തൊഴിലുറപ്പ്: മാസങ്ങളായി തൊഴിലാളികള്‍ക്ക് വേതനം ലഭിക്കുന്നില്ല
പേരാമ്പ്ര: തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുത്ത നൂറുകണക്കിന് തൊഴിലാളികള്‍ വേതനം ലഭിക്കാതെ ബുദ്ധിമുട്ടുന്നു. മാസങ്ങളായി വേതനം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
ഓരോ പ്രവൃത്തിയുടെയും റിപ്പോര്‍ട്ട് തയാറാക്കി പഞ്ചായത്ത് ഓവര്‍സിയര്‍ക്ക് സമര്‍പ്പിച്ച ശേഷമാണ് അടുത്ത പ്രവൃത്തിയുടെ മാസ് റോള്‍ കിട്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മാസം മുതല്‍ നേരത്തെ നടത്തിയ പ്രവൃത്തിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുന്‍പ് തന്നെ അടുത്ത പ്രവൃത്തി നടക്കുകയും മാസ് റോളില്‍ ഒപ്പുവയ്ക്കാതെ നോട്ടുബുക്കില്‍ തൊഴില്‍ ദിനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
പഞ്ചായത്തുതലത്തില്‍ നടന്ന നിരവധി പ്രവൃത്തികളുടെ ഫണ്ട് ബ്ലോക്ക് പഞ്ചായത്ത് പിടിച്ചു വച്ചതായാണ് വിവരം. തൊഴിലുറപ്പ് പ്രവൃത്തിയുടെ മാനദണ്ഡത്തില്‍ സൂചിപ്പിച്ച ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി ഒരു വിഭാഗം തൊഴിലാളികള്‍ പ്രവര്‍ത്തിച്ചതോടെ ഉയര്‍ന്ന പരാതികളും ആക്ഷേപങ്ങളും പരിഗണിച്ചതോടെയാണ് കൂലി ലഭിക്കാത്ത അവസ്ഥയുണ്ടയത്.
വേതനം ലഭിക്കാന്‍ വൈകിയതോടെ തൊഴിലാളികള്‍ ദിനംപ്രതി പഞ്ചായത്ത് ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. ഇതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ ചെയ്യേണ്ട പഞ്ചായത്തിലെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ കോണ്‍ട്രാക്ടര്‍ക്ക് നല്‍കിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് പ്രവൃത്തി നടത്തുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്ക് മാര്‍ച്ച് 31ന് തന്നെ ബില്ലെഴുതി തുക കൈമാറാന്‍ സംവിധാനമുണ്ടാക്കിയതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."