നൈപുണ്യശേഷി വര്‍ധിപ്പിച്ച് മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം: മന്ത്രി
തിരുവനന്തപുരം: നൈപുണ്യശേഷി വര്‍ധിപ്പിച്ച് മനുഷ്യവിഭവശേഷി പരമാവധി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് (കെയ്‌സ്) തയാറാക്കിയ സ്റ്റേറ്റ് ജോബ് പോര്‍ട്ടലിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയതും ഉയര്‍ന്നുവരുന്നതുമായ മേഖലകളില്‍ വ്യവസായസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. ഇതിന്റെ സാധ്യതകള്‍ സംബന്ധിച്ച് പ്രത്യേക പഠനം നടത്തും. ദേശീയതലത്തില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായപങ്കാളികളുമായി ചേര്‍ന്ന് യഥാര്‍ഥ തൊഴില്‍പരിതസ്ഥിതിയിലുള്ള വ്യാവസായിക ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം പ്രവര്‍ത്തനസജ്ജമാക്കാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തൊഴില്‍ ദാതാക്കളെയും തൊഴിലന്വേഷകരെയും ഈ മേഖലയിലെ ഇതര സേവനദാതാക്കളെയും ഒരേ കുടക്കീഴിലെത്തിക്കുന്ന ജോബ് പോര്‍ട്ടല്‍ ഏറെ പ്രയോജനകരമാകും. രണ്ടു ഘട്ടങ്ങളിലായാണ് പോര്‍ട്ടല്‍ പൂര്‍ത്തിയാക്കുന്നത്. തൊഴില്‍ ദാതാക്കളുടെയും തൊഴിലന്വേഷകരുടെയും രജിസ്‌ട്രേഷന്‍, തൊഴിലന്വേഷണം, തൊഴില്‍ അപേക്ഷ, തൊഴില്‍ തെരഞ്ഞെടുക്കല്‍ പ്രക്രിയ, തൊഴില്‍മേളകള്‍, ലിന്‍ക്ഡ്ഇന്‍ ഏകീകരണം വഴി രാജ്യത്തിനകത്തും വിദേശത്തുമുള്ള തൊഴിലവസരങ്ങള്‍ തുടങ്ങിയ പ്രക്രിയകളാണ് ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടാം ഘട്ടത്തോടെ പോര്‍ട്ടല്‍ പൂര്‍ണതോതില്‍ സജ്ജമാകുമെന്നു മന്ത്രി പറഞ്ഞു.
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെയ്‌സ്) മാനേജിങ് ഡയറക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമനും ലിങ്ക്ഡ്ഇന്‍ ഇന്ത്യ മേധാവി സെറാജ് സിംഗും ധാരണപത്രം ഒപ്പു വച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍, കെയ്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സി.പ്രതാപ്‌മോഹന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."