെ ഭാഗമായാണ് ബേക്കലില്‍ ഇന്നു വൈകുന്നേരം മൂന്നിനു വിദേശ ബ്ലോഗര്‍മാര്‍ പട്ടം പറത്തുക.
കഴിഞ്ഞ വര്‍ഷം നടത്തിയ ബേക്കല്‍ പട്ടം പറത്തല്‍ മേള ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇത്തവണ ചൈന, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രശസ്ത ടീമുകള്‍ക്ക് പുറമേ കൊച്ചിയിലെ എ.പി.ജെ അബ്ദുല്‍ കലാം കൈറ്റ് ടീം, അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന വണ്‍ ഇന്ത്യാ കൈറ്റ് ടീം എന്നിവയും പട്ടം പറത്തല്‍ മേളയില്‍ പങ്കെടുക്കും. ഈ വര്‍ഷം മുതല്‍ മലബാര്‍ കൈറ്റ് ഫെസ്റ്റ് എന്ന പേരിലാണ് പട്ടം പറത്തല്‍ മത്സരം അറിയപ്പെടുക. പട്ടം പറത്തലിനു പുറമേ കഥകളി, ശിങ്കാരിമേളം, കളരിപ്പയറ്റ്, കോല്‍ക്കളി, ഒപ്പന, മാര്‍ഗ്ഗംകളി തുടങ്ങിയ കേരത്തിന്റെ തനതുകലാ രൂപങ്ങളും ഗാനമേള, ഗസല്‍ സംഗീതം, യുവാക്കള്‍ക്കായി പ്രശസ്ത കാറോട്ടക്കാരന്‍ മൂസ ശരീഫ് നേതൃത്വത്തില്‍ ബീച്ച് ഡ്രൈവിങ്ങും ഇപ്രാവശ്യത്തെ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിനോദ സഞ്ചാരമേഖലയ്ക്കു ഉണര്‍വേകുന്നതിനായി കേരളാ ടൂറിസം വകുപ്പ് 2014ല്‍ ആരംഭിച്ച കേരള ബ്ലോഗ് എക്‌സ്പ്രസ് ഇതിനോടകം ആഗോള ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് രാജ്യാന്തരതലത്തില്‍ വിപണി നേടുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്.
ഇന്നലെ നീലേശ്വരത്തെത്തിയ സംഘം വഞ്ചിവീട്ടില്‍ സഞ്ചരിച്ച് വലിയപറമ്പ് കായലിന്റെ സൗന്ദര്യം ആസ്വദിച്ചു. കടിഞ്ഞിമൂലയില്‍ സംഘത്തിനു സ്വീകരണം ഒരുക്കിയിരുന്നു. ജില്ലാ വഞ്ചിവീട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി കൃഷ്ണന്‍, സെക്രട്ടറി വി.വി രാജേഷ്, ടി.വി മനോജ്കുമാര്‍ എന്നിവര്‍ സ്വീകരണത്തിനു നേതൃത്വം നല്‍കി.
കേരളാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരായ പി മുരളീധരന്‍, കെ.എസ് ഷൈന്‍, കെ.ആര്‍ സജീവ്, ടൂറിസ്റ്റ് ഗൈഡ് മനോജ് വാസുദേവന്‍ എന്നിവര്‍ ബ്ലോഗര്‍മാരെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."