കോന്നിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച ആറ് പ്രവര്‍ത്തകരെ സി.പി.എം പുറത്താക്കി
തിരുവല്ല: പത്തനംതിട്ട കോന്നി തണ്ണിത്തോട്ടില്‍ കൊവിഡ് -19 നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച ആറ് സി.പി.എം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെ മുഖ്യമന്ത്രി തളളിപ്പറഞ്ഞതിന് പിന്നാലെയാണ് ആറ് പേരെയും സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പത്രക്കുറിപ്പിറക്കിയത്.
പെണ്‍കുട്ടിയുടെ വീടിന് നേരെയുണ്ടായ കല്ലേറും ആക്രമണവും മനുഷ്യത്വരഹിതമായ പ്രവര്‍ത്തനമാണെന്ന് പ്രസ്താവനയില്‍ സെക്രട്ടറി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രാജേഷ്, അശോകന്‍, അജേഷ്, സനല്‍, നവീന്‍, ജിന്‍സണ്‍ എന്നിവരെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ സെക്രട്ടറി അറിയിച്ചു.
കോയമ്പത്തൂരില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ 17നാണ് നാട്ടിലെത്തിയത് തുടര്‍ന്ന് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ പിതാവ് നാട്ടില്‍ കറങ്ങി നടക്കുന്നുവെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ ഭീഷിണി മുഴക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥിനി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് വീടിനു നേരെ ആക്രമണവുണ്ടായത്. സംഭവത്തില്‍ തണ്ണിത്തോട് പൊലിസ് മൂന്നുപേരെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതിനെതിരെ യു.ഡി.എഫ് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."