ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി സി.പി.എമ്മിന്റെ കൊയ്ത്തുത്സവം
പങ്കെടുത്തത് 200 പേര്
ശാസ്താംകോട്ട(കൊല്ലം): ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി 200ല്‍ അധികം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൊയ്ത്തുത്സവം വിവാദമായി. പഞ്ചായത്ത് പ്രസിഡന്റും ത്രിതല പഞ്ചായത്തംഗങ്ങളും നേതാക്കളും ആള്‍ക്കൂട്ടത്തിനൊപ്പം കൂടുയതോടെ സംഭവം അറിഞ്ഞെത്തിയ ശൂരനാട് സി.ഐ അടക്കമുള്ള പൊലിസ് സംഘവും നടപടിയെടുക്കാതെ കാഴ്ചക്കാരായി. പോരുവഴി പഞ്ചായത്തിന്റെ തരിശ് രഹിത പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയ മലനട വീട്ടിനാല്‍ ഏലായില്‍ ഇന്നലെയാണ് സംഭവം. ഡി.വൈ.എഫ്.ഐ പോരുവഴി പടിഞ്ഞാറ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങളില്‍ കൊയ്ത്തുത്സവത്തിനായി സംഘടിച്ചെത്തിയത്.
സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആളുകള്‍ കൂട്ടത്തോടെ പാടത്തേക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ ഉദ്ഘാടന മാമാങ്കം കഴിഞ്ഞതോടെ നേതാക്കള്‍ കൊയ്ത്ത് ഉപേക്ഷിച്ച് സ്ഥലം വിടുകയും ചെയ്തു. പൂര്‍ണമായും സര്‍ക്കാര്‍ ചെലവില്‍ നടത്തിയ കൃഷിയുടെ വിളവെടുപ്പാണ് ഡി.വൈ.എഫ്.ഐ സ്വന്തം പേരിലാക്കിയത്. പാടത്ത് പാര്‍ട്ടിയുടെ കൊടിയും നാട്ടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 70 പേര്‍ക്കെതിരേ കേസെടുത്തതായും സി.പി.എം ലോക്കല്‍ സെക്രട്ടറി അടക്കമുള്ള പത്ത് പേരെ അറസ്റ്റ് ചെയ്തതായും ശൂരനാട് സി.ഐ ഫിറോസ്, എസ്.ഐ ശ്രീജിത്ത് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."