പീഡന കേരളം വളരുന്നു
കേരളത്തിന്റെ വളര്‍ച്ചയെക്കുറിച്ച് പല കവികളും പല ഭാവങ്ങളില്‍ എഴുതിയിട്ടുണ്ട്്. സംസ്‌കാരത്തിലും ജീവിതരീതികളിലും സമ്പത്തിലും ജ്ഞാനത്തിലുമുള്ള വളര്‍ച്ചയെക്കുറിച്ചായിരുന്നു ആ കവി ഭാവനകളൊക്കെ. എന്നാല്‍ വര്‍ത്തമാനകാല കേരളം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് മറ്റൊരു തരം വളര്‍ച്ചയുടെ പേരിലാണ്. അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന സ്ത്രീപീഡനങ്ങളാണ് കേരളത്തെ ഇന്ന് അടയാളമിട്ടു നിര്‍ത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളിലായി ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന പെണ്‍പീഡനങ്ങളുടെ കണക്കെടുപ്പില്‍ കേരളം നാലാം സ്ഥാനത്താണെങ്കിലും പ്രതിവര്‍ഷ ലൈംഗിക കുറ്റകൃത്യങ്ങളുടെ കണക്ക് നോക്കുമ്പോള്‍ വര്‍ധനവില്‍ ഒന്നാം സ്ഥാനത്തു തന്നെയാണ്.
സ്ത്രീസുരക്ഷ തെരഞ്ഞെടുപ്പ് വിഷയമയി പ്രധാന്യം നേടിയത് ഈ അടുത്ത കാലത്താണ്. ഷൊര്‍ണൂരിലെ സൗമ്യയുടെയും പെരുമ്പാവൂരിലെ ജിഷയുടെയും മറ്റനേകം പെണ്‍കൊടികളുടെയും അനുഭവങ്ങളെ മുന്‍നിര്‍ത്തി കേരളീയ സമൂഹത്തില്‍ ശക്തിപ്രാപിച്ചുവന്ന സ്ത്രീപീഡന കേന്ദ്രിതമായ സംവാദങ്ങളുടെയും നവമാധ്യമ പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സ്ത്രീ സുരക്ഷയെ ഒരു വാഗ്ദാനമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഉയര്‍ത്തിക്കാട്ടേണ്ടി വന്നത്. തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തില്‍ വന്ന ഇടതു മുന്നണിയില്‍ കേരളത്തിലെ സ്ത്രീകള്‍ വലിയ വിശ്വാസം അര്‍പ്പിക്കുകയും ചെയ്തു. രാഷ്ട്രീയ രംഗത്ത് ആര്‍ജവമുള്ള ഒരു മുഖ്യമന്ത്രി തന്നെ ആഭ്യന്തരം കയ്യാളുന്നതുകൊണ്ട ് കേരളത്തിലെ സ്ത്രീസുരക്ഷയില്‍ ജനങ്ങളില്‍ പലര്‍ക്കും സംശയം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കേരളത്തിന്റെ അവസ്ഥ മറ്റൊന്നാണ്. ദിനപത്രങ്ങളും ദൃശ്യമാധ്യമങ്ങളും നവമാധ്യമങ്ങളും ഒരുപോലെ നിറഞ്ഞുകവിഞ്ഞ് പീഡനവാര്‍ത്തകള്‍ കേരളത്തെ മൂടിയിരിക്കുന്നു. ഒന്നോ രണ്ടോ സ്ഥലപ്പേരുകളില്‍നിന്നും പെണ്‍പേരുകളില്‍നിന്നും പീഡനവാര്‍ത്തകള്‍ പേരറിയാത്ത അനേകം ജന്മങ്ങളുടെ നിലവിളിയായി പടര്‍ന്നിരിക്കുന്നു.
എറണാകുളം പോലെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളുളള ഒരു നഗരമധ്യത്തില്‍വച്ചാണ് അറിയപ്പെടുന്ന ഒരു സിനിമാനടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. ആ സംഭവത്തിന്റെ ചുരുളുകള്‍ ഇപ്പോഴും നിവരാതെ ചുരുണ്ടുതന്നെ കിടക്കുകയാണ്. അതിനു മുന്‍പും ശേഷവുമായി പലതരത്തിലുള്ള പീഡനങ്ങള്‍ കേരളത്തില്‍ അരങ്ങേറി. വീട്ടമ്മമാരും വിദ്യാര്‍ഥികളും അധ്യാപികമാരും യുവതികളും മധ്യവയസ്‌കരും പടുവൃദ്ധരും ആക്രമിക്കപ്പെട്ടു. യുവപൂജാരിയാല്‍ ലൈംഗിക പീഡനത്തിനിരയായ അറുപത് കഴിഞ്ഞ വൃദ്ധയെക്കുറിച്ചും നാല് വയസുതികയാത്ത പിഞ്ചുപൈതലിനെ ആക്രമിച്ച അറുപതുകാരനെക്കുറിച്ചുമൊക്കെ വാര്‍ത്തകള്‍ വന്നു.
ഇക്കാര്യത്തില്‍ പ്രശ്‌നമോ പ്രതിബന്ധമോ അല്ലെന്ന വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങിയതും നീങ്ങിക്കൊണ്ടിരിക്കുന്നതും. വാളയാറില്‍ പതിമൂന്നും ഒമ്പതും വയസായ രണ്ട ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തനിലയില്‍ കാണപ്പെട്ടതിനു പിന്നിലുള്ളതും തുടര്‍ച്ചയായ പീഡനമാണെന്ന് ആദ്യം സംശയിക്കപ്പെടുകയും പിന്നീട് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. ഈ സംഭവത്തിന്റെ അന്വേഷണങ്ങള്‍ക്കിടയിലാണ് സംസ്ഥാനത്തെ പൊലിസ് അധികൃതര്‍ മറ്റു ചില സമാനതകളിലും യാഥാര്‍ഥ്യങ്ങളിലും ചെന്നെത്തുന്നത്. സംസ്ഥാനത്ത് ആത്മഹത്യകള്‍ എന്ന നിലയില്‍ ഇതുവരെയും അവതരിപ്പിക്കപ്പെട്ടുവന്ന മരണങ്ങളില്‍ ചിലത് ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കൊലപാതകങ്ങളായിരുന്നെങ്കില്‍ മറ്റു ചിലത് പീഡനാഘാതങ്ങളെത്തുടര്‍ന്നുള്ള ജീവിതമവസാനിപ്പിക്കലുകളായിരുന്നുവെന്നത് കേരള മനസാക്ഷിയെ നടുക്കിയിരിക്കുന്നു.
കഴിഞ്ഞ ആറു മാസത്തിനിടയില്‍ ഇത്തരത്തില്‍ 16 ആത്മഹത്യാ കേസുകളില്‍ പീഡനം കാരണമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വേറിട്ടു മനസ്സിലാക്കുകയുണ്ടായി. അതേസമയം 15 വയസ്സില്‍ താഴെയുള്ള മുപ്പതിലധികം പെണ്‍കുട്ടികള്‍ക്കും സംഭവിച്ച അകാലമൃത്യു കൊലപാതകമോ അതോ ശരിയായ ആത്മഹത്യ തന്നെയോ? അവയില്‍ ലൈംഗികപീഡനങ്ങള്‍ക്കുള്ള പങ്കാളിത്തം എത്രമാത്രമാണ്? എന്നിങ്ങനെയുള്ള പല വിവരങ്ങളും ഇനിയും പുറത്തുവരേണ്ടതായിട്ടാണുള്ളത്.
കൊച്ചു കുട്ടികള്‍ക്കെതിരായ ആക്രമണങ്ങള്‍
നാലു വയസുകാരിക്കുണ്ടായ അനുഭവത്തേക്കാള്‍ ഞെട്ടിക്കുന്നതായിരുന്നു രണ്ടര വയസുകാരിയുടെ അനുഭവം. മദ്യാസക്തിക്ക് പേരുകേട്ട കേരളത്തിലെ ഒരു പ്രദേശത്ത് വീട്ടില്‍ വിരുന്നുവന്ന യുവാവ് രാത്രി ഏഴ് മാസം പ്രായമായ പെണ്‍കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്നത് കണ്ട അമ്മ നിലവിളിച്ചതുകൊണ്ടാണ് കുഞ്ഞ് രക്ഷപ്പെട്ടത്. ചെറിയ കുട്ടികളോടുള്ള ലൈംഗികാസക്തി കേരളത്തിലെ ഇടത്തരം പ്രായക്കാരില്‍ വര്‍ധിച്ചുവരികയാണെന്നു പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പീഡനങ്ങളുടെ പെരുമഴക്കാലത്ത് ഓരോ സംഭവത്തെയും സൂക്ഷ്മമായി അപഗ്രഥിക്കാനുള്ള സൗകര്യമോ, തിടുക്കമോ, ചുമതലാബോധമോ ഒന്നും അധികൃതരുടെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാവുന്നതുമല്ല. എന്നാല്‍ ജുവൈനല്‍ ജസ്റ്റിസ് നിയമങ്ങളനുസരിച്ചുള്ള സംരക്ഷണങ്ങള്‍ പ്രായക്കുറവുള്ള പ്രതികള്‍ക്ക് മറ്റെല്ലാ കുറ്റകൃത്യങ്ങളില്‍ എന്നപോലെ ലൈംഗിക കുറ്റകൃത്യങ്ങളിലും ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ നിയമവും മനശാസ്ത്രവും അധികൃതരുമൊക്കെ കുഴപ്പത്തിലാകുന്ന പലതരം സങ്കീര്‍ണതകളും ഈ സംഭവവികാസങ്ങള്‍ക്കുള്ളിലുണ്ട്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."