കണ്ടു പഠിക്കണം.., കര്‍ണാടകത്തെ..!
കര്‍ണാടകയില്‍ നിന്നു കാസര്‍കോടേക്കും തിരിച്ചും ഇരു സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ വണ്ടികള്‍ സര്‍വിസ് നടത്തുന്നുണ്ട്. പക്ഷെ കേരളത്തിലെ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അത്യാധുനിക ബസുകള്‍ നിരത്തിലിറക്കി പണം കൊയ്യുമ്പോള്‍ കേരള സര്‍ക്കാര്‍ പഴഞ്ചന്‍ മലബാര്‍ ബസുകളാണ് നിരത്തിലിറക്കുന്നത്. കര്‍ണാടക ബസുകളോട് മത്സരിക്കാന്‍ പറ്റുന്ന രീതിയിലുള്ള ബസുകള്‍ നമുക്കുണ്ടെങ്കിലും തിരുവനന്തപുരം തൊട്ടു വീതം വച്ചെത്തുമ്പോള്‍ കാസര്‍കോട് അവഗണിക്കപ്പെടുകയാണ്. ഇതുകാരണം യാത്രക്കാര്‍ കര്‍ണാടകയിലേക്കു പോകുന്നതിനും തിരിച്ചുവരുന്നതിനും കര്‍ണാടക വണ്ടികള്‍ക്കുവേണ്ടി കാത്തുനില്‍ക്കുന്നത് ബസ് സ്റ്റാന്റുകളിലെ പതിവു കാഴ്ചയാണ്. കര്‍ണാടകയിലേക്ക് സര്‍വിസ് നടത്തുന്ന കേരളത്തിലെ വിരലിലെണ്ണാവുന്ന ബസുകളെങ്കിലും അത്യാധുനികമാക്കിയാല്‍ കെ.എസ്.ആര്‍.ടി.സിയുടെ കാസര്‍കോട് ഡിപ്പോയെങ്കിലും ലാഭത്തിലായേനെ.
രാജകീയം കര്‍ണാടക ബസുകള്‍
കാസര്‍കോട്: കര്‍ണാടകയില്‍ നിന്നു കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോടേക്കും തിരിച്ചും സര്‍വിസ് നടത്തുന്ന കര്‍ണാടക എസ്.ആര്‍.ടി.സി ബസുകളുടെ രാജകീയ പ്രൗഢി ഒന്നു കാണേണ്ടതു തന്നെയാണ്. 45 ബസുകളാണ് കര്‍ണാടകയില്‍ നിന്നു കാസര്‍കോടേക്കും തിരിച്ചും സര്‍വിസ് നടത്തുന്നത്. കര്‍ണാടക ബസുകളുടെ പുറം മോടി കണ്ടാല്‍ തന്നെ ബസുകളില്‍ അറിയാതെ കയറിപ്പോകും.
കര്‍ണാടകയിലെ ബംഗളൂരുവിലേക്കും മംഗലാപുരത്തേക്കും സുബ്രഹ്മണ്യത്തേക്കും പുത്തൂരിലേക്കുമെല്ലാം ഇരുസംസ്ഥാനങ്ങളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. എന്നാല്‍ സൗകര്യത്തിലും സംവിധാനത്തിലും വലിയ പ്രൗഢിയുള്ള കര്‍ണാടക ബസുകളില്‍ കയറാന്‍ യാത്രക്കാരുടെ തിക്കും തിരക്കുമാണ്.
യാത്രക്കാരെ ആകര്‍ഷിക്കാനുള്ള ബസുകളുടെ പുറംമോടിയുടെ സൗന്ദര്യം പോലെ തന്നെ ബസിനകത്തും നിരവധി സൗകര്യങ്ങളുണ്ട്. എല്ലാ ബസുകള്‍ക്കും ഗ്ലാസ് വിന്‍ഡോകളുടെ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.
മഴ പെയ്താല്‍ ഒരു തുള്ളി വെള്ളം പോലും ബസിനകത്തെത്തില്ല. ചോര്‍ച്ചയുള്ള ഒരൊറ്റ ബസ്സും കര്‍ണാടകയില്‍ നിന്നു കേരളത്തിലേക്കു വരുന്നില്ല. അത്യാധുനിക കുഷ്യന്‍ സീറ്റുകളാണ് മുഴുവന്‍ ബസുകളിലും. അല്‍പ്പം പോലും കിറീയതോ മുഷിഞ്ഞതോ ആയ സീറ്റുകള്‍ ഇല്ലെന്നു തന്നെ പറയാം. ടിക്കറ്റ് നിരക്കില്‍ കേരളത്തെക്കാള്‍ ഒരു രൂപ കുറവുമുണ്ട്.
ഇതൊന്നും കൂടാതെ യാത്രക്കാരെ കുത്തിക്കയറ്റി യാത്ര ചെയ്യിക്കുന്ന കേരളത്തിലെ സ്ഥിരം പരിപാടിയോടും കര്‍ണാടക എസ്.ആര്‍.ടി.സി അധികൃതര്‍ക്കു താല്‍പര്യമില്ല. യാത്രക്കാര്‍ നിന്നു കൊണ്ടു യാത്രചെയ്യുന്നത് കര്‍ണാടക ബസ് ജീവനക്കാര്‍ പ്രോത്സാഹിപ്പിക്കുകയുമില്ല. അനുവദിച്ച സ്റ്റോപ്പുകളില്‍ മാത്രമേ നിര്‍ത്തുകയുള്ളൂവെന്നു മാത്രമല്ല യാത്രക്കാര്‍ക്കു നല്‍കാനുള്ള ചില്ലറ കൃത്യമായി നല്‍കാനും കര്‍ണാടക എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ കാസര്‍കോടു വരെയുള്ള കര്‍ണാടക ബസുകളുടെ വരുമാനം ഇത്തരം സംവിധാനങ്ങള്‍ കൊണ്ടു തന്നെ കേരളത്തിന്റേതിനെക്കാള്‍ ഇരട്ടിയാണ്. ബസുകളിലെ വൃത്തിയും വെടിപ്പും ജീവനക്കാരുടെ പെരുമാറ്റവും കേരളീയരായ യാത്രക്കാരെ ആകര്‍ഷിക്കുന്നു. കേടുപാടു സംഭവിച്ച ഒരൊറ്റ ബസും കര്‍ണാടക അതിര്‍ത്തി കടത്തില്ലെന്നതും കര്‍ണാടകയ്ക്ക് ചിട്ടയുള്ള കാര്യമാണ്.
പെട്ടിക്കട പോലെ കേരളാ ബസുകള്‍
കാസര്‍കോട്: നിരത്തു വക്കില്‍ നിര്‍ത്തിയിട്ടാല്‍ പെട്ടിക്കട തോറ്റുപോകുന്ന തരത്തിലുള്ളതാണ് കര്‍ണാടകയിലേക്കും തിരിച്ചും സര്‍വിസ് നടത്തുന്ന കേരളത്തിലെ എസ്.ആര്‍.ടി.സി ബസുകളുടെ അവസ്ഥ. കര്‍ണാടക എസ്.ആര്‍.ടി.സി പ്രൗഢഗംഭീര ബസുകളുമായി നിരത്തു കീഴടക്കുമ്പോള്‍ കേരളം പഴഞ്ചനായ 51 മലബാര്‍ ബസുകളുമായാണ് ഇവയോട് മത്സരിക്കുന്നത്.
കാസര്‍കോട് ഡിപ്പോയില്‍ നിന്ന് സര്‍വിസ് നടത്തുന്ന ഈ ബസുകള്‍ കണ്ടാല്‍ തന്നെ യാത്രക്കാര്‍ അകന്നുപോകുന്നത് പതിവാണ്. ബംഗളൂരുവിലേക്കും മംഗളൂരുവിലേക്കുമായി 36 മലബാര്‍ ബസുകളാണ് സര്‍വിസ് നടത്തുന്നത്.
കര്‍ണാടകയിലെ പുത്തൂരിലേക്കും സുള്ള്യയിലേക്കും ആറു വീതവും തീര്‍ഥാടന കേന്ദ്രമായ സുബ്രഹ്മണ്യത്തേക്ക് ഒന്നും മലബാര്‍ ബസുകളാണ് സര്‍വിസ് നടത്തുന്നത്. മുഴുവന്‍ കേരള ബസ്സുകളുടെ വിന്‍ഡോകളും പ്ലാസ്റ്റിക് ഷെല്‍ട്ടറുകളാണ്. ഇതു തന്നെ പഴകിയതിനാല്‍ മഴ വന്നാല്‍ വെള്ളം ഇരച്ച് അകത്തെത്തുന്ന നിലയിലാണ്. പല ബസുകളും ചോര്‍ന്നൊലിക്കുന്നുമുണ്ട്. ബസുകള്‍ വഴിയിലാവുന്നതും പതിവാണ്.
കര്‍ണാടക ബസുകളെക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ബസുകള്‍ കേരളം ഓടിക്കുന്നുണ്ടെങ്കിലും വരുമാനത്തിന്റെ കാര്യത്തില്‍ കര്‍ണാടകത്തെക്കാള്‍ തീരെ താഴെയാണ്. 51 ബസുകള്‍ സര്‍വിസ് നടത്തുന്നതില്‍ ചിലതു മിക്കപ്പോഴും കട്ടപ്പുറത്താണ്. അതുകൊണ്ടു തന്നെ കേരളാ ബസുകളെ ആശ്രയിക്കുന്നതില്‍ നിന്നു യാത്രക്കാര്‍ വിട്ടു നില്‍ക്കുന്നു.
മലബാര്‍ ബസിന്റെ പഴഞ്ചന്‍ ബോഡിയും അകത്തെ വൃത്തിയില്ലായ്മയും യാത്രക്കാരെ അകറ്റുകയാണ്. ഇതിനെല്ലാം അപവാദമായി മൂന്നു സ്‌കാനിയ ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ടെങ്കിലും അതിന്റെ സര്‍വിസ് തോന്നിയ പടിയാണ്. മംഗളൂരുവിലെ ആശുപത്രികളിലേക്കും ബംഗളുരുവിലേക്കും അതിര്‍ത്തി പ്രദേശങ്ങളിലേക്കും കേരളത്തില്‍ നിന്നു ദിനംപ്രതി നിരവധി യാത്രക്കാരുള്ളതാണ്. അതു കൃത്യമായി മുതലാക്കാന്‍ കേരളാ എസ്.ആര്‍.ടി.സിക്ക് കഴിയാതിരിക്കുമ്പോള്‍ അവിടെ കര്‍ണാടകക്കാര്‍ മിടുക്കരാവുകയാണ്.
കര്‍ണാടക-കാസര്‍കോട് സര്‍വിസില്‍ ഏറ്റവും കൂടുതല്‍ യാത്രചെയ്യുന്നത് മലയാളികളാണെന്നുള്ള യാഥാര്‍ഥ്യത്തിനിടയ്ക്കാണ് കേരളം യാത്രക്കാരോടു കാണിക്കുന്ന നീതികേട് ബോധ്യപ്പെടുക. 51 ബസുകള്‍ കേരള എസ്.ആര്‍.ടി.സി കാസര്‍കോട് നിന്നു കര്‍ണാടകത്തിലേക്കോടിക്കുമ്പോള്‍ അധിക തുക വാങ്ങി നിരവധി സ്വകാര്യ ബസുകളും സര്‍വിസ് നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."