സര്‍ക്കാര്‍ വീണ്ടും കുടിപ്പിക്കും
കുന്നംകുളം: സംസ്ഥാനപാതയില്‍ നിന്നും 500 മീറ്റര്‍ ദൂരത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്യ വില്‍പനശാലകള്‍ക്ക് പൂട്ട് വീണതോടെ നിര്‍ത്തിവച്ച കുന്നംകുളത്തെ മദ്യ വില്‍പനശാല പോര്‍ക്കുളം പഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. അകതിയൂരില്‍ പൂട്ടി കിടന്നിരുന്ന ആദ്യ കാല പ്രിന്റിംഗ് പ്രസ്സിലാണ് മദ്യവില്‍പനശാല ആരംഭിച്ചത്.
കുന്നംകുളത്തിനടുത്തുള്ള ചിറളയം, പുതുശ്ശേരി, തെക്കെപുറം തുടങ്ങിയ മേഖലകളില്‍ മദ്യശാല ആരംഭിക്കുമെന്നായിരുന്നു പ്രചാരണം. ഇതിനെ തുടര്‍ന്ന് മാസങ്ങളായി ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളും, നാട്ടുകാരും സമരത്തിലായിരുന്നു. അപ്രതീക്ഷിതമായി അകതിയൂരില്‍ മദ്യശാല ആരംഭിച്ചതറിഞ്ഞ് ആദ്യം ഞെട്ടിയത് സമരക്കാരാണ്.
ഉച്ചക്ക് രണ്ട് മണിക്ക് ആദ്യ ബില്ലടിച്ച് വില്‍പന തുടങ്ങിയ ശേഷമാണ് പരിസരവാസികള്‍ പോലും സംഭവമറിഞ്ഞ്. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധമെത്തി. പുറകെ ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രവര്‍ത്തകരും സ്ഥലത്തെത്തി.
മദ്യ വില്‍പനശാലക്ക് മുന്നില്‍ രണ്ട് ഭാഗങ്ങളിലായി സമരം തുടര്‍ന്നപ്പോള്‍ സമരക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുമോ എന്ന അവസ്ഥയിലായി. തുടര്‍ന്ന് പൊലിസ് ഇടപെട്ടു സമരക്കാരുടെ കൊടിമാറ്റിവപ്പിച്ചു. പിന്നീട് സമരം സംയുക്തമായി.
ഇതിനിടെ മദ്യശാലയിലെ പ്രവര്‍ത്തനം തടസ്സപെടുത്താന്‍ ശ്രമിച്ച ആറോളം പ്രദേശവാസികളെ പൊലിസ് അറസ്റ്റ് ചെയ്തു. മേഖലയില്‍ മദ്യശാല അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.
മദ്യശാല വരുന്നത് സംബന്ധിച്ച് പഞ്ചായത്ത് ഭരണ സമിതിക്ക് പോലും അറിവുണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. എന്നാല്‍ മദ്യ വില്‍പനശാലക്ക് പൊലിസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശമുണ്ടെന്നും, വില്‍പന ആരംഭിച്ചതിനാല്‍ ഇനി ഇവിടെ നിന്നും മാറ്റേണ്ട സാഹചര്യമുണ്ടാകില്ലെന്നും അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി ചിറളയത്തും, മാസങ്ങളായി പുതുശ്ശേരിയിലും നാട്ടുകാരുടെ നേതൃത്വത്തില്‍ നടന്നുവന്ന സമരത്തിന് ഇതോടെ വിരാമമായി. പക്ഷെ കുന്നംകുളത്തെ മികച്ച പ്രകൃതി സൗന്ദര്യ മേഖലയായ കലശമലക്കടുത്ത് മദ്യ വില്‍പനശാല ആരംഭിച്ചതോടെ മേഖലയില്‍ കടുത്ത ആശങ്ക നിലനില്‍ക്കുകയാണ്. പഞ്ചായത്ത് ഭരണ സമിതി സി.പി.എം നേതൃത്വമാണെന്നിരിക്കെ സര്‍ക്കാര്‍ നയത്തിനെതിരേ പരസ്യമായി രംഗത്ത് വരേണ്ട സാഹചര്യമാണ് പഞ്ചായത്ത് ഭരണ സമിതിക്ക്. ഇത്തരം വില്‍പനശാല നടത്താന്‍ പഞ്ചായത്ത് അനുമതി വേണ്ടെന്നാണ് പറയുന്നത്.
പക്ഷെ നാട്ടുകാര്‍ പഞ്ചായത്ത് ഭരണസമതിക്കെതിരെയാണ് വിഷയത്തില്‍ പരസ്യമായി പ്രതിഷേധമുയര്‍ത്തുന്നത്. അത് കൊണ്ട് തന്നെ വരും ദിവസങ്ങളില്‍ നാട്ടുകാര്‍ക്ക് മുന്നില്‍ തങ്ങളുടെ നിസഹായത ബോധ്യപെടുത്തേണ്ട പണിയായിരിക്കും പഞ്ചായത്തിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."