യുവാക്കള്‍ താമസിച്ചിരുന്ന വീട് അഞ്ചംഗസംഘം അടിച്ചു തകര്‍ത്തു
പേരൂര്‍ക്കട: റേഡിയോ ഉച്ചത്തില്‍ വച്ചുവെന്ന് ആരോപിച്ച് വീട്ടിലെത്തിയ 5 പേര്‍ ഉള്‍പ്പെട്ട സംഘം യുവാക്കളെ മര്‍ദിക്കുകയും ഇവര്‍ താമസിച്ചിരുന്ന വീട് അടിച്ചു തകര്‍ക്കുകയും ചെയ്തു.
കുമാരപുരം പൂന്തി റോഡില്‍ വാടകയ്ക്ക് താമസിച്ചുവരുന്ന പോത്തന്‍കോട് സ്വദേശികളായ രാജേഷ്്, മനീഷ്, വിപിന്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇതില്‍ യുവാക്കളില്‍ ഒരാളായ രാജേഷിന്റെ കണ്ണിന് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. അംഗവൈകല്യമുള്ള വിപിനും ഗുരുതരമായി പരുക്കേറ്റു. വെട്ടുകത്തികൊണ്ടുള്ള ആക്രമണത്തിലാണ് രാജേഷിന്റെ കണ്ണിന് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ നിന്ന് റേഡിയോയുടെ ശബ്ദം ഉച്ചത്തിലായതിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം ചോദ്യം ചെയ്തു.
ഇതോടെ വാക്കുതര്‍ക്കം തുടങ്ങി. പ്രകോപിതരായ സംഘം യുവാക്കളെ വീടിനുള്ളില്‍ക്കയറി മര്‍ദിക്കുകയും വീട് അടിച്ചു തകര്‍ക്കുകയുമായിരുന്നു. വീടിന്റെ ഉടമ ഷീബയാണ്. ഇവരുടെ ഇരുനിലവീടിന്റെ രണ്ടുനിലകളിലുമായി വാടകയ്ക്ക് ആള്‍ക്കാര്‍ താമസിച്ചുവരുന്നുണ്ട്. വീട് തകര്‍ക്കപ്പെട്ടതറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് പ്രതികളെ പിടികൂടിയില്ലെന്നും പരുക്കേറ്റ യുവാക്കളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി എന്നും ആരോപണമുണ്ട്.
എന്നാല്‍ എസ്.ഐ ഗിരിലാല്‍ ഇതു നിഷേധിച്ചു. സംഭവം നടന്നപ്പോള്‍ തന്നെ പൊലിസ് സ്ഥലത്തെത്തിയെന്നും 5 ഓളം പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും എസ്.ഐ വ്യക്തമാക്കി. മെഡിക്കല്‍കോളജ് വാര്‍ഡ് കൗണ്‍സിലര്‍ സിന്ധുവിന്റെ ഭര്‍ത്താവിനെക്കൂടാതെ ഒരു ബ്രാഞ്ച് സെക്രട്ടറിയും പ്രതിപ്പട്ടികയില്‍ ഉണ്ട്. ഇവര്‍ മദ്യപിച്ചിരുന്നതായി പൊലുസ് പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്ന് ഭീഷണിയുള്ളതായി അറിയുന്നു.
കേസെടുത്ത പൊലിസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ രാത്രികാലങ്ങളില്‍ സ്ഥലവാസികളല്ലാത്ത ആളുകള്‍ ഇവിടെ തമ്പടിക്കുന്നുണ്ട്. ഇതിനെതിരേ പൊലിസ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."