മൂന്ന് മിനിക്കഥകള്‍
ചരമവാര്‍ത്ത
റോഡ് മുറിച്ചുകടക്കവേയാണ് ഫെയ്‌സ്ബുക്കില്‍ സുഹൃത്തിന്റെ അച്ഛന്റെ ചരമവാര്‍ത്ത അവന്‍ ശ്രദ്ധിച്ചത്.
പിന്നൊന്നും ആലോചിച്ചില്ല കമന്റ് ബോക്‌സില്‍ നൂറാമത്തെ അനുശോചനം അവന്‍ രേഖപ്പെടുത്തി.
പാഞ്ഞുവന്ന ആംബുലന്‍സ് സെക്കന്റുകള്‍ക്കുള്ളില്‍ അവനെ അടുത്ത ഫെയ്‌സ്ബുക്ക് പോസ്റ്റാക്കി.
വഴിവിളക്ക്
ബിവറേജിലെ നീണ്ട ക്യൂവിനൊടുവില്‍ കൈയില്‍ കിട്ടിയപാടെ സന്തോഷത്തോടെ അയാള്‍ രണ്ടുകവിള്‍ മോന്തി.
ഈ ഭൂലോകത്തോടുള്ള സര്‍വ അരിശവും റോഡില്‍ വാരിവിതറി വീട്ടിലേക്ക് നടക്കവേയാണ് ഇലക്ഷന് മുന്‍പ് നന്നാക്കിയതില്‍ ഇപ്പോഴും പ്രകാശിക്കുന്ന പോസ്റ്റിലെ ഒരേയൊരു ബള്‍ബില്‍ അയാളുടെ കണ്ണുടക്കിയത്.
പിന്നീട് മുന്നും പിന്നും നോക്കിയില്ല, സര്‍ക്കാരിനോടുള്ള ദേഷ്യം ബള്‍ബ് എറിഞ്ഞുടച്ച് ആഘോഷിക്കവേ ഇരുട്ടില്‍ സാമൂഹികവിരുദ്ധരെ തെറിവിളിക്കാനും അയാള്‍ മറന്നില്ല.
ഫാദേഴ്‌സ് ഡേ
വൃദ്ധസദനത്തിന്റെ പടിക്കെട്ടുകള്‍ കയറവേ മകന്‍ വരുന്ന സന്തോഷം അച്ഛന്‍ മറ്റുള്ളവരുമായി പങ്കിടുന്നത് അവന്‍ കേട്ടു.
കയ്യിലുണ്ടായിരുന്ന പൊതികള്‍ കട്ടിലിന്റെ തലക്കല്‍ ഒതുക്കിവെച്ചു കൊണ്ട് അച്ഛനെ ചേര്‍ത്തുപിടിച്ച് ഒരു സെല്‍ഫിയങ്ങ് കാച്ചി.
പിന്നൊരു നിമിഷംപോലും കളയാതെ അതെടുത്ത് ഫെയ്‌സ്ബുക്കിലിട്ട് അവന്‍ അടിക്കുറിപ്പും കൊടുത്തു
'ഹാപ്പി ഫാദേഴ്‌സ് ഡേ'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."