നിപാ വൈറസ്: വ്യാജവാര്‍ത്തക്ക് ജന്മഭൂമി പത്രത്തിനെതിരേ കേസ്
പേരാമ്പ്ര: നിപാ വൈറസ് ബാധ സംബന്ധിച്ച് അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം ജന്മഭൂമി പത്രത്തിനെതിരേ പെരുവണ്ണാമൂഴി പൊലിസ് കേസെടുത്തു.
വാര്‍ത്ത തയാറാക്കിയ റിപ്പോര്‍ട്ടര്‍, ചീഫ് എഡിറ്റര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. നിപാ ബാധിച്ച് മരണപ്പെട്ട സാബിത്ത്, സ്വാലിഹ് എന്നിവരുടെ മാതാവ് പന്തിരിക്കര വളച്ചുകെട്ടിയില്‍ മറിയം റൂറല്‍ എസ്.പിക്ക് നല്കിയ പരാതിയാണ് കേസിന് ആധാരം.
മെയ് 25 ലെ ജന്മഭൂമി ദിനപത്രത്തില്‍ ഒന്നാം പേജില്‍ 'നിപ എത്തിയത് മലേഷ്യയില്‍ നിന്ന്' എന്ന, തന്റെ മകന് വഴി നിപാ വൈറസ് മലേഷ്യയില്‍ നിന്നും എത്തിയതാണെന്നുള്ള അടിസ്ഥാനമില്ലാത്ത വാര്‍ത്ത നല്കി തന്നെയും കുടുംബത്തേയും സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ചാണ് മറിയം റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയത്. എസ്.പി ഈ പരാതി പെരുവണ്ണാമൂഴി പൊലിസിന് കൈമാറിയിരുന്നു. തുടര്‍ന്ന് പൊലിസ് പരാതി പേരാമ്പ്ര കോടതി മുന്‍പാകെ സമര്‍പ്പിക്കുകയും കോടതിയുടെ അനുമതിയോടെ കേസെടുക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."