വെള്ളാറിലെ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടി; പ്രദേശവാസികള്‍ക്ക് ആശ്വാസം
കോവളം: തിക്കും തിരക്കും അപകടങ്ങളും ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വെള്ളാര്‍ നിവാസികള്‍. ദേശീയ പാതയോരത്ത് മദ്യശാലകള്‍ വേണ്ടെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വെള്ളാറിലെ ബിവറേജസ് ഔട്ട്‌ലെറ്റിനും താഴു വീണു. നേരത്തെ സമീപത്തെ മറ്റൊരു കെട്ടിടത്തിലായിരുന്ന ഔട്ട്‌ലെറ്റ് റോഡ് സൈഡിലെ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് എട്ടുവര്‍ഷത്തോളമായതായി നാട്ടുകാര്‍ പറയുന്നു. അന്നു മുതല്‍ വെള്ളാറില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായി. മുപ്പതോളം ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. ഇരുപതിലേറെ പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചുട്ടുണ്ട്. നൂറിലധികം പേര്‍ക്കു പരുക്കേറ്റു. സാധനം വാങ്ങാന്‍ പാഞ്ഞെത്തുന്നവരായിരുന്നു അപകടങ്ങളധികവും ഉണ്ടാക്കിയിരുന്നത്.
നഗരത്തില്‍ നിന്നും കോവളത്തേക്കു വരുമ്പോള്‍ കോവളം എത്തുന്നതിന് തൊട്ട്മുമ്പുള്ള പ്രധാന ജങ്ഷനാണ് വെള്ളാര്‍. മദ്യപന്മാരുടെ ഇഷ്ട കേന്ദ്രമായിരുന്നു ഇവിടം. വൈകിട്ട് ആറുമണിയായാല്‍ ഇവിടെ ഓട്ടോകളുടെ പൂരമായിരുന്നു. പിന്നീട് മറ്റു സവാരികള്‍ക്ക് ഓട്ടോ ലഭിക്കില്ല. സാധാനം വാങ്ങി നല്‍കാനും, ഔട്ട്‌ലെറ്റില്‍ കൊണ്ടുവിടാനും, മദ്യപന്മാരെ വീട്ടിലാക്കാനും ഓട്ടോ ഡ്രൈവര്‍മാര്‍ പരസ്പരും മത്സരമായിരുന്നുവത്രേ. ഇന്നലെ ഔട്ടലെറ്റ് അടച്ചതോടെ അങ്കലാപ്പിലായത് കുടിയന്‍മാര്‍ മാത്രമല്ല കുടിയന്‍മാരെ ഊറ്റി കാശുണ്ടാക്കിയിരുന്ന ഇവര്‍ കൂടിയായിരുന്നു. ഇന്നലെ ഔട്ടലെറ്റ് പൂട്ടിയതറിയാതെ എത്തിയവരുടെ ചങ്കു പിളര്‍ന്നു..! പലരും താഴുവീണ കെട്ടിടത്തിനു മുന്നില്‍ നിന്ന് വിരഹഗാനം ആലപിച്ചാണ് പിരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."