ഭീതിയൊഴിഞ്ഞ് മെഡിക്കല്‍ കോളജ്
ചേവായൂര്‍: നിപാ വൈറസ് നിയന്ത്രണ വിധേയമായതോടെ മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനങ്ങളും സാധാരണ നിലയിലേക്ക്.ചികിത്സതേടി ആശുപത്രിയില്‍ രോഗികള്‍ പഴയതുപോലെ വന്നുതുടങ്ങിയിട്ടില്ലെങ്കിലും അത്യാഹിത വിഭാഗത്തിലും ഒ.പിയിലും നേരിയ തോതില്‍ രോഗികള്‍ എത്തിത്തുടങ്ങി. അതേസമയം ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രോഗികളില്‍ നിപാബാധിതരല്ലെന്ന് കണ്ടെത്തിയവരെ വാര്‍ഡുകളിലേക്കു മാറ്റിത്തുടങ്ങി.
ഭീതിയുടെ നാളുകളില്‍ നിന്നൊഴിഞ്ഞ് പതിയെ പൂര്‍വസ്ഥിതിയിലേക്ക് മാറുകയാണ് മെഡിക്കല്‍ കോളജ്. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ശ്രദ്ധാകേന്ദ്രം കോഴിക്കോട് മെഡിക്കല്‍ കോളജ് ആയിരുന്നു. പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയില്‍ സ്വാലിഹ് എന്ന യുവാവ് മെയ് 18ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചതോടെ നിപാ വൈറസ് ഭീതി അതിരില്ലാതെ വ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും നഴ്സുമാരും ജീവനക്കാരുമടങ്ങുന്ന മെഡിക്കല്‍ സംഘത്തിന് വിശ്രമമില്ലാത്ത രാപ്പകലുകളാണ് കഴിഞ്ഞുപോയത്. പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും മരണസംഖ്യയും വര്‍ധിച്ചു.
ശക്തമായ നിലപാടിലൂടെയും നിര്‍ദേശങ്ങളിലൂടെയും ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിഞ്ഞതാണ് മെഡിക്കല്‍ കോളജിനെ വളരെ പെട്ടന്ന് പൂര്‍വസ്ഥിതിയിലാക്കാന്‍ സഹായിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."