എടത്തല പൊലിസ് മര്‍ദ്ദനം: ഉസ്മാന്‍ പൊലിസിനോട് തട്ടിക്കയറിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എടത്തലയിലെ പൊലിസ് മര്‍ദ്ദനത്തിന് ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മര്‍ദ്ദനമേറ്റ ഉസ്മാനാണ് പൊലിസുകാരോട് ആദ്യം തട്ടിക്കയറിയതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഉസ്മാന്‍ പൊലിസ് ഡ്രൈവറെ ദേഹോപദ്രവം ഏല്‍പിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലിസുകാര്‍ക്കെതിരെ നടപടിയെടുത്തതായും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.
ചൊവ്വാഴ്ച എടത്തല കുഞ്ചാട്ടുകരയില്‍ പൊലിസ് വാഹനം ബൈക്കില്‍ ഇടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ബൈക്ക് യാത്രികന്റെ ക്രൂരമര്‍ദനത്തില്‍ കലാശിച്ചത്. സംഭവസ്ഥലത്ത് വച്ചും കാറിലും സ്‌റ്റേഷനിലെത്തിച്ചും മര്‍ദിച്ചതായാണ് പരാതി. സ്റ്റേഷനില്‍ മറ്റൊരു പൊലിസുകാരനും മര്‍ദിച്ചതായി പറയുന്നു.
സംഭവം വിവാദമായതോടെ പൊലിസുകാര്‍ക്കെതിരെ നടപടിയെടുത്തു. ഐ.ജി വിജയ് സാക്കറെയുടെ നിര്‍ദേശപ്രകാരം ആലുവ റൂറല്‍ എസ്.പി രാഹുല്‍ ആര്‍.നായരാണ് എ.എസ്.ഐ ഉള്‍പ്പെടെയുള്ളവരെ കളമശേരി എ.ആര്‍ ക്യാംപിലേക്ക് സ്ഥലംമാറ്റിയത്. പ്രിന്‍സിപ്പല്‍ എസ്.ഐ ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. എ.എസ്.ഐമാരായ പുഷ്പരാജ്, ഇന്ദുചൂഢന്‍, സീനിയര്‍ സി.പി.ഒ ജലീല്‍, പൊലിസ് ഡ്രൈവര്‍ അഫ്‌സല്‍ എന്നിവരെയാണ് മാറ്റിയത്. ഇന്ദുചൂഢനും എസ്.ഐ ജി.അരുണിനുമെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
പുഷ്പരാജ്, ജലീല്‍, അഫ്‌സല്‍ എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരേയും അന്യായതടങ്കലിനും കൈയേറ്റം ചെയ്ത് മുറിവേല്‍പ്പിച്ചതിനും ക്രിമിനല്‍ കേസെടുത്തതായി ആലുവ ഡിവൈ.എസ്.പി കെ.ബി.പ്രഫുല്ലചന്ദ്രന്‍ പറഞ്ഞു.
അതിക്രമത്തിനിരയായ എടത്തല കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന്റെ പരുക്ക് ഗുരുതരമാണ്. ഇടിയേറ്റ് കവിളെല്ല് പൊട്ടി ഉള്ളിലേക്കു പോയിട്ടുണ്ട്. താടിയെല്ലിനും നട്ടെല്ലിനും ക്ഷതമുണ്ട്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഉസ്മാനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."