വീണ്ടും ഫെഡറര്‍- നദാല്‍ ഫൈനല്‍
മയാമി: വീണ്ടും റോജര്‍ ഫെഡറര്‍- റാഫേല്‍ നദാല്‍ ഫൈനല്‍ പോരാട്ടം. മയാമി ഓപണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ മുന്‍ ലോ ഒന്നാം നമ്പര്‍ താരങ്ങളും ടെന്നീസ് കോര്‍ട്ടിലെ നിത്യ വൈരികളുമായ ഫെഡറര്‍- നദാല്‍ ഏറ്റുമുട്ടും.
സെമിയില്‍ റോജര്‍ ഫെഡറര്‍ ആസ്ത്രേലിയന്‍ കൗമാര താരം നിക്ക് കിര്‍ഗിയോസിനെ കടുത്ത പോരാട്ടത്തില്‍ അതിജീവിച്ചാണു ഫൈനലിനെത്തുന്നത്. സ്കോര്‍: 7-6 (9), 6-7 (9), 7-6 (5).
റാഫേല്‍ നദാല്‍ സെമിയില്‍ ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനിയെ പരാജയപ്പെടുത്തി. രണ്ടു സെറ്റു മാത്രം നീണ്ട പോരാട്ടത്തില്‍ അനായാസമായിരുന്നു നദാലിന്റെ മുന്നേറ്റം. സ്കോര്‍: 6-1, 7-5.
സീസണില്‍ മൂന്നാം തവണയാണു വിവിധ ടൂര്‍ണമെന്റുകളിലായി ഫെഡറര്‍- നദാല്‍ പോരാട്ടം അരങ്ങേറൊനൊരുങ്ങുന്നത്. നേരത്തെ ആസ്ത്രേലിയന്‍ ഓപണിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയ ഇരുവരും ഇന്ത്യന്‍ വെല്‍സിന്റെ നാലാം റൗണ്ടിലും നേര്‍ക്കുനേര്‍ വന്നിരുന്നു.
ആസ്ത്രേലിയന്‍ ഓപണ്‍ കിരീടവും പിന്നാലെ ഇന്ത്യന്‍സ് വെല്‍സ് കിരീടവും നേടിയ ഫെഡറര്‍ സീസണില്‍ മികച്ച ഫോമിലാണു നില്‍ക്കുന്നത്. സീസണിലെ മൂന്നാം കിരീടമാണു സ്വിസ് ഇതിഹാസം ലക്ഷ്യമിടുന്നത്. ആസ്ത്രേലിയന്‍ ഓപണ്‍ ഫൈനലില്‍ ഫെഡറര്‍ക്കു മുന്നില്‍ അടിയറവു പറഞ്ഞ നദാല്‍ ഇന്ത്യന്‍ വെല്‍സിന്റെ നാലാം റൗണ്ടിലും ഫെഡററോടു തോല്‍വി സമ്മതിച്ചു. ഈ രണ്ടു തോല്‍വികള്‍ക്കുള്ള പ്രതികാരത്തിനൊരുങ്ങിയാണു സ്പാനിഷ് താരം മയാമിയുടെ കലാശപ്പോരിനിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."