മുല്ലപ്പൂ വില 300ല്‍ നിന്ന് 80 രൂപയിലേക്ക് കൂപ്പുകുത്തി
മറയൂര്‍ (ഇടുക്കി): കേരളത്തിലേക്ക് ഏറ്റവുമധികം മുല്ലപ്പൂവ് എത്തിക്കൊണ്ടിരിക്കുന്ന തമിഴ്‌നാട്ടിലെ ദിണ്ഡിക്കല്‍ മാര്‍ക്കറ്റില്‍ വില കുത്തനെ ഇടിഞ്ഞു. കിലോ വില 300 രൂപയില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് 80 രൂപയിലേക്കാണ് വിലയിടിഞ്ഞത്.
കഴിഞ്ഞ മാസം ആഘോഷ ദിവസങ്ങളില്‍ 500 രൂപ മുതല്‍ 1500 രൂപവരെ വില ലഭിച്ചിരുന്നു. പൂക്കളുടെ ഉത്പദാനം കൂടിയതും മാര്‍ക്കറ്റിലേക്ക് ധാരാളമായി എത്തിതുടങ്ങിയതുമാണ് വിലകുറയാന്‍ കാരണമായത്.
തമിഴ്‌നാട്ടിലെ ദിണ്ഡിക്കല്‍ മാര്‍ക്കറ്റിന്റെ സമീപ പ്രദേശങ്ങളായ പഴനി, ആയക്കുടി, വത്തലഗുണ്ട്, നിലക്കോട്ട എന്നിവിടങ്ങളിലായി 1200 ഹെക്ടര്‍ പ്രദേശത്താണ് കുറ്റിമുല്ല കൃഷി ശാസ്ത്രീയമായി നടന്നു വരുന്നത്. ദിനം പ്രതി അഞ്ചു ടണ്‍ വരെ മുല്ലപ്പൂവാണ് വൈകുന്നേരം ആറുമണിമുതല്‍ മാര്‍ക്കറ്റില്‍ എത്തുന്നത്. മധുര, ട്രിച്ചി, കോയമ്പത്തൂര്‍, സേലം എന്നീ ജില്ലകളിലേക്കും കേരളം, ആന്ധ്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുമാണ് പ്രധാനമായും ഇവിടെ നിന്ന് മുല്ലപ്പൂ കയറ്റി അയക്കുന്നത്.
വേനല്‍ മഴ കൂടുതല്‍ ലഭിച്ചതിനാല്‍ മുല്ലപൂവിന്റെ ഉത്പാദനം വര്‍ധിച്ചിട്ടുണ്ട്. സുഗന്ധദ്രവ്യങ്ങളുടെ നിര്‍മാണത്തിനായി കേരളത്തിലെ ഒരു സ്ഥാപനം പ്രതിദിനം രണ്ട് ടണ്‍ മുല്ലപ്പൂ വാങ്ങാറുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. മുല്ലപ്പൂ -80 രൂപ, കനകാംബരം-30 രൂപ, ചെണ്ടുമല്ലി -40 രൂപ, സമ്പങ്ങിപൂ-30 രൂപ എന്നിങ്ങനെയാണ് ഇന്നലത്തെ വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."