വാണിയമ്പലം ഓട്ടോ സ്റ്റാന്‍ഡ്; വൈസ് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരേ പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത്
വണ്ടൂര്‍: വാണിയമ്പലം ഓട്ടോ സ്റ്റാന്‍ഡ് വിഷയത്തില്‍ വണ്ടൂരില്‍ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും കൊമ്പുകോര്‍ക്കുന്നു. തനിക്കെതിരായ ആരോപണം തെളിയിക്കാന്‍ വൈസ് പ്രസിഡന്റ് തയാറാകണമെന്നും അല്ലെങ്കില്‍ മാന നഷ്ടത്തിന് കേസുകൊടുക്കുമെന്നും പ്രസിഡന്റ് റോഷ്‌നി കെ. ബാബു പറഞ്ഞു.വാണിയമ്പലം ഓട്ടോ സ്റ്റാന്‍ഡ് വിഷയത്തില്‍ സ്വകാര്യ കെട്ടിടമുടമയെ സഹായിക്കുന്നത് ആരാണെന്ന് നാട്ടുകാര്‍ക്ക് മൊത്തം അറിയാവുന്ന കാര്യമാണെന്നും ജനങ്ങള്‍ക്ക് മുന്‍പില്‍ അപഹാസ്യരായതോടെയാണ് മുസ്‌ലിം ലീഗ് തനിക്കെതിരെ ഇല്ലാത്ത ആരോപണങ്ങളുമായി രംഗത്തെത്തിയതെന്നും പ്രസിഡന്റ് ആരോപിച്ചു. വാണിയമ്പലം ഓട്ടോ സ്റ്റാന്‍ഡ് വിഷയത്തില്‍ മെയ് 14 നാണ് പഞ്ചായത്തില്‍ പരാതി ലഭിക്കുന്നത്. പരാതി പ്രസിഡന്റിന് മാത്രമാണ് എന്നുള്ള കാര്യം വാസ്തവ വിരുദ്ധമാണ്. സെക്രട്ടറിക്ക് കൂടിയുള്ള പരാതിയായതിനാലാണ് ഇതില്‍ നിയമോപദേശം തേടണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടത്. വൈസ് പ്രസിഡന്റും സെക്രട്ടറിയും ഒത്തുകളിച്ചാണ് അജണ്ട, ഭരണ സമിതി യോഗത്തില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ ചീത്തപ്പേരുണ്ടാക്കാന്‍ കാരണം നിലവിലെ പഞ്ചായത്ത് സെക്രട്ടറിയാണ്. വാണിയമ്പലത്ത് പരാതിയുള്ള സ്ഥലത്ത് ഓട്ടോ സ്റ്റാന്‍ഡ് ഇല്ലെന്ന് കോടതിയെ രേഖാമൂലം സെക്രട്ടറിയാണ് അറിയിച്ചത്. ഭരണ സമിതിയോടോ പ്രസിഡന്റിനോടോ ചോദിക്കാതെ ചില വ്യക്തികളെ കൂട്ടുപിടിച്ചാണ് സെക്രട്ടറി ഇത് ചെയ്തത്. സെക്രട്ടറിയെ മാറ്റണമെന്നാണ് തന്റെ ആവശ്യം. എന്നാല്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടയുള്ളവര്‍ സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മുസ്‌ലിം ലീഗ് മുന്നണി മര്യാദ ലംഘിച്ചത് യു.ഡി. എഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."