കുടിയേറ്റത്തൊഴിലാളികളുടെ ശമ്പളം: ഉത്തരവിടാന്‍ വിസമ്മതിച്ച് സുപ്രിം കോടതി
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാരണം പ്രയാസത്തിലായ കുടിയേറ്റത്തൊഴിലാളികള്‍ക്ക് ശമ്പളം സര്‍ക്കാര്‍ നല്‍കണമെന്ന ആവശ്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി. ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട ഹരജിക്കാരുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണോട് തീരുമാനമെടുക്കാനുള്ള സര്‍ക്കാരിന്റെ വിവേചനാധികാരത്തെ തങ്ങളുടെ വിവേചനാധികാരം കൊണ്ട് കവര്‍ന്നെടുക്കുന്നതില്‍ അര്‍ഥമില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെയുടെ മറുപടി.
കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 13ലേക്ക് മാറ്റിയതിനെത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഉടന്‍ ഉത്തരവുണ്ടാകണമെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതി മുമ്പാകെ അഭ്യര്‍ഥിച്ചത്. എന്നാല്‍ അടുത്ത പത്തോ പതിനഞ്ചോ ദിവസത്തേക്ക് കേന്ദ്രസര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നായിരുന്നു കോടതി നിലപാട്.
തൊഴിലാളികളെ സഹായിക്കാന്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ സര്‍ക്കാര്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും അഭയകേന്ദ്രവും നല്‍കണമെന്നും അവരുടെ വാടക ഒഴിവാക്കി നല്‍കണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവെന്നും എന്നാലിത് പാലിക്കപ്പെട്ടിട്ടില്ലെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. ഹരജിക്കാരന്റെ വാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന നിലപാടായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ സ്വീകരിച്ചത്. കോടതിയില്‍ തല്‍സ്ഥിതി റിപോര്‍ട്ടും കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ചു.
കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നായിരുന്നു ഈ മാസം മൂന്നിന് കേസ് പരിഗണിക്കവെ ജസ്റ്റിസ് എല്‍. നാഗേശ്വര റാവു, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നത്. ഇന്നലെ ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ്.കെ കൗള്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പൊതുപ്രവര്‍ത്തകരായ ഹര്‍ഷ് മന്ദര്‍, അഞ്ജലി ഭരദ്വാജ് എന്നിവരാണ് ഹരജിക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."