നഗരത്തിലെ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചിട്ട് ഒരുവര്‍ഷം പിന്നിടുന്നു
കൊടുങ്ങല്ലൂര്‍: വടക്കെനടയും, പൊലിസ് മൈതാനവും, റിങ് റോഡും ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലെ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചിട്ട് ഒരു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ ജൂലായ് 2 ന് സി.പി.എം.രക്തസാക്ഷിത്വ ദിനാചരണത്തിനിടയില്‍ ഉയര്‍ന്നുവന്ന സംഘര്‍ഷവും, ഇതേ തുടര്‍ന്ന് പൊലിസ് ആകാശത്തേക്ക് നടത്തിയ വെടിവെപ്പും, പൊലിസ് നിരോധനാജ്ഞയോടെയുമാണ് നഗരത്തിലെ പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും നിരോധനം വന്നത്.
ഈ സംഭവത്തെ തുടര്‍ന്ന് ക്ഷേത്രത്തിന് ചുറ്റുമുള്ള റിങ് റോഡില്‍ ജാഥകളും, പ്രകടനങ്ങളും, മറ്റ് ഘോഷയാത്രകളും നിരോധിക്കുകയും കൊടുങ്ങല്ലൂര്‍ പൊലിസ് മൈതാനിയില്‍ പൊതുയോഗങ്ങള്‍ക്കും മറ്റ് സാംസ്‌കാരിക പരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് കൊടുങ്ങല്ലൂര്‍ നഗരത്തിലെ പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും നിരോധനം വന്നത്.
ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ നഗരം കേന്ദ്രീകരിച്ചുള്ള പ്രകടനങ്ങളും, ഘോഷയാത്രകള്‍ പോലും ഒഴിവാക്കുകയാണ്. എസ്.എന്‍.ഡി.പി.യോഗത്തിന്റെ ആകര്‍ഷകമായ ചതയദിന റാലി, ശ്രീകൃഷ്ണജയന്തി ഘോഷയാത്രകള്‍, നബിദിനറാലികള്‍ തുടങ്ങി വര്‍ഷം തോറും നടന്നുവരുന്ന ഘോഷയാത്രകള്‍ക്കൊക്കെ ഇതോടെ നിറം മങ്ങുകയായിരുന്നു. നഗരത്തിലെ റിങ് റോഡുകളുടെ ഗതാഗതവും, ഇതിലെ മറ്റ് കാര്യങ്ങളും നിയന്ത്രിക്കുവാന്‍ ട്രാഫിക് റഗുലേഷന്‍ കമ്മിറ്റിക്ക് യാതൊരു അധികാരവും ഇല്ലെന്നിരിക്കെയാണ് ഇവരുടെ തീരുമാനമനുസരിച്ച് പൊലിസ് നിരോധനമേര്‍പ്പെടുത്തിയത്.
എന്നാല്‍ രാഷ്ട്രീയ സംഘടനകളുടെയും, വ്യാപാരികളുടെയും ഭാഗത്ത് നിന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വന്നില്ലെങ്കിലും ചില സാംസ്‌കാരിക സംഘടനകള്‍ ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. നിരോധനം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ചില സംഘടനകള്‍ ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുവാനുള്ള ഒരുക്കത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."