ആസിയയുടെ നോമ്പ്
നോമ്പുകാലം എത്തുമ്പോള്‍ ആദ്യം എന്റെ മനസില്‍ തെളിഞ്ഞുവരുന്നത് ബാല്യകാല സുഹൃത്തായ ആസിയയുടെ മുഖമാണ്. ജെ.ഡി.ടി ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴുള്ള പരിചയമാണ് ആസിയയുമായി. നോമ്പെത്താനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന അവളുടെ മുഖം പലപ്പോഴും എന്നെ ആഹ്ലാദിപ്പിച്ചിട്ടുണ്ട്. നോമ്പെടുക്കുന്നതിനു മുന്‍പേ തന്നെ അവള്‍ ഞങ്ങളോടു തിരക്കും.. നോമ്പിന് ഇനി എത്ര ദിവസമുണ്ട്? നോമ്പാകാനായില്ലേ? അവളുടെ ആകാംക്ഷയുടെ കാരണം അന്ന് മനസിലായില്ലെങ്കിലും പിന്നീട് എനിക്ക് വ്യക്തമായി. വീട്ടുകാരോടൊപ്പം ഉപവാസമെടുക്കാന്‍ കൗമാരക്കാര്‍ക്ക് പ്രത്യേക ഉത്സാഹമായിരിക്കും. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്.
ഞാനും നോമ്പെടുക്കാറുണ്ടെന്ന് ഒരിക്കല്‍ പറഞ്ഞപ്പോള്‍ അവള്‍ കൗതുകത്തോടെ എന്നോടു ചോദിച്ചു. ശരിക്കും നോമ്പെടുക്കുമോ? അന്ന് അവളുടെ കണ്ണുകളില്‍ കണ്ട കൗതുകം അരനൂറ്റാണ്ടിനിപ്പുറം അടുത്തിടെ അവളെ കണ്ടപ്പോഴും മിഴികളില്‍ സ്ഫുരിച്ചിരുന്നു. ഭക്ഷണം ഉപേക്ഷിച്ച് ശരീരത്തോടൊപ്പം ആത്മാവിനേയും ശുദ്ധീകരിക്കുക എന്നതായിരിക്കണം ഉപവാസത്തിന്റെ പിന്നിലെ ലക്ഷ്യം. നല്ല ഭക്ഷണം ഉറ്റവരോടൊപ്പം പങ്കിട്ടു കഴിക്കുമ്പോഴും അതിനായി ഹൃദയത്തോടു ചേര്‍ന്നുള്ളവരെ ക്ഷണിക്കുമ്പോഴുമെല്ലാം നോമ്പ് അര്‍ഥ പൂര്‍ണമായി മാറുന്നു. പകല്‍ മുഴുവന്‍ ഭക്ഷണം കഴിക്കാതിരുന്ന് രാത്രി കഴിക്കുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നോമ്പ് കാലത്ത് ഗള്‍ഫിലുള്ള എന്റെ പല സുഹൃത്തുക്കളും നാട്ടിലെത്തും. നമ്മുടെ നാട്ടിലെ നോമ്പാണ് നോമ്പെന്ന് അവര്‍ പറയുമ്പോള്‍ എനിക്കും ഏറെ സന്തോഷം തോന്നാറുണ്ട്.
വിശന്നാല്‍ മാത്രം ഭക്ഷണം കഴിക്കുന്ന മൃഗങ്ങളെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു നമ്മളും. കിട്ടിയതെന്തും വാരിവലിച്ചു തിന്നുന്ന നമ്മുടെ പ്രകൃതത്തിന് അന്ത്യം കുറിക്കുന്നതാണ് യഥാര്‍ഥത്തില്‍ ഉപവാസങ്ങളെല്ലാം. എന്നാല്‍ നാം അത് തിരിച്ചറിയുന്നില്ലെന്ന് മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."