കൊല്ലത്ത് ആദിവാസി യുവാവിന് കരിമ്പനി; ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ കുളത്തൂപ്പുഴയ്ക്കടുത്തുള്ള വില്ലുമല ആദിവാസി മേഖലയിലെ 38 വയസുകാരന് കരിമ്പനി സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്.
എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. കുളത്തൂപ്പുഴ വനത്തിനോട് ചേര്‍ന്നുള്ള പ്രദേശത്ത് താമസിക്കുന്ന യുവാവ് ക്ഷീണവും വയറു വേദനയുമായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിയത്. സംശയത്തെ തുടര്‍ന്ന് ആര്‍.സി.സിയില്‍ നടത്തിയ ബോണ്‍മാരോ പരിശോധനയിലാണ് കരിമ്പനിയാണെന്ന് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ യുവാവിന് പ്രത്യേകമായി വിദഗ്ധ ചികിത്സ നല്‍കുകയും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തു.
ഉത്തരേന്ത്യയിലും മറ്റും വ്യാപകമായി കണ്ടു വരുന്ന പകര്‍ച്ചപ്പനിയാണ് കരിമ്പനി അഥവാ കാലാഅസാര്‍. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടാം. വിട്ടുമാറാത്ത പനിയോടൊപ്പം രക്തക്കുറവ്, ക്ഷീണം എന്നിവയാണ് കരിമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. മണലീച്ചകളാണ് കരിമ്പനി പരത്തുന്നത് . എന്നതിനാല്‍ അവയെ നശിപ്പിക്കുകയാണ് പ്രധാന പ്രതിരോധ മാര്‍ഗം. ഇതിന്റെ ഭാഗമായി വീടുകളില്‍ കരിമ്പനിക്ക് കാരണക്കാരായ മണലീച്ചകളെ നശിപ്പിക്കാനായി പ്രത്യേക ലായനി തളിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."