ഭരണപരിഷ്‌കാര കമ്മിഷന്‍ പിരിച്ചുവിടണം
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ അടിയന്തരമായി ചെലവുചുരുക്കുന്നതിന് സ്വീകരിക്കേണ്ട 15 ഇന നിര്‍ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു.
ഭരണപരിഷ്‌കാര കമ്മിഷന്‍ പിരിച്ചുവിടണമെന്നതാണ് പ്രധാന നിര്‍ദേശം. കൂടാതെ വന്‍ ശമ്പളത്തില്‍ കിഫ്ബിയില്‍ നിയമിച്ച ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനൊപ്പം 12 കോടി ചെലവില്‍ നടക്കുന്ന കിഫ്ബി ബോധവല്‍ക്കരണ പരിപാടികളും നിര്‍ത്തണം. അധികമായി അനുവദിച്ച ക്യാബിനറ്റ് പദവിക്ക് തുല്യമായ എല്ലാ തസ്തികകളും ഒഴിവാക്കണം. വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ ഉപദേശകരെയെല്ലാം ഒഴിവാക്കുകയോ അല്ലെങ്കില്‍ പ്രതിഫലം കൂടാതെ വഹിക്കുന്ന തസ്തികകളില്‍ തുടരാന്‍ അനുവദിക്കുകയോ ചെയ്യണം.
നവോഥാന സമുച്ചയം നിര്‍മിക്കാന്‍ അനുവദിച്ച 700 കോടി രൂപ കൊവിഡ് ഫണ്ടിലേക്ക് മാറ്റണം. കേസ് നടത്തിപ്പിനായി വന്‍തുക നല്‍കി സുപ്രിംകോടതി അഭിഭാഷകരെ വരുത്തുന്നത് അവസാനിപ്പിക്കണം. സര്‍ക്കാര്‍ ആഘോഷപരിപാടികള്‍, അനാവശ്യ ചെലവുവരുന്ന കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍ എന്നിവ നിര്‍ത്തലാക്കണം. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അത്യന്താപേക്ഷിതമല്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കുകയും ഉദ്യോഗസ്ഥരുടെ ആഭ്യന്തരയാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണം.
പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുകയും വേണം. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടക്കുന്ന ധൂര്‍ത്തും അനാവശ്യ മോടിപിടിപ്പിക്കലും നിര്‍ത്തണം. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റും സമൂഹമാധ്യമങ്ങളും പരിപാലിക്കുന്നതിന് നല്‍കിയിരിക്കുന്ന 4.32 കോടിയുടെ പുറംകരാര്‍ റദ്ദ് ചെയ്ത് ചമുതല പി.ആര്‍.ഡിയെ ഏല്‍പ്പിക്കണം. അനാവശ്യമായ ഓഫിസ് മോടിപിടിപ്പിക്കലും വാങ്ങലുകളും ഒഴിവാക്കണം.
കാലാവധി കഴിഞ്ഞും പ്രവര്‍ത്തിച്ചുവരുന്ന എല്ലാ കമ്മിഷനുകളും പിരിച്ചുവിടണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പ്രതിപക്ഷ നേതാവ് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."